അണ്ണാത്തെ അരോചകം! അഞ്ചുപൈസക്ക് കൊള്ളാത്ത തനി 'അണ്ണാച്ചിപ്പടം'; പഴയ സെന്റിമെന്‍സ് ഡ്രാമ പുതിയ കുപ്പിയില്‍; സന്തോഷ് പണ്ഡിറ്റിനെ ഓര്‍മ്മിപ്പിക്കുന്ന സംഘട്ടനങ്ങളും സംഭാഷണവും; അവശതകള്‍ സ്റ്റൈല്‍ മന്നനില്‍ പ്രകടം; ഇത് രജനി യുഗത്തിന്റെ അവസാനമോ?

Malayalilife
അണ്ണാത്തെ അരോചകം! അഞ്ചുപൈസക്ക് കൊള്ളാത്ത തനി 'അണ്ണാച്ചിപ്പടം'; പഴയ സെന്റിമെന്‍സ് ഡ്രാമ പുതിയ കുപ്പിയില്‍; സന്തോഷ് പണ്ഡിറ്റിനെ ഓര്‍മ്മിപ്പിക്കുന്ന സംഘട്ടനങ്ങളും സംഭാഷണവും; അവശതകള്‍ സ്റ്റൈല്‍ മന്നനില്‍ പ്രകടം; ഇത് രജനി യുഗത്തിന്റെ അവസാനമോ?

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള ചലച്ചിത്ര നടന്മാരെ തെരഞ്ഞെടുക്കാന്‍ ടൈം മാഗസിന്‍ നടത്തിയ സര്‍വേയില്‍, ആദ്യ പത്തിലെത്തിയ ഒരേ ഒരു ഇന്ത്യാക്കാരന്‍. അതാണ് തമിഴകത്തിന്റെ പ്രിയപ്പെട്ട സ്റ്റെല്‍ മന്നന്‍. അമിതാബച്ചനോ, ചിരഞ്ജീവിക്കോ, എം.ജി.ആറിനോ ഒന്നും തന്നെ, ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന മഹാരാഷ്ട്രക്കാന്‍, ഇന്ത്യയില്‍ ഉയര്‍ത്തിവിട്ട ചലച്ചിത്ര തരംഗത്തിന് ഒപ്പമെത്താനായിട്ടില്ല. ഈ 70ാം വയസ്സിലും രജനീകാന്ത് ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളുടെ കണ്ണിലുണ്ണിയാണ്.

ഒന്നോര്‍ത്താല്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുദമാണ് രജനീകാന്ത്. മാന്ത തൊലിപൊളിച്ചതുപോലുള്ള കറുത്ത മെലിഞ്ഞ ശരീരവുമായി, പൂവമ്ബഴപോലെത്തെ നടീനടന്മാര്‍ക്ക് ഇടയിലൂടെ വളര്‍ന്ന് താര രാജാവ് ആവുക. കമല്‍ഹാസന്‍ കത്തി നില്‍ക്കുന്ന സമയത്താണ്, വില്ലനായി വന്ന് ക്രമേണെ രജനി തമിഴ് മക്കളുടെ എല്ലാമെല്ലാമായത്. ക്ലാസ് ചിത്രങ്ങള്‍ കമലിനും മാസ് ചിത്രങ്ങള്‍ രജനിക്കും. അതായിരുന്നു പിന്നീട് കോടമ്ബോക്കം ചിത്രങ്ങളുടെ കോമ്ബിനേഷന്‍.

