Latest News

മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വയ്ക്കരുത്; വിലാപയാത്ര പാടില്ല; മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് വരെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കി; പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കി; രണ്ടു ദിവസം ദുഖാചരണം; വിഖ്യാത സാഹിത്യകാരന്റെ സംസ്‌കാരം ഇന്ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍

Malayalilife
മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വയ്ക്കരുത്; വിലാപയാത്ര പാടില്ല; മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് വരെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കി; പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കി; രണ്ടു ദിവസം ദുഖാചരണം; വിഖ്യാത സാഹിത്യകാരന്റെ സംസ്‌കാരം ഇന്ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍

ന്തരിച്ച വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു. ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വ്യാഴാഴ്ച വൈകിട്ട് നാല് വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. 

ബുധനാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു എം.ടിയുടെ അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു മരണം. കഫക്കെട്ടും ശ്വാസതടസ്സവും വര്‍ധിച്ചതിനെത്തുടര്‍ന്നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നുമടക്കം മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് വരെ എംടി വാസുദേവന്‍ നായര്‍ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനാലാണ് പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കിയത്. 

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളായി. എന്നാല്‍ യന്ത്ര സഹായമില്ലാതെ ശ്വസിക്കാനാവുന്ന നിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ കിഡ്നിയുടെയും ഹൃദയത്തിന്റെയും നില പെട്ടെന്ന് വഷളായി. ഇതോടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യന്‍. ചവിട്ടി നില്‍ക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കി കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. 

മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്. ആ പേനയില്‍ നിന്ന് 'ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍' ഉതിര്‍ന്ന് ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടി. 'നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്ക് പറയാനറിയാം. 

ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല' - എന്ന് എം.ടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ത്ഥവത്താണ്. അത് ജീവിതം കൊണ്ട് തെളിഞ്ഞതുമാണ്. മനുഷ്യനേയും മനുഷ്യനേയും ചേര്‍ത്ത് നിര്‍ത്തിയ സ്‌നേഹ സ്പര്‍ശമായിരുന്നു എം.ടി . അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ കണ്‍മുന്നില്‍ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്‌ക്കരിച്ച, ആത്മസംഘര്‍ഷങ്ങളും സങ്കടചുഴികളും നഷ്ട്ടപ്പെടലിന്റെ വേദനയും ആഹ്ളാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നു.

mt vasudevan nair homage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES