Latest News

കുറെ പാട്ടുകളും കോമഡിയും, വികാരമില്ലാത്ത റൊമാന്‍സും സിനിമയില്‍ ഉടനീളം കുത്തി നിറച്ചിട്ട് കാര്യമില്ല ഒമര്‍ ലുലൂ; പ്രേക്ഷകര്‍ക്ക് വേണ്ടത് കാമ്പുള്ള കഥയാണ്; ഇത്തവണയും ഒമര്‍ ലുലു പ്രേക്ഷകരെ നിരാശപ്പെടുത്തിയോ; ഒമറിന്റെ മുന്‍ സിനിമകളെ അനുകരിച്ചെത്തിയ ചിത്രം ശരാശരി നിലവാരം പോലും പുലര്‍ത്തുന്നില്ല...

പി.എസ്.സുവര്‍ണ്ണ
കുറെ പാട്ടുകളും കോമഡിയും, വികാരമില്ലാത്ത റൊമാന്‍സും സിനിമയില്‍ ഉടനീളം കുത്തി നിറച്ചിട്ട് കാര്യമില്ല ഒമര്‍ ലുലൂ; പ്രേക്ഷകര്‍ക്ക് വേണ്ടത് കാമ്പുള്ള കഥയാണ്; ഇത്തവണയും ഒമര്‍ ലുലു പ്രേക്ഷകരെ നിരാശപ്പെടുത്തിയോ; ഒമറിന്റെ മുന്‍ സിനിമകളെ അനുകരിച്ചെത്തിയ ചിത്രം ശരാശരി നിലവാരം പോലും പുലര്‍ത്തുന്നില്ല...

പുതുവത്സര സമ്മാനവുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു. 2020 ലെ ആദ്യ ചിത്രമായ ധമാക്ക ആന്‍ ഒമര്‍ ലുലു സെലബ്രേഷന്‍ എന്ന ടാഗ് ലൈനോട് കൂടെയാണ് എത്തിയിരിക്കുന്നത്. ഹാപ്പി വെഡ്ഡിങ്ങ്, ഒരു ആഡാര്‍ ലൗ, ചങ്ക്സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലൂന്റേതായി പുറത്തെത്തിയിരിക്കുന്ന സിനിമ എന്ന പ്രത്യേകതയും ധമാക്കയ്ക്കുണ്ട്. ഒരു അഡള്‍ട്ട് കോമഡിയാണ് ചിത്രം. അരുണ്‍ കുമാറും നിക്കി ഗല്‍റാണിയും കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയില്‍ മുകേഷ്, ഉര്‍വ്വശി, ഇന്നസെന്റ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഹരീഷ് കണാരന്‍, സലീം കുമാര്‍, സാബുമോന്‍, ശാലിന്‍ സോയ, നേഹ എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്തിരിക്കുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എം.കെ നാസറാണ്.

സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ ചങ്ക്സ് എന്ന സിനിമയുടെ മറ്റൊരു വേര്‍ഷനാണ് ധമാക്ക എന്ന് പറയാം. ഉത്തരവാധിത്വം ഇല്ലാത്ത മകന്‍, മകനെ നല്ല നിലയില്‍ എത്തിക്കാന്‍ അച്ഛന്‍ നടത്തുന്ന സൂത്രപണികള്‍, യാതൊരു വികാരവും ഉണ്ടാക്കാത്ത പ്രണയ രംഗങ്ങള്‍, ആവിശ്യമില്ലാത്ത കോമഡികള്‍, കുറച്ച് പാട്ടുകളും ഇതാണ് ധമാക്ക. ധമാക്ക കാണുന്ന ഏതൊരു പ്രേക്ഷകനും ചങ്ക്സ് എന്ന മുന്‍ ഒമര്‍ ലുലു ചിത്രത്തെ ഓര്‍ത്ത് പോയേക്കാം. അതില്‍ തെറ്റ് പറയാനും കഴിയില്ല. കാരണം രണ്ട് ചിത്രങ്ങള്‍ക്കും ഏറെ കുറെ സാമ്യതകളുണ്ട്. ചങ്ക്സിലേത് പോലുള്ള ഒരു കല്ല്യാണ പാട്ടും സിനിമയില്‍ ഉണ്ട്. ഒമര്‍ ലുലുവിന്റെ സിനിമകളിലെ പാട്ടുകളെ കുറിച്ച് പറയേണ്ടതില്ലല്ലോ. സിനിമയുടെ കഥയെക്കാള്‍ മികച്ചതായിരിക്കും സിനിമയിലെ ഗാനങ്ങള്‍.

