വിവിധ തിയ്യേറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആദ്യ പ്രദര്‍ശനം തുടങ്ങി. മോഹന്‍ലാലിന്റെ മാസ് ചിത്രത്തിനായി കാത്തിരുന്ന ആരാധകരുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു.ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറവാണെങ്കിലും തിയ്യേറ്റര്‍ ഹൗസ്ഫുള്ളാണ്. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന റിലീസ്. എന്നാല്‍ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചില തിയ്യേറ്ററുകളിലെ ഷോ മാറ്റിവച്ചു. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ വൈകീട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദര്‍ശിപ്പിക്കും. ചിലയിടങ്ങളില്‍ പ്രദര്‍ശനം നിര്‍ത്തിവച്ചിട്ടുണ്ട്. പ്രദര്‍ശനം നടക്കാത്തതിലുള്ള അമര്‍ശവും ചില ആരാധകര്‍ പലയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചു. ഇന്നലെ രാത്രി വരെ അന്വേഷിച്ചപ്പോള്‍ ഷോ പ്രദര്‍ശനം നടക്കുമെന്ന് അറിയിച്ചിട്ടാണ് എത്തിയതെന്നും ആരാധകര്‍ പറഞ്ഞു.
അതിനിടെ നിര്‍മ്മാതാവ് ആന്റണി പെരിമ്പാവൂര്‍ ചിത്രത്തിനു ഒരു കുഴപ്പം കൂടാതെ പുറത്തിറങ്ങാനുള്ള അനുമതി വേണ്ടപ്പെട്ടവരുമായി സംസാരിച്ചിട്ടിണ്ടെന്ന് അറിയിച്ചു.
എന്നാല്‍ പൊലീസ് അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വൈകിട്ട് ആറ് മണിക്ക് ശേഷമേ ഷോ തുടങ്ങുകയുള്ളൂ എന്നാണ് ചില തിയേറ്ററുകളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മുന്‍നിശ്ചയിച്ചിരുന്നത് പോലെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
കൊച്ചിയില്‍ നിരവധി സിനിമാ പ്രവര്‍ത്തകരും അഭിനയേതാക്കളും സിനിമ കാണാന്‍ രാവിലെ നാല് മണിക്ക് തന്നെ തിയേറ്ററുകളില്‍ എത്തിയിരുന്നു. ആവേശം ഒട്ടും ചോരാതെ മോഹന്‍ലാല്‍ ആരാധകര്‍ സിനിമ കാണാന്‍ എത്തി. തിയേറ്ററുകള്‍ക്ക് മുന്‍പില്‍ ഒടിയന്‍ ടീഷര്‍ത്ത് ധരിച്ച് ആരാധകരുടെ നൃത്തവും ഉണ്ടായിരുന്നു. പടക്കവും മേളവും നിറഞ്ഞതായിരുന്നു തിയേറ്ററുകളും പരിസരവും. സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തിയിരുന്നു.