മലയാള ചലച്ചിത്ര സംവിധായകരുടെ സംഘടനയായ FEFKA ഡയറക്ടേഴ്‌സ് യൂണിയനില്‍ അംഗമായി നടന്‍ മോഹന്‍ലാല്‍. എറണാകുളം കടവന്ത്ര- രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചലച്ചിത്ര തൊഴിലാളി സംഗമ വേദിയില്‍ തൊഴിലാളി സംഗമത്തില്‍ വെച്ച് സംവിധായകരായ ബി.ഉണ്ണികൃഷ്ണനും സിബി മലയിലും ചേര്‍ന്ന് മോഹന്‍ലാലിനെ അംഗത്വം നല്‍കി സംഘടനയിലേക്ക് സ്വീകരിച്ചു.
'ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നു' എന്ന് ഫെഫ്ക ഐഡി കാര്‍ഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമ പ്രവര്‍ത്തകരുടെ സംഗമം ഉദ്ഹാടനം ചെയ്യാന്‍ എത്തിയ മോഹന്‍ ലാല്‍ ഫെഫ് കെയില്‍ അംഗത്വം എടുത്തത് സിനിമ പ്രവര്‍ത്തകരുടെ സംഗമ വേദിയ്ക്കും കൗതുകമായി.
നാല്പത് വര്‍ഷത്തില്‍ കൂടുതല്‍ ആയി അഭിനയത്തിലുടെ മലയാളിയുടെ മനസു കവര്‍ന്ന ലാല്‍ അടുത്തിടെ ബറോസ് എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. അതിലുടെ ആണ് ഇപ്പോള്‍ സംവിധായക യൂണിയനില്‍ അംഗത്വത്തിലെക്ക് എത്തി ഇരിക്കുന്നത്.
ഫെഫ്കയുടെ 21 വിവിധ യൂണിയനുകളില്‍ നിന്നായി മൂവായിരത്തോളം സിനിമ പ്രവര്‍ത്തകര്‍ സംഗമ വേദിയിലേക്ക് ഒഴുകി എത്തിയിട്ടുണ്ട്. പരിപാടിയില്‍ അംഗത്വം ഉള്ള മുഴുവന്‍ അംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ആള്‍ക്ക് ഒന്നിന് മൂവായിരം രൂപ വീതം ഫെഫ്ക നല്‍കും. വര്‍ഷം മൂന്നു ലക്ഷം രൂപ യുടെ ചികിത്സാ സഹായം നല്‍കുന്ന രീതിയിലാണ് ഇന്‍ഷുറന്‍സ് എടുക്കുന്നത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായത്തിലെത്തുന്ന ആദ്യ സംവിധാന സംരംഭമായ 'ബറോസ്' അണിയറയില്‍ ഒരുങ്ങുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സന്തോഷ് രാമനാണ് കലാസംവിധായകന്‍.കൗമാര സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങിയ വിദേശതാരങ്ങളും മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും മികച്ച അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്. സിനിമ ഈ വര്‍ഷം തീയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷ.