ഹാപ്പി വെഡ്ഡിങ്ങ്‌സിലൂടെ മലയാളത്തിലേക്ക് എത്തിയ സംവിധായകനാണ് ഒമര്‍ ലുലു. പിന്നാലെ ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങളും താരം സംവിധാനം ചെയ്തിരുന്നു. ഇതില്‍ അഡാര്‍ ലൗ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നാലെ ഇറങ്ങിയ ധമാക്ക ബോക്‌സോഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഏറ്റവും പുതിയതായി മലയാള സിനിമയിലെ പ്രിയപ്പെട്ട വില്ലന്‍മാരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു ഒരുക്കുന്ന സിനിമയാണ് 'പവര്‍ സ്റ്റാര്‍'. ബാബു ആന്റണി നായകനായെത്തുന്ന ചിത്രത്തില്‍ ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും എത്തുന്നുണ്ട്
മലയാളത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി പ്രണയ ചിത്രങ്ങളൊരുക്കിയിട്ടുള്ള ഒമര്‍ ലുലു ആദ്യമായി ആക്ഷന്‍ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ് പവര്‍സ്റ്റാര്‍. പ്രേക്ഷകരുമായി നവ മാധ്യമങ്ങളില്‍ കൂടിയും മറ്റും സംവദിക്കാനും കമന്റുകള്‍ക്ക് മറുപടി കൊടുത്തും, തന്റെ ആരാധകര്‍ക്ക് ചില സര്‍പ്രൈസുകള്‍ ഒരുക്കി ഞെട്ടിക്കുന്നതില്‍ ഒമര്‍ലുലു മുന്നിലാണ്. അത്തരത്തിലൊന്നായാണ് ബാബു ആന്റണിയെ നായകനാക്കി ആക്ഷന്‍ ത്രില്ലര്‍ ഒരുക്കും എന്ന വാര്‍ത്തയും ഒമര്‍ ലുലു അവതരിപ്പിച്ചിരുന്നത്. ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍ ഒക്കെ എഴുതിയ മലയാള സിനിമയുടെ ഏറ്റവും പ്രഗത്ഭനായ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ് പവര്‍ സ്റ്റാര്‍ എഴുതുന്നത്.
പവര്‍സ്റ്റാര്‍ സിനിമയുടെ നിര്‍മാതാവ് രതീഷ് ആനേടത്ത് ഇപ്പോഴിതാ ഒമര്‍ ലുലുവിന് ഒരു സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ്. മഹീന്ദ്ര പുതുതായി പുറത്തിറക്കിയ ഥാറിന്റെ പുതുപുത്തന്‍ മോഡല്‍ സമ്മാനമായി നല്‍കിയാണ് നിര്‍മ്മാതാവ് സംവിധായകനെ അമ്പരിപ്പിച്ചിരിക്കുന്നത്. പുതിയതായി കിട്ടിയ ഥാര്‍ ഓടിച്ചുവരുന്ന വീഡിയോ ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.