2002ല്‍ ഇറങ്ങിയ ബാബ എന്ന ചിത്രം പരാജയപ്പെടുന്നതുവരെ മൂന്ന് പതിറ്റാണ്ടുകാലം രജനീകാന്തിന്റെ ഒരു ചിത്രംപോലും നഷ്ടമായിരുന്നില്ല! നോക്കണം, ലോകത്തിലെ ഏത് നടനുണ്ട് ഇത്രയും മിനികം ഗ്യാരണ്ടി. ബാബ പൊളിഞ്ഞിട്ടും രജനി ചെയ്തത്, മുഴവന്‍ വിതരണക്കാരെയും തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി മുടക്കുമുതലും ഒരു രുപ ലാഭവും കൊടുത്ത് വിടുകയായിരുന്നു. എന്നാല്‍ ഈ ബോക്സോഫീസ് ഉറപ്പ് പിന്നീട് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2010ല്‍ ഇറങ്ങിയ ശങ്കറിന്റെ ബ്രഹാമാണ്ഡ ചിത്രം എന്തിരന്‍ ആണ് രജനിയൂടെ അവസാനത്തെ മെഗാഹിറ്റ്. അതിനുശേഷം ഇറങ്ങിയ റാണയും, കബാലിയും വിജയമായിരുന്നെങ്കിലും, ലിംഗയും, കോച്ചടയാനും, കാലയും, എന്തിരന്‍ 2.0യും ഒന്നും പ്രതീക്ഷിച്ച വിജയങ്ങള്‍ ആയില്ല. അവസാനം 2019 ല്‍ ഇറങ്ങിയ പേട്ടയും വിജയമായെങ്കിലും ഒരു രജനി ചിത്രത്തിന് തീര്‍ക്കാന്‍ കഴിയുന്ന രീതിയില്‍ മെഗാഹിറ്റ് ആയില്ല.

മിക്കാവാറും ദീപാവലിക്ക് ഒരു രജനിപ്പടം കണ്ട് ആഘോഷിക്കുക എന്ന തമിഴ്മക്കളുടെ വര്‍ഷങ്ങളായി ഉറച്ചുപോയ ശീലമാണ്. ഇത്തവണ കോവിഡ് അടച്ചിടലിന്ശേഷം തീയേറ്ററുകള്‍ തുറക്കുമ്ബോള്‍ ഇറങ്ങുന്ന രജനി ചിത്രം അണ്ണാത്ത, തകര്‍ക്കുമെന്നാണ് ഏവരും കരുതിയത്. പക്ഷേ അണ്ണാത്തെ ഒരു നനഞ്ഞ പടക്കാമായിപ്പോയി. രജനി എന്ന വലിയതാരം വല്ലാതെ താഴോട്ടുപോകുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. മമ്മൂട്ടിയെപ്പോലെ 70 വയസ്സ് കഴിഞ്ഞ രജനിക്ക് ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ എന്ന ചോദ്യവും അണ്ണാെത്ത ഉയര്‍ത്തുന്നു. നാലുപതിറ്റാണ്ട് തമിഴകത്തെ പിടിച്ചുകുലുക്കിയ രജനി യുഗത്തിന്റെ അവസാനമാണോ ഈ ചിത്രം! അനാരോഗ്യം കാരണം രാഷ്ട്രീയ പാര്‍ട്ടിയെന്ന ആശയം രജനി മാറ്റിവെച്ച്‌ കഴിഞ്ഞതും ഓര്‍ക്കണം.

ഇത് ഒരു സാംസ്കാരിക കുറ്റകൃത്യം

ജുറാസിക്ക് യുഗത്തിലെ ഒരു ദിനോസര്‍ ആധുനിക നഗരത്തില്‍ എത്തിയാല്‍ എങ്ങനെയുണ്ടാവുമെന്ന ചോദ്യം ചോദിച്ചത് എഴുത്തുകാരന്‍ ഒ.വി വിജയനാണ്. കാലത്തിന് അനുസരിച്ച്‌ മറാന്‍ കഴിയാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വിമര്‍ശിക്കുമ്ബോഴാണ് അദ്ദേഹം ഈ പ്രയോഗം നടത്തിയത്. അത് ഈ രജനി പടത്തിനും നന്നായി ചേരുമെന്ന് തോനുന്നു. 70കളുടെ അവസാനവും 80കളിലും വേലക്കാരന്‍, പഠിക്കാത്തവന്‍, തുടങ്ങിയ എത്രയോ സിനിമകളില്‍ നാം കണ്ട ഇമോഷണല്‍ ഡ്രാമയും, നിരവധി സിനിമകളില്‍ രജനി ചെയ്ത അധോലോക ആക്ഷനും മിക്സ് ചെയ്ത് ഒരു പുതിയ പടം പടച്ചുവിട്ടിരിക്കുന്നു. ഒറ്റവാക്കില്‍ പറയട്ടെ, സിരുത്തൈ ശിവയുടെ ഈ ചിത്രത്തില്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു സീന്‍ പോലും ഇല്ല. രജനിയെ ഈ രീതിയില്‍ വിഡ്ഡിവേഷം കെട്ടിച്ച സംവിധായകനെ ആരാധകര്‍ കൈയേറ്റം ചെയ്യാനും നല്ല സാധ്യതയുണ്ട്.

തുടക്കം മുതല്‍ ഒടുക്കംവരെ അരോചക രംഗങ്ങള്‍. തറ വളിപ്പ് കോമഡികള്‍. രജനി ഊതിയാല്‍ വില്ലന്മാര്‍ പറക്കുകയാണ്. ചിലരെ എടുത്ത് പതിവുപോലെ വിളക്കുകാലിലേക്കും ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്കുമൊക്കെ എറിഞ്ഞുകൊല്ലുന്നു. വാഹനങ്ങള്‍ക്ക് ബോംബ്വെച്ച്‌ ആകാശത്തേക്ക് പറത്തുന്നു. നൂറ് വില്ലന്മാരെ ഒറ്റക്ക് അടിച്ച്‌ പപ്പടമാക്കുന്നു. ആഹാ, എത് നൂറ്റാണ്ടിലെ പടമാണിത്!

 

ഇത്തരം നമ്ബറുകള്‍ ഒക്കെയായിരുന്നു 70കളുടെ അവസാനവും 80കളിലും രജനിയെ സൂപ്പര്‍ സ്റ്റാര്‍ ആക്കിയത്. രജനിയും വില്ലനുമായി അടികൂടുമ്ബോള്‍ സ്‌ക്രീനിലേക്ക് കത്തി എറിഞ്ഞുകൊടുത്ത്, താരത്തെ സഹായിക്കാന്‍ തോന്നിയ തമിഴന്റെ കഥയൊക്കെ നാം ഏറെ കേട്ടിട്ടുണ്ട്. ഒരുകാലത്ത് താന്‍ വിജയപ്പിച്ച നമ്ബറുകള്‍ പുതിയ കാലത്ത് കുപ്പിയെന്ന് മാറ്റി വീണ്ടും ഇറക്കിയാന്‍ എന്തു പറ്റും. കാലം വല്ലാതെ മാറിപ്പോയത് രജനീകാന്തും കൂട്ടരും അറിഞ്ഞിട്ടല്ല എന്ന് തോനുന്നു. ജയ് ഭീമും, അസുരനും, കര്‍ണ്ണനും അടക്കമുള്ള ഒന്നാന്തരം ചിത്രങ്ങളുമായി തമിഴ് സിനിമ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുമ്ബോഴാണ്, പഴയ പാണ്ടിപ്പടമെന്നും അണ്ണാച്ചിപ്പടമെന്നം മലയാളികള്‍, അല്‍പ്പം വംശീയ ചുവയോടെ പരിഹസിച്ചിരുന്ന ചിത്രങ്ങളുമായി തമിഴ് സിനിമാ വ്യവസായത്തിന്റെ തലതൊട്ടപ്പന്‍ തന്നെ വരുന്നത്. ആ നിലക്ക് നോക്കുമ്ബോള്‍ ഒരു സര്‍ഗാത്മക കുറ്റകൃത്യം കൂടിയാണ് ഈ ചിത്രം.