ചില സീനുകള്‍ കണ്ട് പ്രേക്ഷകര്‍ കൈയ്യടിക്കുകയും ചിരിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. എങ്കിലും കാമ്പില്ലാത്ത കഥ സിനിമയ്ക്ക് തിരിച്ചടിയാവുന്നുണ്ട്. അഭിനേതാക്കള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ഇന്നസെന്റ്, മുകേഷ്, ഉര്‍വ്വശി എന്നീ സീനിയര്‍ ആക്ടേര്‍സിന്റെ അഭിനയത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ കുമാറും നല്ല പെര്‍ഫോമെന്‍സ് തന്നെയാണ് കാഴ്ച്ചവെച്ചത്. താരം നായകനായി അരങ്ങേറുന്ന ആദ്യ ചിത്രം കൂടെയാണ് ധമാക്ക. താരത്തിന്റെ നായികയായി എത്തിയ നിക്കിയും തന്റെ കഥാപാത്രത്തെ മികച്ചതാക്കി. സിനിമയില്‍ ഉടനീളം നായകന്റെ എര്‍ത്തായി നടക്കുന്ന ധര്‍ജന്‍ ബോള്‍ഗാട്ടി അവതരിപ്പിച്ച കഥാപാത്രം ചിത്രത്തില്‍ വളരെയധികം മികച്ച് നില്‍ക്കുന്നതാണ്. താരത്തിന്റെ കോമഡികളെല്ലാം തന്നെ പ്രേക്ഷകരെ ചിരിപ്പിച്ചു.

ഒമര്‍ ലുലു മുന്‍ ചിത്രങ്ങളിലെ പാട്ടുകളിലെ ചില വരികളും സിനിമയെ കുറിച്ചുള്ള വര്‍ണ്ണനകളും ഈ സിനിമയുടെ ചില ഭാഗങ്ങളില്‍ കാണാം. അതൊരു ഏച്ചുകെട്ടലായി തോന്നിയേക്കാം. ഇനി എടുത്ത് പറയേണ്ട ഒരു കാര്യം സിനിമ ഒരു അഡള്‍ട്ട് കോമഡിയാണെന്നാണ്. അതിനാല്‍ തന്നെ ഫാമിലിയുമായി പോയി കാണാന്‍ കഴിയുന്ന ചിത്രമാണെന്ന് പറയാന്‍ കഴിയില്ല. കാരണം എല്ലാവര്‍ക്കും ഒരുപോലെ ദഹിക്കണമെന്നില്ല ഈ ഒമര്‍ ലുലു ചിത്രം. ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് പറയാനാണെങ്കില്‍ പാട്ടുകളെല്ലാം ആസ്വദിക്കാന്‍ കഴിയുന്നതാണ്. കാണാന്‍ അഴകില്ലേലും എന്ന ഗാനം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ടിക്ടോക്കിലും യൂട്യൂബിലും ഹിറ്റായിരുന്നു. മാത്രമല്ല ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് മോശം പറയാന്‍ ഒന്നുമില്ല.

ഒമര്‍ ലുലുവെന്ന സംവിധായകനെ കുറിച്ച് പറയുകയാണങ്കില്‍ ഒരു സംവിധായകനെന്ന നിലയില്‍ സിനിമയെ കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നു എന്നാണ്. മാത്രമല്ല കഥയും മികച്ചതാക്കാമായിരുന്നു. കുറെ പാട്ടുകളും, കോമഡിയും, റൊമാന്‍സും സിനിമയില്‍ ഉടനീളം കുത്തി നിറച്ചിട്ട് കാര്യമില്ല. കാരണം മലയാളി പ്രേക്ഷകര്‍ എന്നും കാമ്പുള്ള പ്രമേയമാണ് ഇഷ്ടപ്പെടുന്നത്. ഒരുപരിധി വരെ മാത്രമാണ് ഇത്തരം സിനിമകളെ പ്രേക്ഷകര്‍ ആസ്വദിക്കുകയുള്ളൂ. ആ പരിധി കഴിഞ്ഞാല്‍ പിന്നീട് പ്രേക്ഷകര്‍ ഇത്തരം സിനിമകളെ തള്ളികളയും.

എന്തായാലും ഈ വര്‍ഷം ആദ്യം പുറത്തെത്തിയ സിനിമ പ്രതീക്ഷിച്ച അത്ര നിലവാരം പുലര്‍ത്തിയില്ല. കണ്ടിരിക്കാവുന്ന ഒരു സിനിമ മാത്രമാണ് ധമാക്ക. 

 

Read more topics: # dhamaka movie review,# omar lulu
dhamaka movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES