ഇന്നലെ രാത്രി ഒരു പതിനൊന്നു മണിയോടെ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം ടു. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിനു വേണ്ടി നിർമിച്ച ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം 2. 2013-ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആദ്യം തീയേറ്റർ റിലീസാണു ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് കോവിഡ് പ്രതിസന്ധികൾ മൂലമാണ് ഇന്നലെ ഇത് ഓ ടി ടി റിലീസിൽ എത്തിയത്. വന്ന ഉടൻ തന്നെ വമ്പൻ അഭിപ്രായമാണ് പ്രേക്ഷകർ അറിയിച്ചിരിക്കുന്നത്. വരുൺ എന്ന ചെറുപ്പക്കാരന്റെ തിരോധാനത്തിന്റെ അവസാനം യാതൊരു തുമ്പും കിട്ടാതെ അവസാനിച്ച കഥ ആയിരുന്നു ദൃശ്യം ആദ്യ ഭാഗം. മിക്കവാറും സിനിമകളുടെ രണ്ടാഭാഗങ്ങൾ എല്ലാ അത്ര വിജയകരമായ ഒന്നാവില്ല. പക്ഷേ ഇത് അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ശപഥമെടുത്തൊരു മനസാണ് അയാളുടേത്, നമ്മുക്ക് അത് ജയിക്കാൻ ആവില്ല എന്ന ഡയലോഗ് എന്ത് മാത്രം ശരിയാണെന്നുള്ള പൂർണത സംവിധായകൻ കൊണ്ടു വന്നു.
ഇനി എങ്ങനെ കഥ മുന്നോട്ടു പോകും, വരുൺ മരിച്ചില്ലേ, ഗീത പ്രഭാകർ വിദേശത്തേക്ക് പോയില്ലേ, ഇനി ന്തു കഥയാണ് പറയാൻ പൊകുരു, ഇതിനൊരു രണ്ടാംഭാഗം എടുത്ത് നശിപ്പിക്കാനോ അങ്ങനെ നിരവധി ചോദ്യങ്ങൾ ഈ ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് തൊട്ട് വരുന്നതായിരുന്നു. പക്ഷേ ഇവിടെ നിങ്ങൾ കണ്ടത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ മികവ് തന്നെയാണ്. ഓരോ ട്വിസ്റ്റും നമ്മളെ ചിന്തിപ്പിക്കുന്നതാണ്. ആദ്യം മുതൽ ആവിശ്യമില്ലായിരുന്നു എന്ന് തോന്നിപ്പിച്ച സീനുകളുടെ പ്രാധാന്യം അവസാനം സംവിധായകൻ പറഞ്ഞ് തന്നു. അതിനർദ്ധം ആദ്യം മുതൽ അവസാനം വരെ ഓരോ സീനും വിലപ്പെട്ടതാണ്. രാജാക്കാട് പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട ശരീരത്തിന്റെ കണ്ടുപിടിത്തം പറയുന്ന രണ്ടാം ഭാഗം ഓൺലൈൻ റിലീസ് ചെയ്ത മികച്ച ത്രില്ലെർ എന്ന് തന്നെ പറയാം. തൊടുപുഴയിൽ ഷൂട്ട് ചെയ്ത ഈ സിനിമയിൽ എല്ലാ പ്രകൃതി ഭംഗിയും കൊണ്ടുവരാൻ ഇതിലെ ഛായാഗ്രഹൻ സതീഷ് കുറുപ്പിന് സാധിച്ചു. അനിൽ ജോൺസന്റെ സംഗീതം എന്തുകൊണ്ടും സിനിമയുടെ മാറ്റു കൂട്ടി എന്ന് തന്നെ പറയാം. ബിജിഎം കൊടുക്കേണ്ട സ്ഥലത്തിന്റെ പ്രാധാന്യം നന്നായി തന്നെ സംവിധായകനും സംഗീത സംവിധായകനും കാണിച്ചു. ഓരോ ക്ലോസിന്റെയും വൈഡിന്റെയും ഇടയിലൂടെ ഒഴുക്ക് നൽകുന്ന ഓരോ കട്ടും ശ്രദ്ധിച്ചാണ് വിനായകൻ എന്ന എഡിറ്റർ ചെയ്തിരിക്കുന്നത്.