തമിഴകത്തിന്റെ മോറല്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് രജനി. അതുകൊണ്ടുതന്നെ കമല്‍ഹാസനെപ്പോലെ വൈവിധ്യമുള്ള വേഷങ്ങള്‍ രജനിക്ക് കിട്ടിയിട്ടുമില്ല.( സത്യത്തില്‍ കൊമേര്‍ഷ്യല്‍ സിനിമയുടെ കൂട്ടില്‍ അടക്കപ്പെട്ട നടനാണ് രജനി. ദളപതിയടക്കം എതാനും ചിത്രങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് അഭിനയിക്കാന്‍ തക്ക റോളുകള്‍ തന്നെ കിട്ടിയത്. ബാക്കിയുള്ളതെല്ലാം മാസിനും മാര്‍ക്കറ്റിനും വേണ്ടിയാണ്.) പാരമ്ബര്യ യഥാസ്ഥിതകത്തെയും, കുടുംബബന്ധങ്ങളെയും സ്റ്റാറ്റസ്‌ക്കോ നിലനിര്‍ത്തുന്ന പണി ഈ പടത്തിലും രജനി എടുക്കുന്നുണ്ട്.

കുട്ടികള്‍ എഴുതുന്ന ഗുണപാഠ കഥപോലെ

ഒരിടത്ത് ഒരിടത്ത് ഒരു രാജാവ് ഉണ്ടായിരുന്നു എന്ന് പറഞ്ഞ് തുടങ്ങി ഒടുവില്‍ ദുഷ്ടന്മാരെയെല്ലാം അമര്‍ച്ചചെയ്ത് അവര്‍ സസുഖം ജീവിച്ചുവെന്ന് പറഞ്ഞ് അവസാനിക്കുന്ന കുട്ടികള്‍ക്കുള്ള കഥയില്ലേ. അതുപോലെയുണ്ട് കോടികള്‍ ചെലവിട്ട് എടുത്ത അണ്ണാത്തെ എന്ന ചിത്രത്തിന്റെ കഥ. ബാലരമയിലെ കഥകള്‍ക്കുപോലുമുണ്ട് ഇതിനേക്കാള്‍ നിലവാരം. കൊല്‍ക്കൊത്തയിലാണ് ചിത്രം തുടങ്ങുന്നത്. അവിടുത്തെ ന്യൂസ് ചാനലുകളില്‍ എല്ലാം ഒരേ ഒരു ചോദ്യമാണ്. ആരാണ് ഈ അണ്ണാത്തെ. കൊല്‍ക്കത്ത അധോലോകത്തിന്റെ ആ പേടി സ്വപ്നമായ അയാളെ ഒന്ന് കാണിച്ചശേഷം ചിത്രം തമിഴ്‌നാട്ടിലെ ഫ്ളാഷ്ബാക്കിലേക്കാണ് പോകുന്നത്.

കാളിയന്‍ (രജനി) ശൂരക്കോട്ടയിലെ പഞ്ചായത്ത് പ്രസിഡന്റാണ്. പരോപകാരിയായും, സല്‍ഗുണ സമ്ബന്നനും, മധുമോഹന്റെ ദൂരദര്‍ശനന്‍ സീരിയലുകളിലെ നായകനെപ്പോലെ നാട്ടിലെ സ്ത്രീകളുടെ കണ്ണിലുണ്ണിയുമാണ് അയാള്‍. കാളിയനെ സ്നേഹത്തോടെ അണ്ണാത്തെ എന്നാണ് ഏവരും വിളിച്ചിരുന്നത്. സഹോദരി തങ്ക മീനാക്ഷിയാണ് (കീര്‍ത്തി സുരേഷ്) അയാളുടെ ജീവിതത്തിലെ ഏല്ലാം. അവര്‍ തമ്മിലുള്ള സഹോദരബന്ധം അത്രമേല്‍ ശക്തമാണ്. പ്രസവത്തോടെ അമ്മ മരണപ്പെട്ടതോടെ മീനാക്ഷിക്ക് രക്ഷിതാവായത് സഹോദരനാണ്. വളരെ സ്നേഹത്തോടെ വളര്‍ത്തിയ തന്റെ സഹോദരിയെ അധികം ദുരെയല്ലാതൊരിടത്തേക്ക് വിവാഹം ചെയ്ത് നല്‍കണമെന്നാണ് ആഗ്രഹം. എന്നാല്‍ കാളിയന്റെ സഹോദരിയോടുള്ള അമിത സ്‌നേഹം തങ്ങളുടെ വിവാഹജീവിതത്തെ ബാധിക്കുമെന്ന് കരുതി പല വിവാഹാലോചനകളും നിരസിക്കപ്പെടുന്നു. ഒടുവില്‍, തന്റെ എതിരാളിയുടെ (പ്രകാശ് രാജ്) സഹോദരനുമായി തങ്ക മീനാക്ഷിയുടെ വിവാഹം ഉറപ്പിക്കുന്നു. എന്നാല്‍ വിവാഹത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അവളെ കാണാതാവുന്നു.

