സോഷ്യല്‍ മീഡിയയിലൂടെ തന്നെ സമീപിച്ച് ഏറ്റവും കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്തത് ഗ്ലൂട്ടാത്തയോണ്‍ ഉല്‍പന്നത്തിന്റെ ബ്രാന്‍ഡുകളാണെന്ന് അവതാരക മീര അനില്‍. അഞ്ച് മുതല്‍ ആറ് ലക്ഷം രൂപ വരെ പ്രതിഫലമായി ഓഫര്‍ ചെയ്തിട്ടും താന്‍ ആ പരസ്യങ്ങള്‍ നിരസിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത തന്റെ അനുഭവങ്ങള്‍ മീര പങ്കുവെച്ചത്.
ആ പ്രൊഡക്റ്റ് ഉപയോഗിച്ചാല്‍ ശരീരത്തിന്റെ നിറത്തില്‍ നല്ല മാറ്റമുണ്ടാകുമെന്നും സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുമെന്നുമാണ് ബ്രാന്‍ഡുകള്‍ പറഞ്ഞത്. എന്നാല്‍ എന്നില്‍ അത്തരമൊരു മാറ്റം വരുത്താന്‍ ഞാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ലെന്ന് മീര പറഞ്ഞു. 'എനിക്ക് എന്റെ ഈ സ്‌കിന്‍ ടോണും ഈ നിറവും വളരെ ഇഷ്ടമാണ്, അത് മാറ്റാന്‍ എനിക്ക് താല്‍പര്യവുമില്ല. ഇത് നിറത്തിന്റെ കാലമല്ല, കഴിവിന്റെ മാത്രം കാലമാണ്,' താരം തുറന്നടിച്ചു.
അടുത്തിടെ ഒരു പരിപാടിയില്‍ നടന്‍ നിവിന്‍ പോളി പറഞ്ഞ ഒരു വാക്ക് തന്നെ വല്ലാതെ സ്പര്‍ശിച്ചതായും മീര ഓര്‍ത്തെടുത്തു. 'നിങ്ങള്‍ക്ക് ഓടിയെത്താന്‍ പറ്റാത്ത അകലവുമില്ല, കയ്യെത്തിപ്പിടിക്കാന്‍ പറ്റാത്ത ദൂരവുമില്ല' എന്ന ആ വാക്കുകളില്‍ താനും പൂര്‍ണ്ണമായി വിശ്വസിക്കുന്നുണ്ടെന്ന് മീര കൂട്ടിച്ചേര്‍ത്തു.
അവതാരകയായിരിക്കെ നേരിട്ട അനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു.
അവതാരക എന്ന നിലയില്‍ താന്‍ ചോദിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയ ഒരു ചോദ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മീര അനില്‍. കുഞ്ചാക്കോ ബോബന്റെ സിനിമാജീവിതത്തിലെ 20 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹത്തിന്റെ പിതാവിനെക്കുറിച്ച് ചോദിച്ച അനുഭവമാണ് മീര പങ്കുവെച്ചത്.
പരിപാടിയുടെ ഭാഗമായി കുഞ്ചാക്കോ ബോബന്റെ പിതാവിന്റെ ചിത്രങ്ങള്‍ ഏറെ പരിശ്രമിച്ച് ശേഖരിച്ച് വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ സമയത്ത് ചാക്കോച്ചന്‍ ഏറെ സന്തോഷത്തോടെയാണ് നിന്നിരുന്നത്. എന്നാല്‍, സംഗീതത്തിനൊപ്പം പിതാവിന്റെ ചിത്രങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാവം പെട്ടെന്ന് മാറി. സന്തോഷത്തോടെ നിന്നിരുന്ന ചാക്കോച്ചന്‍ ഒരു നിമിഷം കൊണ്ട് വികാരഭരിതനായി.
ചാക്കോച്ചന്റെ വലിയ വിജയങ്ങള്‍ കാണാന്‍ ഇപ്പോള്‍ അച്ഛനില്ല. അച്ഛനില്ലാത്ത ഈ നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ അതിനെ എങ്ങനെയാണ് കാണുന്നത്?' എന്ന ചോദ്യം താന്‍ ചോദിച്ചുവെന്ന് മീര പറയുന്നു. ചോദ്യം കേട്ടതോടെ ചാക്കോച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. പിന്നീട് അദ്ദേഹം തന്നെ നോക്കിയ ആ നോട്ടമാണ് മീരയുടെ മനസ്സില്‍ മായാതെ പതിഞ്ഞത്. ഏകദേശം പത്ത് സെക്കന്‍ഡ് നീണ്ടുനിന്ന ആ നോട്ടത്തില്‍, വാക്കുകളിലൂടെ പറയാതെ തന്നെ ചാക്കോച്ചന്‍ ഒരു ചോദ്യം ചോദിച്ചുവെന്നാണ് മീര ഓര്‍ത്തെടുക്കുന്നത്.
''ഈ നിമിഷം അങ്ങനൊരു ചോദ്യം വേണമായിരുന്നോ മീരേ?'' എന്ന് വാക്കുകളിലൂടെ ചോദിച്ചില്ലെങ്കിലും ആ നോട്ടത്തില്‍ തനിക്ക് അത് വ്യക്തമായി മനസ്സിലായെന്ന് മീര പറയുന്നു. അവതാരക എന്ന നിലയില്‍ ചോദിച്ച ആ ചോദ്യം വേണ്ടിയിരുന്നോ എന്ന ചിന്ത പിന്നീട് തനിക്കുതന്നെ ഉണ്ടായെന്നും അവര്‍ വെളിപ്പെടുത്തി.