കൊച്ചി: പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ ചൈനീസ് ഭാഷയിലും പുറത്തിറക്കും. ചൈനീസ് കമ്പനിയുമായി ചേര്‍ന്നാണ് ചിത്രം അവിടെ പ്രദര്‍ശനത്തിനെത്തിക്കുക. ഭാഷ ചൈനീസാകുക എന്നതിനപ്പുറം സബ്ടൈറ്റിലുകളാണ് അവര്‍ക്കാവശ്യമെന്നും അത്തരം ജോലികള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ഒരു ടീമിനെ ഏര്‍പ്പെടുത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചൈനീസ് പേരിലാകും കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അവിടെ റീലിസ് ചെയ്യുക.
ചൈനയിലെ സിനിമാവിപണി നമ്മളെ അപേക്ഷിച്ച് എത്രയോ വലുതാണ്. അറുപത്തിയാറായിരത്തോളം സ്‌ക്രീനുകളാണ് അവിടെയുള്ളത്. മൂന്നുനാലുവര്‍ഷത്തിനിടയില്‍ സ്‌ക്രീനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണവര്‍. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ'വും ഞാന്‍ സംവിധാനംചെയ്യുന്ന 'ബറോസു'മാണ് നിലവില്‍ ചൈനയില്‍ പ്രദര്‍ശനസാധ്യത തേടുന്നത്-മോഹന്‍ലാല്‍ പറഞ്ഞു. അവിടത്തെ സിനിമാപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ കുഞ്ഞാലിമരയ്ക്കാറിന്റെ ചില രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അവരുമായി ഒരു കോ-പ്രൊഡക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് ഒപ്പുവെച്ചിട്ടുണ്ട്. ചര്‍ച്ചകളുടെ ആദ്യഘട്ടം വിജയകരമായി എന്നു പറയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ആമിര്‍ഖാന്റെ 'ദംഗല്‍' ഉള്‍പ്പെടെയുള്ള ചില ഇന്ത്യന്‍ ചിത്രങ്ങള്‍ മുമ്പ് ചൈനയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയുടെ കാര്യത്തില്‍ ചൈന വലിയൊരു വിപണിയാണ്. വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച നാല്‍പ്പതോളം സിനിമകള്‍ മാത്രമേ ഒരുവര്‍ഷം അവര്‍ എടുക്കുകയുള്ളൂ. അതില്‍ ഇടംനേടാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്കുതന്നെ അതൊരഭിമാനമാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ഒരു സിനിമയുടെ ചെലവ് നിശ്ചയിക്കുന്നത് അതിന്റെ കഥയും പശ്ചാത്തലവുമെല്ലാമാണ്. ഒരു ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചേക്കാമെന്നുകരുതി ഇറങ്ങുന്നതല്ല. ഒരു സിനിമ മികച്ച രീതിയിലും തട്ടിക്കൂട്ടിയും എടുക്കാം. കഥ ഭംഗിയായി അവതരിപ്പിക്കാന്‍ ചെലവിടുന്നതാണ് ആ സിനിമയുടെ ബജറ്റ് എന്ന് വിശ്വസിക്കുന്നുവെന്നും ലാല്‍ കൂട്ടിചേര്‍ത്തു.
ഒരു നിര്‍മാതാവിനെ തേടിപ്പിടിച്ച് കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയെപ്പറ്റിയും അതിന്റെ നിര്‍മാണച്ചെലവിനെക്കുറിച്ചും പറഞ്ഞ് ബോധ്യപ്പെടുത്തുക പ്രയാസമാണ്. ഇത്രയും കോടി ചെലവിട്ട് ഒരു മലയാളസിനിമ നിര്‍മിക്കേണ്ടതുണ്ടോ എന്ന നിര്‍മാതാക്കളുടെ സംശയം മറ്റൊരുതരത്തില്‍ പ്രസക്തവുമാണ്. അങ്ങനെവരുമ്പോള്‍ വലിയ മുതല്‍മുടക്കുള്ള കഥകള്‍ സിനിമയാക്കുകയെന്ന വെല്ലുവിളി ഞങ്ങള്‍ സ്വയം എറ്റെടുക്കുന്നു. അവിടെ ചെലവിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഒരു കഥ സിനിമയാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍, അതിനൊപ്പംനിന്ന് എല്ലാവിധ സൗകര്യങ്ങളും നല്‍കുന്ന മികച്ചൊരു ടീം ഇന്നൊപ്പമുണ്ട്. അതിനായി ഞങ്ങള്‍ക്കൊരു നിര്‍മാണക്കമ്പനിയും വിതരണക്കമ്പനിയുമുണ്ട്-മാതൃഭൂമിയോട് ലാല്‍ പറഞ്ഞു.