പലപ്പോഴും ഹരി മുരളീരവം, ഗംഗേ... പോലുള്ള ഗാനങ്ങൾ ആസ്വദിക്കുമ്പോൾ മോഹൻലാൽ, യേശുദാസ് എന്ന് വേർതിരിച്ച് കാണാനും കേൾക്കാനും വരെ ആസ്വാദകർ മറന്നുപോകാറുണ്ട്. അത്രയേറെ ചേർച്ചയാണ് മോഹൻലാലിന് വേണ്ടി യേശുദാസ് പാടുമ്പോൾ. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ യേശുദാസിന്റെ ആരാധകനായിരുന്നു മോഹൻലാൽ. തിരനോട്ടം മുതൽ ഇങ്ങോട്ട് എണ്ണിയാൽ ഒടുങ്ങാത്ത ഗാനങ്ങൾ മോഹൻലാലിന് വേണ്ടി യേശുദാസ് പാടിയിട്ടുണ്ട്. ഇപ്പോഴിതാ യേശുദാസുമായുള്ള ഒരു കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് മോഹൻലാൽ.
സുഹൃത്തുക്കൾക്കൊപ്പം എത്തിയ മോഹൻലാൽ ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയിയൽ പങ്കുവച്ചിട്ടുണ്ട്. മലയാളികളുടെ അഭിമാനമായ രണ്ട് അതുല്യ പ്രതിഭകളെ ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിന്റെ ആവോശത്തിലാണ് ആരാധകർ. "ഗാനഗന്ധർവൻ്റെ വസതിയിൽ... പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ" എന്ന കുറിപ്പോടുകൂടിയാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവച്ചത്. ഏറെക്കാലമായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് യേശുദാസ് താമസിക്കുന്നത്. അമേരിക്കയിലെ വസതിയിലെത്തിയാണ് മോഹൻലാൽ യേശുദാസിനെ കണ്ടത്. കുറച്ച് കാലമായി പിന്നണി ഗാനരംഗത്ത് സജീവമല്ലാത്ത യേശുദാസിനെ വീട്ടിലെത്തിയാണ് മോഹൻലാൽ കണ്ടത്. സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജരായ കെ.മാധവനും മറ്റ് രണ്ട് സുഹൃത്തുക്കളും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. പതിവ് വൈറ്റ് ആന്റ് വൈറ്റ് മുണ്ടും ജുബ്ബയുമായിരുന്നു യേശുദാസിന്റെ വേഷം.
മലയാളത്തിന്റെ അഭിമാനങ്ങളായ രണ്ടുപേരെ ഒറ്റ ഫ്രെയിമിൽ കണ്ട സന്തോഷം പങ്കിട്ട് ആരാധകരും കമന്റുകൾ കുറിച്ചു. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും... ദാസേട്ടനും, രണ്ട് ഗന്ധർവ്വൻമാർ... അഭിനയകലയുടെ ഗന്ധർവ്വനും ഗാന ഗന്ധർവ്വനും, ഫേവറേറ്റ് ആക്ടറും ഫേവറേറ്റ് സിംഗറും, രണ്ട് ഏട്ടൻമാരോടും ഒത്തിരി സ്നേഹം, ഒരുമിച്ച് നിന്നപ്പോൾ നല്ലൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു. ഒരുപാട് കാലം സുഖമായിരിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. അതേസമയം ചില രസകരമായ കമന്റുകളും യേശുദാസിന്റെ അമേരിക്കയിലെ താമസത്തെ വിമർശിച്ചും കമന്റുകളുണ്ട്. എല്ലാവരും ലാലേട്ടനേയും ദാസേട്ടനേയും ഒരുമിച്ച് കണ്ട സന്തോഷത്തിൽ മതി മറന്നപ്പോൾ മറ്റ് ചിലർ ദാസേട്ടന്റെ വീടിനകത്ത് മോഹൻലാലും സുഹൃത്തുക്കളും ഷൂവും ചെരുപ്പ് അഴിച്ച് മാറ്റാതെ കയറിയതാണ് ശ്രദ്ധിച്ചത്.