പിന്നീട്, കൊല്‍ക്കത്തയില്‍ ഏറെ ദുരിതം അനുഭവിക്കുന്ന അവസ്ഥയിലാണ് കാളിയന്‍ സഹോദരിയെ കണ്ടെത്തുന്നത്. മീനാക്ഷി എങ്ങനെ ഇവിടെയെത്തി, തന്റെ സഹോദരിയെ ഈ അവസ്ഥയിലെത്തിച്ച വില്ലന്മാരില്‍ നിന്ന് കാളിയന്‍ അവളെ രക്ഷിക്കുമോ എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ചിത്രത്തിന്റെ ബാക്കി. ഇതുതന്നെ നാം എത്ര രജനിപ്പടങ്ങളില്‍ മാറിമാറി കണ്ടിട്ടുണ്ട് എന്ന് ചോദിക്കരുത്. ഈ പൊട്ടക്കഥയിലേക്ക് ആക്ഷനും പാട്ടുകളും കയറ്റി ആകെയങ്ങോട്ട് അരോചകമാക്കുകയാണ്. ഒരു പാട്ട്, ഒരു തല്ല്... അങ്ങനെ പോകുന്നു.

രജനിയുടെത് അടക്കം വെറും കോപ്രായങ്ങള്‍

അഭിനേതാക്കള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും, രജനി ഊതിയാല്‍ പറന്നുപോകുന്ന വില്ലന്മാരുമൊക്കെ പലപ്പോഴും സന്തോഷ് പണ്ഡിറ്റിന്റെ 'ഉരുക്കുസതീശനെ'യാണ് ഓര്‍മ്മിപ്പിക്കുന്നത്. ഡയലോഗും സമാനം. 'ക്രീം ബിസ്‌ക്കറ്റില്‍ ക്രീമുണ്ട്, പക്ഷേ ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗര്‍ ഇല്ല' എന്നുപറയുന്നപോലുള്ള ചീപ്പ് വെര്‍ബല്‍ ഗെയിമുകള്‍. രജനിയും സുഹൃത്തുക്കളായ കോമേഡിയന്‍സും ചേര്‍ന്നുള്ള രംഗങ്ങളൊക്കെ കണ്ടാല്‍ ഇത് ഈ നൂറ്റാണ്ടില്‍ തന്നെയുള്ള സിനിമയാണോ എന്ന് തോനിപ്പോകും. അത്രക്ക് ഔട്ട്ഡേറ്റഡ് ആയ ചീപ്പ് ജോക്കുകള്‍ പറഞ്ഞ് രജനീകാന്ത് സ്വയം ചരിക്കുന്നുണ്ട്.

ഈ ഡിസംബര്‍ 12ന് 71 വയസ്സ് തികയുമെങ്കിലും അതിന്റെ അവശതകള്‍ ഒന്നും കാണിക്കാതെയാണ് രജനിയുടെ സ്‌ക്രീന്‍ പ്രസന്‍സ്. പക്ഷേ ഫാന്‍സുകാര്‍ ഇളകിമറിയുമെങ്കിലും, അതിന് പുറത്തെ പൊതു ഓഡിയന്‍സിന്റെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. മുഖവും കൈകളുമൊക്കെ ക്ലോസപ്പില്‍ വരുമ്ബോള്‍, ലക്ഷങ്ങളുടെ മേക്കപ്പിനെ നിര്‍വീര്യമാക്കികൊണ്ട് വാര്‍ധക്യത്തിന്റെ അവശതകളും, ചുക്കിച്ചുളിവുകളും വ്യക്തമാണ്. ഒരു അഭിനേതാവ് എന്ന നിലയിലും അണ്ണാത്തെയില്‍ രജനിക്ക് ഒന്നും ചെയ്യാനില്ല. താന്‍ മുമ്ബ് ചെയ്ത കഥാപാത്രങ്ങടെ ഡിറ്റോകോപ്പി മാത്രം. പവര്‍ ആയിരുന്നില്ല സ്റ്റൈല്‍ ആയിരുന്നു രജനിയുടെ പ്രത്യേകത. ആ സ്റ്റൈലില്‍ പുതുമ കൊണ്ടുവരാതെ 70ാം വയസ്സിലും അദ്ദേഹം മുപ്പതുകാരനെ അനുകരിക്കുന്നു. 'ഹഹഹ' എന്ന് സ്ഥിരം ശൈലിയില്‍ പൊട്ടിച്ചിരിക്കുമ്ബോഴും, ചടുലമായ ചില ഡയലോഗുകള്‍ പറയുമ്ബോഴും മാത്രമാണ് പ്രേക്ഷകന് പഴയ രജനീകാന്തിനെ തിരിച്ചു കിട്ടുന്നത്.

ചിത്രത്തിന്റെ വൃത്തികേടിന് മാറ്റുകൂട്ടുന്നത്, ഇപ്പോള്‍ അമ്മവേഷത്തില്‍ എത്തിയ രജനിയുടെ രണ്ട് മുന്‍കാല നായികമാര്‍ ആണ്. മീനയും ഖുശ്‌ബുവും. എത്രയെത്ര നല്ല വേഷങ്ങള്‍ ചെയ്ത നടികളാണ് വെറും കോമാളിക്കളിക്ക് നിന്ന് കൊടുക്കുന്നത്. അതുപോലെ ടൈപ്പാണ് പ്രകാശ് രാജും. മിക്ക പടങ്ങളിലും നീണ്ട മൂക്ക് വിറപ്പിച്ച്‌, കണ്ണും തള്ളി, പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദവുമായുള്ള വില്ലന്‍വേഷം ചെയ്ത് ചെയ്ത് ഇയാള്‍ക്ക് മടുക്കില്ലേ. പ്രകാശ് രാജിനെപ്പോലെ സാമൂഹിക പ്രതിബന്ധത പറയുന്ന ഒരു നടന്‍, കാശിനോടുള്ള ആര്‍ത്തിവെച്ച്‌ ഇത്തരം വേഷങ്ങളില്‍ കുടുങ്ങരുത്. കീര്‍ത്തി സുരേഷ് മോശമായിട്ടില്ല. ഗംഭീരം എന്ന് പറയാനും കഴിയില്ല. ഭംഗിയായി മേക്കപ്പിട്ട് സഞ്ചരിക്കുന്ന ബൊമ്മ മോഡലിലാണ് നയന്‍താര. രജനീകാന്ത് പറയുന്നത് അനുസരിച്ചാല്‍ മാത്രം മതി. പ്രായത്തെ പിടിച്ചുകെട്ടാനുള്ള നയന്‍സിന്റെ ശ്രമങ്ങള്‍ പലപ്പോഴും പ്രേക്ഷകര്‍ അറിയുന്നുമുണ്ട്.

