Latest News

'ഒരു പാവം പെണ്‍കുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റി; നാണംകെട്ട കഥകള്‍ വേറെ വരാനുണ്ട്; 'വുമണ്‍ കാര്‍ഡ്' പറഞ്ഞ് ഇനിയും കടിച്ചുതൂങ്ങാന്‍ നില്‍ക്കരുത്: സ്ത്രീകള്‍ സംഘടിച്ച് 'അമ്മ' ഓഫീസിലേക്ക് വരും'; ശ്വേതാ മേനോനെതിരെ സത്യാഗ്രഹ സമര ഭീഷണിയുമായി നടി ഉഷ 

Malayalilife
'ഒരു പാവം പെണ്‍കുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റി; നാണംകെട്ട കഥകള്‍ വേറെ വരാനുണ്ട്; 'വുമണ്‍ കാര്‍ഡ്' പറഞ്ഞ് ഇനിയും കടിച്ചുതൂങ്ങാന്‍ നില്‍ക്കരുത്: സ്ത്രീകള്‍ സംഘടിച്ച് 'അമ്മ' ഓഫീസിലേക്ക് വരും'; ശ്വേതാ മേനോനെതിരെ സത്യാഗ്രഹ സമര ഭീഷണിയുമായി നടി ഉഷ 

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ (AMMA) ഭരണസമിതിയുടെ രാജിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പൊട്ടിത്തെറിയിലേക്ക്. താന്‍ ഇപ്പോഴും 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്ന നടി ശ്വേതാ മേനോന്റെ വെളിപ്പെടുത്തലിന് പിന്നാലെ, രൂക്ഷമായ വിമര്‍ശനവും സമര മുന്നറിയിപ്പുമായി നടി ഉഷ ഹസീന രംഗത്തെത്തി. സ്ഥാനമൊഴിയാതെ ഭരണസമിതിയില്‍ കടിച്ചുതൂങ്ങാനാണ് ശ്വേതയുടെയും സംഘത്തിന്റെയും ഉദ്ദേശ്യമെങ്കില്‍, സംഘടനയിലെ സ്ത്രീകള്‍ ഒന്നിച്ച് സംഘടിച്ച് 'അമ്മ'യുടെ കൊച്ചിയിലെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം ഇരിക്കുമെന്ന് ഉഷ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി. കേവലം പത്തു മാസം കൊണ്ട് തന്നെ അത്രമാത്രം നാണംകെട്ട കഥകളാണ് സംഘടനയ്ക്കുള്ളില്‍ നിന്ന് പുറത്തുവന്നതെന്നും തങ്ങള്‍ക്ക് സംഘടനയുടെ നിലനില്‍പ്പാണ് പ്രധാനമെന്നും ഉഷ വ്യക്തമാക്കി. 

ഭരണസമിതി ഒഴിഞ്ഞിട്ടില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജനറല്‍ ബോഡിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഉഷ ഹസീന പരസ്യമാക്കി. യോഗത്തില്‍ ശരിയായ കണക്കുകളും റിപ്പോര്‍ട്ടുകളും അവതരിപ്പിക്കാന്‍ ഭരണസമിതിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ജനറല്‍ ബോഡി ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു. നിലവിലെ ഭരണസമിതി തുടരണമെന്നുള്ളവര്‍ കൈപൊക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആകെ 17-18 പേര്‍ മാത്രമാണ് അനുകൂലിച്ചത്. എന്നാല്‍ തുടരേണ്ടതില്ല എന്ന നിലപാടില്‍ ഭൂരിപക്ഷം അംഗങ്ങളും ഒന്നല്ല, രണ്ടു വട്ടമാണ് കൈപൊക്കി എതിര്‍പ്പ് രേഖപ്പെടുത്തിയത്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടിയതോടെ, 'ഞാനും എന്റെ ടീമും രാജിവെക്കുന്നു' എന്ന് ശ്വേതാ മേനോന്‍ രണ്ടുതവണ വ്യക്തമാക്കിയതാണ്.

 തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ നില്‍ക്കാതെ, സംഘടനയുടെ പ്രാഥമിക അംഗത്വം കൂടി രാജിവെക്കുകയാണെന്നും ഇനി കോടതിയിലും മാധ്യമങ്ങളിലും കാണാമെന്നും പറഞ്ഞ് ജനറല്‍ ബോഡിയില്‍ നിന്നും മാധ്യമങ്ങള്‍ക്ക് മുന്നിലേക്കും ഇറങ്ങിപ്പോയ ആള്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് ഉഷ ചൂണ്ടിക്കാട്ടി.  മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ കമ്മിറ്റി രാജിവെച്ചതുപോലെയുള്ള സാഹചര്യമായിരുന്നില്ല ഇതെന്നും, ഒരു ഭരണസമിതി മുഴുവന്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി നില്‍ക്കുകയായിരുന്നുവെന്നും ഉഷ ഓര്‍മ്മിപ്പിച്ചു. ദയവുചെയ്ത് ഇനിയും 'വുമണ്‍ കാര്‍ഡ്' ഇറക്കി ആനുകൂല്യം നേടാന്‍ നോക്കരുത്. ഒരു പാവം പെണ്‍കുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച ചരിത്രമാണ് ഈ കമ്മിറ്റിക്കുള്ളത്. അതുകൊണ്ടുതന്നെ വുമണ്‍ കാര്‍ഡ് പറയാന്‍ ഈ ഭരണസമിതിക്ക് യാതൊരു യോഗ്യതയുമില്ല. സംഘടനയെ തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ലെന്നും ഉഷ ഹസീന കടുത്ത ഭാഷയില്‍ കുറിച്ചു. അതേസമയം, തന്റെ നിരപരാധിത്വം തെളിയിക്കാതെ 'അമ്മ'യുടെ പടിയിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ശ്വേതാ മേനോന്‍. 

താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 'അമ്മ'യെ അനാഥമാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയ ശ്വേത, സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഭാരവാഹികള്‍ രാജിവെക്കണമെന്ന കൃത്യമായ അജണ്ടയോടെയാണ് ചിലര്‍ ജനറല്‍ ബോഡിക്ക് എത്തിയത്. 'അമ്മ'യുടെ ബൈലോ പ്രകാരം 'അഡ്ഹോക്ക് കമ്മിറ്റി' എന്നൊരു സംവിധാനമില്ല. ഒരു കമ്മിറ്റി പൂര്‍ണ്ണമായി രാജിവെച്ചാലും പുതിയ തിരഞ്ഞെടുപ്പ് നടന്ന് അടുത്ത ഭരണസമിതി ചുമതലയേല്‍ക്കുന്നത് വരെ പഴയ കമ്മിറ്റി തന്നെ നിയമപരമായി തുടരണമെന്നാണ് വ്യവസ്ഥ. മുന്‍പ് മോഹന്‍ലാലിന്റെ കമ്മിറ്റിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശ്വേത വ്യക്തമാക്കുകയുണ്ടായി. 

അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം രമേഷ് പിഷാരടിയും കെ.ബി. ഗണേഷ് കുമാറും മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുന്‍ ഭരണസമിതി അംഗങ്ങള്‍ ആരും ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന വിവരം പുറത്തുവന്നത്. ജനറല്‍ ബോഡി താല്ക്കാലിക ഭരണത്തിനായി നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലേക്ക് എം.എല്‍.എ കൂടിയായ രമേഷ് പിഷാരടിയെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ മുന്‍ കമ്മിറ്റി ഔദ്യോഗികമായി രാജിക്കത്ത് കൈമാറാത്തതിനാലും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് ശ്വേത പ്രഖ്യാപിച്ചതിനാലും ഈ അഡ്ഹോക്ക് കമ്മിറ്റിയുടെ നിലനില്‍പ്പ് ഇപ്പോള്‍ നിയമപരമായ പ്രതിസന്ധിയിലാണ്. ഭാരവാഹികളുടെ മാറ്റത്തെച്ചൊല്ലി 'അമ്മ' സംഘടനയ്ക്കുള്ളില്‍ രൂപപ്പെട്ട പരസ്യമായ ചേരിപ്പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരങ്ങളിലേക്ക് വഴിമാറുമെന്നാണ് സൂചനകള്‍.

actress usha talks about amma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES