മലയാള സിനിമയുടെ അണിയറയില്‍ രണ്ട് 'കുഞ്ഞാലി മരയ്ക്കാര്‍' ഒരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ പ്രഖ്യാപിച്ച കുഞ്ഞാലി മരയ്ക്കാറും മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറും. ഇരു ചിത്രങ്ങളും പ്രഖ്യാപന വേളമുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞാലിമരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം' ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ഞാലി മരയ്ക്കാറുടെ വേഷത്തിലുള്ള തന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും മോഹന്‍ലാല്‍ പുറത്തുവിട്ടു.
തൊട്ടുപിറകെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ പ്രഖ്യാപിച്ച കുഞ്ഞാലി മരക്കാറുടെ ക്യാരക്ടര്‍ ലുക്കും പുറത്തുവന്നു. ഇതോടെ ഇഷ്ട താരങ്ങളെ പിന്തുണച്ച് ആരാധകരും രംഗത്തെത്തി.മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കിയുള്ള കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതും ഇതിനിടെ വിവാദമായിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണവുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി.
അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ലെന്ന് ഉറപ്പായതോടെയാണ് നമ്മള്‍ തുടങ്ങിയത് എന്നായിരുന്നു മോഹന്‍ ലാല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.'നാലുപതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ട് പേര്‍. ഇത്ര സൗഹൃദം എങ്ങനെ വരുന്നു? ''എന്ന ചോദ്യത്തിന് ആരുപറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് അങ്ങനെയൊന്നും ഇല്ല എന്നായിരുന്നു മോഹന്‍ ലാലിന്റെ മറുപടി.
''കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മട്ടിയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത്.
മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള്‍ തുടങ്ങിയത്'' അഭിമുഖത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞു.