'അമ്പിളി' സൗബിന്‍ ഷാഹിര്‍ എന്ന നടനെ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് സംവിധായകന്‍ ജോണ്‍ പോള്‍ പ്രേക്ഷകന് മുന്നില്‍ കാണിച്ചുകൊടുത്ത സിനിമ. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ നായകനിരയിലേക്ക് എത്തിയ സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സിനിമയില്‍ പുതുമുഖ നടി തന്‍വി റാമാണ് നായികാ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീമിന്റെ അരങ്ങേറ്റ ചിത്രം കൂടെയായിരുന്നു അമ്പിളി. വളരെ റിയലിസ്റ്റിക്കായ് തന്നെ ചിത്രീകരിച്ചിരിക്കുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റെര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത,എ.വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ്.
ഒരോ കഥാപാത്രങ്ങള്‍ക്കും യോജിക്കുന്ന തരത്തിലുള്ള സ്‌ക്രീന്‍ സ്‌പേസ് തന്നെയാണ് സംവിധായകന്‍ സിനിമയില്‍ നല്‍കിയിരിക്കുന്നത്. ആവശ്യമില്ലാതെ ഒരിടത്തും കഥാപാത്രങ്ങളെയും ഡയലോഗുകളും തിരികി കയറ്റിയിട്ടില്ലെന്ന് സാരം. കാശ്മീരിന്റെ മനോഹാരിതയില്‍ തുടങ്ങുന്ന സിനിമയുടെ കഥ ആരംഭിക്കുന്നത് കേരളത്തിലെ കൊച്ചു ഗ്രാമത്തില്‍ നിന്നാണ്. പച്ചയായ കുറെ മനുഷ്യര്‍ . അവിടെ ജീവിതത്തിന്റെ കാപട്യങ്ങളൊന്നും അറിയാത്ത, അല്ലെങ്കില്‍ മറ്റുള്ളവരുടെ കാപട്യങ്ങള്‍ തിരിച്ചറിയാതെ സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന അമ്പിളി എന്നൊരാള്‍... അവിടെ തുങ്ങുകയാണ് അമ്പിളിയുടെ ജീവിതം.. അമ്പിളിക്കൊപ്പം പ്രേക്ഷകരും.
സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ സൗബിനൊപ്പം തന്നെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ജാഫര്‍ ഇടുക്കിയും മറ്റു ചില താരങ്ങളും എത്തുന്നുണ്ട്. ബുദ്ധിക്കുറവുണ്ട് എന്നാല്‍ ഇല്ല എന്ന് തോന്നിപ്പിക്കുന്ന അമ്പിളിയെ പറ്റിച്ച് ജീവിക്കുന്ന കുറച്ച് പേരാണ് ഇവര്‍ എന്നാല്‍ ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയും അമ്പിളിയോട് ആത്മാര്‍ത്ഥമായി സ്‌നേഹമുള്ളവരുമാണ്. ഇവരെ കൂടാതെ അമ്പിളിക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ എത്തുന്ന കുട്ടികൂട്ടവും അവരില്‍ സുബ്രുവായെത്തുന്ന കഥാപാത്രവും പ്രേക്ഷകനില്‍ ചിരിയുണര്‍ത്തുന്നുണ്ട്. ആദ്യ ഭാഗങ്ങളില്‍ ഇവരൊക്കെ തന്നെയാണ് നിറഞ്ഞ് നില്‍ക്കുന്നത്. കൂട്ടത്തില്‍ ടീന എന്ന കളിക്കൂട്ടുകാരിയും. അച്ഛന്റെ സുഹൃത്തിന്റെ മകളും കളിക്കൂട്ടുകാരിയുമായ ടീനയുമായുള്ള അമ്പിളിയുടെ പ്രണയം വല്ലാത്തൊരു അനുഭവം തന്നെയാണ് പ്രേക്ഷന് സമ്മാനിക്കുന്നത്.
നവീന്‍ നസീം അവതരിപ്പിക്കുന്ന നാഷണല്‍ സൈക്കില്‍ റൈഡറായ ബോബിക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ കടന്നുവരവോടെ സിനിമ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. ടീനയുടെ സഹോദരനായാണ് സിനിമയില്‍ നവീന്‍ എത്തുന്നത്. ബോബി തന്റെ ആഗ്രഹമായ കാശ്മീരിലേക്കുള്ള സോളോ ട്രിപ്പ് ആരംഭിക്കുന്നതോടെ സിനിമ ഒരു റോഡ് മൂവി തലത്തിലേക്ക് കടക്കുകയാണ്. പിന്നീട് അങ്ങോട് .ചിത്രം പക്കാ റോഡ് മൂവി തന്നെയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളിലായ് ചിത്രീകരിച്ചിരിക്കുന്ന സിനിമ പ്രേക്ഷകന് നല്ലൊരു ദൃശ്യാനുഭവം തന്നെയാണ് നല്‍കുന്നത്.
വലിയ കഥയൊന്നും ചിത്രത്തിലൂടെ പറയുന്നില്ലെങ്കിലും ആരും തന്നെ സ്വന്തമായി ഇല്ലാത്ത മറ്റുള്ളവരുടെതില്‍ നിന്ന് വ്യത്യസ്തമായ് നോക്കികാണുന്ന അമ്പിളിയുടെ കഥ പറയുന്ന സിനിമ പ്രേക്ഷനെ ബോറടിപ്പിക്കുന്നില്ല. ചെറിയ ചെറിയ സന്തോഷങ്ങളും, വിഷമങ്ങളും, പ്രണയവും, സൗഹൃദവുമെല്ലാം സിനിമ പറയുന്നു. ടീനയ്ക്ക് അമ്പിളിയോട് ഉള്ള പ്രണയവും കരുതലും, ബോബിക്ക് അമ്പിളിയോടുള്ള ഇഷ്ടക്കേടുമെല്ലാം ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. അമ്പിളിയും ബോബിയും ഒന്നിച്ചുള്ള യാത്ര കാണിക്കുന്ന രണ്ടാം പകുതി വളരെ നന്നായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. വലിയ വലിയ സെന്റിമെന്റല്‍ ഡയലോഗുകള്‍ ഉപയോഗിക്കാതെ തന്നെ ചെറിയ നോട്ടങ്ങളിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രേക്ഷകന്റെ കണ്ണ് നിറയിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.
സിനിമയിലെ പാട്ടുകളെക്കുറിച്ച് പറയുകയാണെങ്കില്‍ വളരെ മികച്ച പാട്ടുകള്‍ തന്നെയാണ് ചിത്രത്തിലുള്ളത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയില്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഞാന്‍ ജാക്‌സണല്ലെടാ എന്ന ഗാനം സിനിമയുടെ റിലീസിന് മുന്നേ തന്നെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മാത്രമല്ല തീയേറ്ററില്‍ ആ പാട്ട് സീന്‍ കാണിച്ചപ്പോഴും വലിയ ക.യ്യടികളോടെയാണ് പ്രേക്ഷകര്‍ അത് സ്വീകരിച്ചതും.
ചിത്രത്തിന്റെ സാങ്കേതിക തലങ്ങളും മികച്ച് തന്നെ നില്‍ക്കുന്നു. ക്യാമറയും എഡിറ്റിങ്ങും, ഛായാഗ്രഹണവുമെല്ലാം നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. എന്തായാലും സൗബിന്റെതായി പുറത്തിറങ്ങിയ ചിത്രം നല്ലൊരു അനുഭവം തന്നെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.