താരസംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ ഭിന്നതയും ചേരിപ്പോരും രൂക്ഷമാകുന്നതിനിടെ, സംഘടനയിലെ പ്രമുഖ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ശ്വേത മേനോന്‍ രംഗത്തെത്തി. നടന്‍ രമേഷ് പിഷാരടിയുമായി ശ്വേത നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സംഘടനയ്ക്കുള്ളില്‍ നടന്ന ആഭ്യന്തര തര്‍ക്കങ്ങളും തനിക്കെതിരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളും അവര്‍ വെളിപ്പെടുത്തിയത്.
സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ സിദ്ദീഖ്, ബാബുരാജ് എന്നിവരടങ്ങുന്ന സംഘം തന്നെ ഹീനമായ രീതിയില്‍ അവഹേളിച്ചതായി ശ്വേത ആരോപിക്കുന്നു. യോഗത്തില്‍ മറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ പോലും തനിക്ക് അനുവാദം നല്‍കിയില്ല. മീറ്റിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ബാബുരാജ്, സിദ്ദിഖ്, മാലാ പാര്‍വതി, സുരേഷ് കൃഷ്ണ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തനിക്കെതിരെ അസഭ്യവര്‍ഷവും അശ്ലീല പരാമര്‍ശങ്ങളും ഉണ്ടായതായി താരം വ്യക്തമാക്കുന്നു.
മറ്റൊരു സ്ത്രീക്കും കേട്ടുനില്‍ക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ഇവരില്‍ നിന്നുണ്ടായത്. തനിക്ക് ഇതൊക്കെ കേട്ടുനില്‍ക്കാന്‍ വലിയ തൊലിക്കട്ടി ഉണ്ടായിട്ടല്ലെന്നും, മറിച്ച് 'അമ്മ' എന്ന സംഘടനയുടെ അന്തസ്സിനെക്കുറിച്ച് ആലോചിച്ചാണ് അതെല്ലാം സഹിച്ചതെന്നും ശ്വേത ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ശ്വേതയുടെ തീരുമാനം. താന്‍ ബിജെപിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച ബാബുരാജിനെ കോടതിയില്‍ കാണുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനുപുറമേ, ബാബുരാജ് ഭാരവാഹിത്വം വഹിച്ചിരുന്ന കാലയളവിലെ വരവ് ചെലവ് കണക്കുകളില്‍ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ശ്വേത ആരോപിക്കുന്നു.
യോഗത്തിനിടെ തങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ശ്രമിച്ച കൊല്ലം തുളസി, മല്ലികാ സുകുമാരന്‍ എന്നിവരുടെ കൈകളില്‍ നിന്ന് മൈക്ക് ബലമായി പിടിച്ചുവാങ്ങിയെന്നും, അനൂപ് ചന്ദ്രന്‍ സംസാരിക്കാന്‍ മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ശ്വേത വെളിപ്പെടുത്തുന്നുണ്ട്. അമ്മയുടെ നിലവിലെ നിയമാവലി അനുസരിച്ച് 'അഡ്ഹോക്ക് കമ്മിറ്റി' എന്നൊരു സംവിധാനമില്ലെന്നും, നിയമപരമായി ഇപ്പോഴത്തെ ഭരണസമിതി തന്നെയാണ് നിലവിലുള്ളതെന്നും ശ്വേത ഓര്‍മ്മിപ്പിക്കുന്നു. സംഘടനയില്‍ നിന്ന് രാജിവെക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും, സംഘടനയ്ക്കുള്ളില്‍ തന്നെ തുടര്‍ന്നുകൊണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ശ്രമിക്കുന്നതെന്നും ശ്വേത സൂചന നല്‍കുന്നു.
എന്നാല്‍, സംഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് നിരപരാധിത്വം തെളിയിക്കുക എന്നത് പ്രായോഗികമല്ലെന്നും, അതിനായി പദവികള്‍ രാജിവെക്കുകയാണ് വേണ്ടതെന്നുമാണ് രമേഷ് പിഷാരടി ശ്വേതയ്ക്ക് നല്‍കുന്ന മറുപടി. 'അമ്മ' സംഘടനയ്ക്കുള്ളില്‍ പല കാര്യങ്ങളും 'ബാര്‍ട്ടര്‍' (ബാഹ്യമായ കൊടുക്കല്‍ വാങ്ങലുകള്‍) സംവിധാനത്തിലാണ് നടന്നിരുന്നതെന്ന് പിഷാരടി ചൂണ്ടിക്കാണിക്കുന്നു. അസോസിയേഷന്റെ വരവ് ചെലവ് കണക്കുകള്‍ വിശദമായി പരിശോധിക്കുകയാണെങ്കില്‍, ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത തരത്തിലുള്ള ഗുരുതരമായ പല ക്രമക്കേടുകളും അതില്‍ കണ്ടെത്താന്‍ സാധിക്കുമെന്നും രമേഷ് പിഷാരടി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.