തന്മാത്ര എന്ന സിനിമയിലൂടെയും കുടുംബവിളക്കിലെ സുമിത്രയായുമെല്ലാം മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിണ് മീര വാസുദേവ്. നാല്‍പ്പത്തിമൂന്നുകാരിയായ സുമിത്രയുടെ അഭിനയ ജീവിതത്തിനൊപ്പം തന്നെ ചര്‍ച്ചയായതാണ് നടിയുടെ സ്വകാര്യ ജീവിതവും. ഇതിനോടകം തന്നെ മൂന്നു വിവാഹം കഴിച്ച നടിയ്ക്ക് ഒരു മകനുമുണ്ട്. ഇപ്പോഴിതാ, മൂന്നാം വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞതിനു പിന്നാലെ ആ വിവാഹബന്ധവും തകര്‍ന്നുവെന്ന വെളിപ്പെടുത്തലാണ് നടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടി മീര വാസുദേവന്‍ എന്ന ഞാന്‍ 2025 ഓഗസ്റ്റ് മുതല്‍ സിംഗിള്‍ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് ഞാന്‍ എന്നാണ് മീര ഒരു സെല്‍ഫി ഫോട്ടോ പങ്കിട്ട് കുറിച്ചത്. ഫോക്കസ്ഡ്, ബ്ലെസ്ഡ്, ഗ്രാറ്റിറ്റിയൂഡ് തുടങ്ങിയ ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം നടി ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21ന് ആയിരുന്നു മീരയുടെ മൂന്നാം വിവാഹം. കുടുംബ വിളക്ക് എന്ന സീരിയലില്‍ നാലര വര്‍ഷത്തോളം ഒരുമിച്ച് അഭിനയിച്ചപ്പോള്‍ അടുത്തു പരിചയപ്പെട്ട ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമാണ് നടിയെ വിവാഹം ചെയ്തത്. വിപിനുമായി നടന്നത് മീരയുടെ മൂന്നാം വിവാഹമായിരുന്നു. പ്രണയ വിവാഹമായിരുന്നു. മീരയുമായി ഏറെ പ്രായക്കുറവ് ഉണ്ടായിരുന്നതിനാല്‍ തന്നെ വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അതേറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. വലിയ ആളും ആരവവും ഒന്നുമുള്ള വിവാഹമായിരുന്നില്ല. കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഇരുവരുടേയും അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു.
ഞങ്ങള്‍ ഇന്ന് ദമ്പതികളായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. ഞാന്‍ വിപിനെ ശരിയായി പരിചയപ്പെടുത്തട്ടെ... പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ് (രാജ്യാന്തര അവാര്‍ഡ് ജേതാവ്). ഞാനും വിപിനും 2019 മേയ് മുതല്‍ ഒരേ പ്രോജക്റ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ട്, മൂന്ന് അടുത്ത സുഹൃത്തുക്കളും മാത്രമെ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. എന്റെ പ്രഫഷനല്‍ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാര്‍ത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നാണ് ഒരു വര്‍ഷം മുമ്പ് വിവാഹവാര്‍ത്ത പങ്കിട്ട് മീര കുറിച്ചത്.
നടിയുടെ ആദ്യ വിവാഹം വിശാല്‍ അഗര്‍വാളുമായിട്ടായിരുന്നു. 2005ല്‍ ആയിരുന്നു അത്. മൂന്ന് വര്‍ഷത്തിനുശേഷം 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് വില്ലന്‍ റോളുകളില്‍ തിളങ്ങുന്ന നടന്‍ ജോണ്‍ കൊക്കനെ 2012ല്‍ നടി വിവാഹം ചെയ്തു. ആ ദാമ്പത്യത്തിനും മൂന്ന് വര്‍ഷത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. 2016ല്‍ ഇരുവരും വിവാ ഹമോചിതരായി. ജോണ്‍ പിന്നീട് മറ്റൊരു നടിയെ വിവാഹം ചെയ്തു. അരീഹ എന്നൊരു മകന്‍ മീരയ്ക്കുണ്ട്. വിപിനെ വിവാഹം ചെയ്തെന്ന വിവരം നടി പങ്കുവെച്ചപ്പോള്‍ ഇരുവരുടേയും പ്രായം അടക്കം ചര്‍ച്ച വിഷയമായി മാറിയിരുന്നു. സന്തുഷ്ടകരമായി ജീവിക്കുന്നുവെന്ന തോന്നല്‍ നല്‍കുന്നതായിരുന്നു അടുത്തിടെ വരെ വിപിനൊപ്പമുള്ള പോസ്റ്റുകളുമായി നടി എത്തുമ്പോള്‍ ആരാധകര്‍ക്ക് കരുതിയിരുന്നത്. മീരയ്ക്ക് എവിടെയാണ് പിഴയ്ക്കുന്നത് എന്നതും ആരാധകര്‍ക്കിടയില്‍ വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ചര്‍ച്ചയായി മാറിയിട്ടുണ്ട്.