സതീഷ്, സൂരി തുടങ്ങി നായകന്റെ തുപ്പല്‍ കോളാമ്ബി ചുമക്കുന്ന ചുറ്റിപ്പറ്റിവേഷങ്ങള്‍ കോമഡി എന്ന് പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. നമ്മുടെ ബാലയുമുണ്ട് ചിത്രത്തില്‍ വില്ലനായി. ( മോണ്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതിന് എന്തിനാണ് എന്ന് ചോദിച്ചാല്‍, അണ്ണാത്തെ സിനിമയില്‍ അഭിനയിച്ച കാര്യമാണ് ബാല ചാനലുകളില്‍ പറഞ്ഞിരുന്നത്!) കണ്ണൂരുട്ടിപ്പേടിപ്പിക്കുന്ന പതിവ് വില്ലന്‍ എന്നതിനപ്പുറം ബാലക്കും ഒന്നും ചെയ്യാനില്ല.

പുലുമുരുകനിലെ ഡാഡി ഗിരിജയായി വിറപ്പിച്ച തെലുങ്കു നടന്‍ ജഗപതി ബാബുവിന്റെ വില്ലന്‍ വേഷത്തിലെ വേറിട്ട ഗെറ്റപ്പും തുടക്കത്തിലെ ചില മാനറിസങ്ങളും മാത്രമാണ് ഈ ചിത്രത്തില്‍ ആകെയുള്ള പുതുമ. ഗെറ്റപ്പിലെ പുതുമയുള്ളൂ ചെയ്തികള്‍ ഒക്കെയും വില്ലന്റെതുതന്നെ. ഈ പടം കൊണ്ട് ആകെ ഗുണമുണ്ടായിരിക്കുന്നത് മലയാള സിനിമകളില്‍ സ്ഥിരമായി 'തള്ള'വേഷത്തില്‍ ചൊറിയന്‍ കഥാപാത്രമായി പ്രത്യക്ഷപ്പെടാറുള്ള നടി കുളപ്പുള്ളി ലീലയ്ക്കാണ് (കസ്തൂരിമാന്‍ ഫെയിം). ഇവിടെ രജനീകാന്തിന്റെ മുത്തശ്ശിക്ക് തുല്യമായ ഒരു കുലസ്ത്രീ വേഷത്തിലാണ് ലീല. അവരുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം. പക്ഷേ അഭിനയം വെച്ചുനോക്കുമ്ബോള്‍ കുളപ്പുള്ളിയുടെ കുല മുത്തശ്ശിയൊന്നും ഒട്ടും നന്നായിട്ടില്ല. പഴയ തള്ളയായിരുന്നു ഭേദം.

ഇത് രജനി യുഗത്തിന്റെ അവസാനമോ?

ആനക്ക് ആനയുടെ വലിപ്പം അറിയില്ല, എന്നു പറഞ്ഞതുപോലെയാണ് രജീകാന്തിന്റെ അവസ്ഥ. മലേഷ്യയിലും ശ്രീലങ്കയിലും ചൈനയിലും ജപ്പാനിലും, യു.എസിലും അടക്കം ലോകമെമ്ബാടുമുള്ള 1500 തീയേറ്ററുകളിലാണ്, ഇന്ത്യക്ക് പുറത്ത് അണ്ണാത്തെ റിലീസ് ചെയ്തിരിക്കുന്നത്. അതും ഈ മഹാമാരിക്കാലത്ത്. അമീര്‍ഖാനും ഷാറൂഖ് ഖാനും പോലും ഇതുപോലെ ഒരു റിലീസ് കഴിയില്ല. അതുകൊണ്ടുതന്നെ പുറത്തുനിന്ന് നോക്കുന്നവരുടെ കണ്ണില്‍ ഇന്ത്യന്‍ സിനിമ എന്നാല്‍ രജനി സിനിമയാണ്. അപ്പോള്‍ ഇതുപോലെ ഒരു കോപ്രായം കാണുന്ന ഒരു വിദേശിക്ക് ഈ രാജ്യത്തെ ചലച്ചിത്രങ്ങളെക്കുറിച്ച്‌ എന്ത് അഭിപ്രായമാണ് ഉണ്ടാവുക. നാടിന് മൊത്തം നാണക്കേടാവുകമാണ് ഈ ചിത്രമെന്ന് മെഗാതാരം അറിയുന്നില്ല.