ആദ്യ ഭാഗത്തുള്ളത് പോലെ ചിലപ്പോൾ അതിനേക്കാൾ മുകളിൽ ചിലപ്പോൾ ഇതിലെ താരങ്ങൾ അഭിനയിച്ചു എന്ന് പറയാൻ സാധിക്കും. മോഹൻലാൽ, മീന, അൻസിബ, എസ്തർ, ആശ ശരത്, സിദ്ദിഖ് എന്നിവർ പഴയതുപോലെ തന്നെ മിന്നുന്ന പ്രകടനത്താൽ പ്രേക്ഷകരെ ആകർഷിച്ചു എന്ന് തന്നെ പറയാം. രണ്ടാം ഭാഗത്തു ചില താരങ്ങളെ കൂടി ഉൾപ്പെടുത്തിയിരുന്നു സംവിധായകൻ. അതിലൊരു പ്രധാന കഥാപത്രമാണ് ഐ ജി ഗീത പ്രഭാകറിന്റെ സുഹൃത്തായ, രണ്ടാം ഭാഗത്തിൽ കേസ് അന്വേഷിക്കുന്ന പോലോസ് ഉദ്യോഗസ്ഥൻ ബാസ്റ്റിൻ തോമസ്. ഈ വേഷം അതി ഗംഭീരമായി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത് മുരളി ഗോപിയാണ്. ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് ഈ സിനിമയുടെ പ്രധാന ലൈൻ. ഇതിൽ മറ്റൊരു കഥാപത്രമാണ് മാറി വന്ന രാജാക്കാട് സ്റ്റേഷനിലെ എസ ഐ ഫിലിപ്പിന്റെ വേഷം ചെയുന്ന ഗണേഷ് കുമാർ. പിന്നേ എടുത്തു പറയേണ്ട പുതിയ കഥാപാത്രം തിരക്കഥാകൃത്ത് വിനയചന്ദ്രന്റെ വേഷം ചെയ്യുന്ന സായി കുമാറാണ്. ഇവർ മൂന്നുപേരും കഥയുടെ ഉടനീളം ഉണ്ടായിരുന്ന കഥാപത്രമാണ്. ജോർജുകുട്ടിയുടെ അയൽവാസികളായ രണ്ടു പുതിയ കഥാപാത്രങ്ങളെ ഇതിൽ കൊണ്ട് വന്നത് കഥയെ മാറ്റി തന്നെ മറിച്ചു എന്ന് പറയാം. സരിത സാബു എന്നി ദമ്പതികളെ അവതരിപ്പിച്ചത് അഞ്ജലിയും സുമേഷുമാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂരും ഈ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.
ജോർജുകുട്ടിയും കുടുംബവും എല്ലാം മറന്ന് മുന്നോട്ട് പോകുന്നതിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. കാണാതായ വരുൺ പ്രഭാകർ എന്ന ചെറുപ്പക്കാരന്റെ മൃതദേഹം തേടിയാണ് ഇതിലെ അന്വേഷണം. ഇവിടെയാണ് എല്ലാ കഥയും വേറെ തകത്തിലേക്കു പോകുന്നത്. അവസാനത്തെ മുപ്പതു നിമിഷങ്ങൾ ആരാധകരെ കസേരയുടെ അറ്റത്തു എത്തിക്കുന്ന തരത്തിലെ ട്വിസ്റ്റുകളാണ്. പോലീസ് സ്റ്റേഷനുള്ളിൽ മറവു ചെയ്തതായി ആരോപിക്കുന്ന മൃതദേഹത്തിനു പിന്നിലെ രഹസ്യം പുറത്താവുന്നതാണ് നിർണായകം. എന്നാൽ താൻ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ജോർജുകൂട്ടി അതിനെ നേരിടുന്ന രീതിയാണ് രണ്ടാം ഭാഗത്തെ പ്രേക്ഷകന് ആദ്യ ഭാഗത്തിനേക്കാൾ മിഴിവുള്ളതാക്കുന്നത്. ഒരു ദുരന്തത്തിൽ നിന്നും തന്റെ കുടുംബത്തെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു സാധാരണക്കാരൻ. ദുരൂഹ സാഹചര്യത്തിൽ കാണാതായ ഏക മകൻ എവിടെ എന്ന് അന്വേഷിക്കുന്ന ഏറെ സ്വാധീന ശക്തിയുള്ള മറ്റൊരു കുടുംബം. ഇതിന്റെ നടുവിലൂടെ കഥ പറയുമ്പോൾ ജോർജുകുട്ടിയുടെ ആദ്യം മുതലുള്ള ഓരോ നീക്കവും വളരെ ആലോചിച്ചുള്ള പദ്ധതികളാണെന്ന് പൂർണമായി പ്രേക്ഷകർക്ക് ഉൾകൊള്ളാൻ സാധിക്കും.
ഇതിലെ ചില തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ ചിലപ്പോൾ ഭൂരിഭാഗം ആൾക്കാരും ഇതിന്റെ ഡബ്ബിങിനെ ആകും പറയുന്നത്. ചിലയിടത്തൊക്കെ പ്രതേകിച്ച് ക്ലോസ്സ് വരുന്ന ഭാഗങ്ങളിൽ ലിപ് സിങ്ക് നഷ്ടമായത് മനസിലാകും. കഴിഞ്ഞ ഭാഗത്തിലെ സഹദേവനെയും മോനിച്ചനെയും പ്രേക്ഷകർ തീർച്ചയായും മിസ് ചെയ്തു. അതുപോലെ തന്നെ ലാലേട്ടന്റെ ചില വികാരഭരിത ഭാഗങ്ങൾ ക്ലോസ്സിൽ എടുക്കാതെ പോയതിൽ മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് ചിലയിടത്ത് കാണാൻ സാധിച്ചില്ല എന്ന് തന്നെ പറയാം. തീർച്ചയായും കോവിഡിന്റെ പരിധിയിൽ നിന്നെടുത്ത ചിത്രമായതുകൊണ്ടു ഏതൊരു തെറ്റും പ്രേക്ഷകരെ ബാധിക്കുന്നതല്ല. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. നിങ്ങളെ നിരാശപ്പെടുത്തില്ല.