തീയേറ്ററുകളില്‍ ഇന്ന് കാലന്റെ വിളയാട്ടമായിരുന്നു. ഷൈലേക്ക് എന്ന ലോകം കണ്ട വട്ടി പലിശക്കാരനായിയെത്തിയ മമ്മൂട്ടി മാസ് രംഗങ്ങളിലൂടെ ആരാധകരെ ഇളക്കി മറിച്ചു. വലിയ കാമ്പുള്ള കഥയല്ല സിനിമയ്ക്കെങ്കില്‍ പോലും മാസ് രംഗങ്ങള്‍ കൊണ്ടും ചിത്രത്തിലെ ബിജിഎം കൊണ്ടും നല്ല രീതിയില്‍ ക്യാമറ കൈകാര്യം ചെയ്തത് കൊണ്ടും സിനിമയ്ക്ക് നല്ല പ്രേക്ഷക പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഓരോ ആഴ്ച വ്യത്യാസത്തിലാണ് മലയാളത്തിലെ താരരാജാക്കന്മാരുടെ സിനിമകള്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ ചിത്രമായ ബിഗ്ബ്രദറും, ഈ ആഴ്ച ഇക്കയുടെ ഷൈലോക്കുമാണ് എത്തിയത്. എന്നാല്‍ തിയേറ്ററുകളില്‍ വലിയ തിരക്ക് സൃഷ്ടിച്ച് എത്തിയ ബിഗ്ബ്രദറിന് ഉണ്ടാക്കാന്‍ കഴിയാതിരുന്ന ഓളം വലിയ റഷ് ഇല്ലാതെയെത്തിയ മമ്മൂട്ടി ചിത്രമായ ഷൈലോക്കിന് ഉണ്ടാക്കാന്‍ സാധിച്ചു. അനീഷ് ഹമീദും, ബിബിന്‍ മോഹനും ചേര്‍ന്ന് കഥയൊരുക്കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവ് ആണ്. ഗുഡ്വില്‍ എന്റെര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ബൈജു സന്തോഷ്, ഹരീഷ് കണാരന്‍ ,സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, രാജ് കിരണ്‍, മീന, ബിബിന്‍ ജോര്‍ജ്, ജോണ്‍ വിജയ്, ഹരീഷ് പേരടി, അര്‍ത്ഥന എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെല്ലാം അവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ സിദ്ദീഖും കലാഭവന്‍ ഷാജോണും ചിത്രത്തെ മുഷിപ്പിക്കാതെ കൊണ്ടുപോയി. ഇക്കയുടെ സന്തതസഹചാരിയായി നടക്കുന്ന ബൈജു സന്തോഷിന്റെയും ഹരീഷ് കണാരന്റെയും കഥാപാത്രങ്ങളും ചിത്രത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളാണ്.
ടൈറ്റിലിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന കഥാപാത്രത്തെ തന്നെയാണ് ഇക്കയ്ക്ക് ഷൈലോക്കിലൂടെ കിട്ടിയിരിക്കുന്നത്. ഷൈലോക്ക് എന്ന ബോസായിട്ടാണ് താരം സിനിമയില്‍ എത്തുന്നത്. ഇതുവരെയും ഇക്ക ചെയ്തുകൊണ്ടിരുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അല്ലെങ്കില്‍ ഇക്ക ഇതുവരെ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ള രീതിയലല്ല ഇത്തവണ പ്രേക്ഷകര്‍ക്ക് സിനിമ സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി തനി മാസും സെക്കന്റ് ഹാഫ് കുറച്ച് സെന്റിമെന്റെല്‍ ടച്ച് ഉള്ളതുമാണ്. ആദ്യ ഹാഫ് ആരാധകര്‍ക്ക് ആര്‍പ്പ് വിളിക്കുവാനും അര്‍മാദിക്കാനും വകയുള്ളതാണെന്ന് ചുരുക്കം. സിനിമയില്‍ ഇക്ക തനി വില്ലനാണ്. ഒരു കണ്ണീച്ചോരയും ഇല്ലാത്ത വട്ടിപ്പലിശക്കാരന്‍. അതുകൊണ്ട് തന്നെയാണ് ലോകം കണ്ട ഏറ്റവും വലിയ ക്രൂരനായ പലിശക്കാരനായ ഷൈലോക്ക് എന്ന പേരിനോട് ഇക്കയുടെ കഥാപാത്രം നീതി പുലര്‍ത്തിയെന്ന് മുന്‍കൂട്ടി തന്നെ പറഞ്ഞത്.
ഏറെ നാളത്തെ കാത്തിരിപ്പിനും സിനിമയുടെ ടീസറും മറ്റും ഉണ്ടാക്കിയ ഹൈപ്പിനും ശേഷം എത്തിയ ചിത്രം മേശമായില്ല എന്ന് പറയാം. പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിനിമ കഴിയും വരെ നിലനിന്ന ആരവം. ഇക്ക പ്രേമികള്‍ക്ക് സിനിമ പെരുത്ത് അങ്ങോട് ബോധിച്ചു എന്നുള്ളതിന്റെ തെളിവാണ് പടം കാണുമ്പോഴും കണ്ടിറങ്ങുമ്പോഴുമുള്ള അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.