അതിവൈകാരികമാണ് രജനിയും ആരാധകരും തമ്മിലുള്ള ബന്ധം. ഉഴൈപ്പാളി എന്ന രജനി ചിത്രത്തിന് ആദ്യ ദിനം ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഒരു ആരാധകന്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. അന്ന് സ്വന്തമായി പ്രൈവറ്റ് ഡിറ്റക്റ്റീവുകളെവെച്ച്‌ ഈ വിഷയം അന്വേഷിച്ച്‌ സ്ഥീരികരിച്ചശേഷം ആരാധകന്റെ കടുംബത്തെ അദ്ദേഹം സഹായിച്ചതും വാര്‍ത്തയായിരുന്നു. രജനി തമിഴ് മക്കളെ സംബന്ധിച്ച്‌ വെറുമൊരു വ്യക്തില്ല. ഒരു പ്രസ്ഥാനം തന്നെയാണ്. അദ്ദേഹം പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്ന് അറിയിച്ചപ്പോഴും, അത് വേണ്ടെന്ന് വെച്ചപ്പോഴും ഒക്കെ ആരാധകര്‍ അദ്ദേഹത്തിന് ഒപ്പമായിരുന്നു. ഇപ്പോള്‍ അസുഖമായി ആശുപത്രിയിലായപ്പോള്‍ പതിനായിരങ്ങളാണ്, തങ്ങളുടെ വീര നായകന്റെ ആയുരാരോഗ്യത്തിന് വഴിപാടുകളും മറ്റുമായി അമ്ബലങ്ങളില്‍ തടിച്ച്‌ കൂടിയത്. ആ ആരാധകരുടെയൊക്കെ മുഖത്തേറ്റ അടിയായപ്പോയി അണ്ണാത്തെ.

ഇനി രജനിക്ക് വിരമിക്കലിന്റെ കാലമാണെന്ന് തോനുന്നു. ഇതുപോലെ ഒരു പൊട്ടപ്പടത്തിന്റെ പേരിലല്ല രജനിക്ക് തമിഴകം വിരമിക്കല്‍ കൊടുക്കേണ്ടത്. ആധുനിക കാലത്തിന് യോജിക്കുന്ന ഒരു പുതിയ നല്ല പടത്തിലൂടെ എക്കാലവും ഓര്‍മ്മിക്കുന്ന ഒരു കഥാപാത്രം ചെയ്തുകൊണ്ട് ആ ഇന്ത്യന്‍ സിനിമാ വിസ്മയം വിരമിക്കട്ടെ.

വാല്‍ക്കഷ്ണം: ഈ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ തലവേദനക്കുള്ള ഒരു ഗുളികയുമായി തീയേറ്ററില്‍ കയറിയാല്‍ മതി. പാശ്ചാത്തല സംഗീതത്തിന്റെ ബാസ് കാരണം ചെന്നിക്കുത്ത് ഉറപ്പാണ്! പണ്ട് ആകാശ ദൂത് സിനിമ ഇറങ്ങിയപ്പോള്‍ അത് കണ്ടുവരുന്ന പ്രേക്ഷകര്‍ക്ക് കണ്ണുതുടയ്ക്കാന്‍ തൂവാല വിതരണം ചെയ്യുന്ന ഒരു മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജി നിര്‍മ്മാതാക്കള്‍ നടത്തിയിരുന്നു. അണ്ണാത്തെയുടെ നിര്‍മ്മാതാക്കളായ കലാനിധി മാരനും കൂട്ടരും ചെയ്യേണ്ടത് തലവേദനമാറ്റാനുള്ള ഗുളികള്‍ നല്‍കലാണ്! ഇത് കോവിഡ് കാലം കൂടിയാണെല്ലോ.
 

Read more topics: # Movie annathae review
Movie annathae review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES