'ആട്' എന്ന ജനപ്രിയ ചിത്രത്തില്‍ ഷാജി പാപ്പന്റെ ചേട്ടന്റെ മകളായ റേയ്ച്ചല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയയായ നടി ആതിര പട്ടേല്‍ വിവാഹിതയാകുന്നു. പാലക്കാട് സ്വദേശിയായ ആനന്ദ് ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മംഗളകരമായി നടന്നു. സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരും സഹപ്രവര്‍ത്തകരും താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
കര്‍ണാടക സ്വദേശിയായ അരവിന്ദന്റെയും മലയാളിയായ ഹേനയുടെയും മകളായി ഇരിങ്ങാലക്കുടയിലാണ് ആതിര ജനിച്ചത്. അച്ഛന്‍ അരവിന്ദന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനാണ്. ഇരിങ്ങാലക്കുട എസ്.എന്‍ സ്‌കൂളില്‍ നിന്നും പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ താരം, ബെംഗളൂരു ആപ്ടെകില്‍ നിന്നും ഏവിയേഷന്‍ ഡിപ്ലോമയും, വയനാട് ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നിന്നും ബിരുദവും നേടിയിട്ടുണ്ട്. ആദിത്യ പട്ടേല്‍ ആണ് ഏക സഹോദരന്‍.
കലാരംഗവുമായി ഏറെ അടുപ്പമുള്ള കുടുംബപശ്ചാത്തലമാണ് ആതിരയുടേത്. അമ്മയുടെ മുത്തശ്ശനും പഴയകാല നാടക-സിനിമാ നടനുമായിരുന്ന എം.എസ്. നമ്പൂതിരിയില്‍ നിന്നാണ് കുടുംബത്തിലെ അഭിനയ പാരമ്പര്യം തുടങ്ങുന്നത്. ആതിരയുടെ അച്ഛന്‍ അരവിന്ദനും അമ്മ ഹേനയും അഭിനയരംഗത്ത് സജീവമാണ്. കൂടാതെ, നാലാം വയസ്സ് മുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന ആതിര മികച്ചൊരു നര്‍ത്തകി കൂടിയാണ്.
ഹ്രസ്വചിത്രങ്ങളിലൂടെയാണ് ആതിര തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. കുടുംബസുഹൃത്തായ ജിജോയ് വഴിയാണ് ആദ്യ സിനിമയായ 'ഇഷ്ടി'യിലേക്ക് അവസരം ലഭിക്കുന്നത്. സംസ്‌കൃത ഭാഷയിലൊരുങ്ങിയ ഈ ചിത്രത്തില്‍ അന്തരിച്ച പ്രശസ്ത നടന്‍ നെടുമുടി വേണുവിന്റെ മൂന്നാം ഭാര്യയുടെ വേഷമാണ് ആതിര കൈകാര്യം ചെയ്തത്. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടര്‍ന്ന് 'അങ്കമാലി ഡയറീസ്', 'സണ്‍ഡേ ഹോളിഡേ', 'ഭൂതകാലം', 'കോണ്ടസ്സ' തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. സൂപ്പര്‍ഹിറ്റ് ചിത്രം 'വില്ലനില്‍' മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ജോഡികളുടെ മകളായും താരം തിളങ്ങി. 'ആട് 2', 'ആട് 3' എന്നീ ചിത്രങ്ങളിലും റേയ്ച്ചല്‍ എന്ന കഥാപാത്രമായി ആതിര വീണ്ടുമെത്തി. 'ആന്‍ക്‌സൈറ്റി അശോക്' ആണ് നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ പ്രോജക്ട്.