ഈ സിനിമയെക്കുറിച്ച് പറയുമ്പോള്‍ സിനിമയുടെ തുടക്കം മുതല്‍ പറയണം. ഇക്കയെ പാര്‍ട്ട് പാര്‍ട്ടായും കൂളിങ് ഗ്ലാസ് ആയും ഗോപിസുന്ദറിന്റെ മാസ് ബിജിഎമ്മിനോടൊപ്പം സ്‌ക്രീനില്‍ തെളിഞ്ഞ ടൈറ്റിലെഴുത്തുകള്‍ തന്നെ ഫാന്‍സിനിയടയില്‍ ഉത്സവം സൃഷ്ടിക്കുന്നുണ്ട്. അതും കഴിഞ്ഞ് കുറച്ച് സീനുകള്‍ക്ക് ശേഷമുള്ള ഇക്കയുടെ ഇന്‍ട്രോയാണ് പിന്നീട് പ്രേക്ഷകര്‍ ആര്‍പ്പുവിളിച്ച് വരവേറ്റത്. പൊതുവേ ഒരു ലിമിറ്റ് വെച്ച് അഭിനയിക്കുന്ന ഇക്ക ഷൈലോക്കില്‍ മനസ്സറിഞ്ഞ് അഭിനയിച്ചിരിക്കുകയാണ്. ഇതുവരെയും കാണാത്ത ഇക്കയെയാണ് ഇന്ന് പ്രേക്ഷകര്‍ കണ്ടത്, അതായത് നമ്മള്‍ കാണാത്ത മാനറിസങ്ങളുമായിട്ട് ഒരു ഒന്നൊന്നര വരവ് തന്നെയായിരുന്നു താരത്തിന്റേത്. അത് അങ്ങോട് കേറി ഹിറ്റാവുകയും ചെയ്തു എന്ന് പറയാം. കാരണം ഈ പ്രായത്തിലും ഇങ്ങനെ അഭിനയിക്കുക എന്ന് പറയുമ്പോള്‍ അത് ചില്ലറ കാര്യമല്ലാലോ.
ഇനി സിനിമയെക്കുറിച്ച് പറയാനുള്ളത്. തമിഴ് സിനിമകളിലെ മാസ്റ്റര്‍പീസ് മാസ് ഡയലോഗുകളില്‍ ഒട്ടുമിക്കതും തന്നെ ഷൈലോക്കില്‍ നമ്മുടെ ഇക്കയും പറയുന്നുണ്ട്. എത്ര വലിയ തമിഴ് താരങ്ങള്‍ പറയുന്ന ഡയലോഗുകളാണെങ്കിലും അത് നമ്മുടെ ഇക്ക പറയുമ്പോള്‍ വേറൊരു ഫീലാണല്ലോ.. ഡയലോഗുകള്‍ എല്ലാം തന്നെ കൈയ്യടിയും വിസിലടിയും വാരിക്കൂട്ടി. ഫസ്റ്റ് ഹാഫും സിനിമയുടെ അവസാന ഭാഗവും ഒഴിച്ചാലുള്ള ഫ്ളാഷ് ബാക്ക് സീന്‍ എന്നാല്‍ ചിത്രത്തിന്റെ മാറ്റ് കുറച്ച് കുറയ്ക്കുന്നുണ്ട്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും എത്തിയ മീനയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു കാര്യം. കൂടാതെ ഒരുമണിക്കൂര്‍ ഫ്ളാഷ്ബാക്ക് കാണിച്ചതും ചെറിയ കല്ലുകടി സൃഷ്ടിച്ചു. എന്നാല്‍ സിനിമയുടെ അവസാന ഭാഗത്തില്‍ വീണ്ടും ബോസ് എത്തിയതോടെ ചിത്രം വീണ്ടും മാസായി.
ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ ക്യാമറ എഡിറ്റിങ്ങ് വശങ്ങള്‍ പെര്‍ഫെക്ടാണ്. പിന്നെ എടുത്ത് പറയേണ്ടത് സിനിമയില്‍ ഉപയോഗിച്ച് ഇരിക്കുന്ന ബിജിഎമ്മിനെ കുറിച്ചാണ്. മാസ് രംഗങ്ങള്‍ക്ക് ഒപ്പം കൊടുത്തിരിക്കുന്ന ഗോപി സുന്ദര്‍ സ്‌റ്റൈല്‍ ബിജിഎമ്മുകള്‍ മാസ് രംഗങ്ങളുടെ ലെവല്‍ കൂട്ടി. ഇതിനോടൊപ്പം തന്നെ എടുത്ത് പറയേണ്ടതാണ് ചിത്രത്തിലെ ബാര്‍ ഡാന്‍സും. അങ്ങനെ മൊത്തത്തില്‍ ഒരു പക്കാ മാസ് എന്റൈര്‍ടെയിനറായ ചിത്രം ധൈര്യത്തോടെ തിയേറ്ററില്‍ പോയി കാണാം. എന്നാല്‍ വേറെ ലെവലില്‍ ഉള്ള ഇക്കയെ കാണാന്‍ ഇഷ്ടമുള്ളവര്‍ ചിത്രം തിയേറ്ററില്‍ തന്നെ പോയി കാണണം. എന്നാല്‍ വലിയ കഥ പ്രതീക്ഷിച്ച് പോവുന്നവര്‍ക്ക് ഇത് അത്ര ദഹിക്കണമെന്നും ഇല്ല. മാസ് മസാലകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഇക്ക ആരാധകര്‍ക്കുമാവും ചിത്രം കൂടുതല്‍ ഇഷ്ടപ്പെടുക എന്നത് മറ്റൊരു വസ്തുതയാണ്. എന്നാല്‍ ഒന്ന് എടുത്ത് പറയാം. മാസ് സിനിമയായിരിക്കും ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. ആ വാക്ക് ശരിയാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇക്കയുടെ ഷൈലോക്ക്...