ജീവിതത്തില്‍ ഒരു പുരുഷന്‍ തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ലക്ഷ്മി. പെട്ടെന്ന് ആരോടും അടുപ്പം തോന്നി വീണുപോകുന്ന സ്വഭാവമല്ല തനിക്കുള്ളതെന്നും അതിനാല്‍ തന്നെ ആ ചതി ഏറെ വേദനിപ്പിച്ചെന്നും താരം പറഞ്ഞു. അവതാരക രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.
ആ വ്യക്തിയുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിച്ച ശേഷമാണ് താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന കാര്യം അറിയുന്നതെന്ന് ഐശ്വര്യ വ്യക്തമാക്കി. ''രസകരമായ വസ്തുത എന്തെന്നാല്‍ ആ പെണ്‍കുട്ടിയുമായി ഞാന്‍ സൗഹൃദത്തിലായി എന്നതാണ്. എനിക്ക് അവളെ ഇഷ്ടമായതിനാല്‍ എക്സ്പ്രസ് ചെയ്യാനും പറ്റിയില്ല. അത് അവളുടെ തെറ്റുമല്ല. എനിക്കും ഒരു കഥ പറയാനുണ്ട് എന്നു പറഞ്ഞ് ആ പെണ്‍കുട്ടി തന്നെ നേരിട്ടു വന്ന് കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ അവളോട് തനിക്ക് യാതൊരു ദേഷ്യവും തോന്നിയില്ല. കാരണം ആ സംഭവത്തില്‍ ആ കുട്ടിയുടെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിരുന്നില്ല''.
സത്യത്തില്‍ രണ്ട് ദിവസം മാത്രമാണ് ആ വിഷമം മനസ്സില്‍ കിടന്ന് അലട്ടിയതെന്നും പിന്നീട് അത് പൂര്‍ണ്ണമായും വിട്ടുകളഞ്ഞതായും താരം കൂട്ടിച്ചേര്‍ത്തു. തന്റെ മനസ്സില്‍ എപ്പോഴുമുള്ളത് സ്വന്തം കുടുംബത്തെക്കുറിച്ചാണെന്ന് ഐശ്വര്യ പറഞ്ഞു. മാതാപിതാക്കളെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ക്ക് നല്ലൊരു മകളാകാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി. ചിലരെപ്പോലെ അമ്മയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ വിട്ടുമാറി താമസിക്കാന്‍ തനിക്ക് ഒരിക്കലും കഴിയില്ല.
അമ്മയുമായി വളരെ തുറന്നതും സൗഹൃദപരവുമായ ബന്ധമാണ് തനിക്കുള്ളത്. എങ്കിലും ചിലപ്പോഴൊക്കെ അമ്മയെ കൈകാര്യം ചെയ്യുക എന്നത് അല്‍പം പ്രയാസമുള്ള കാര്യമാണ്. തനിക്ക് അമ്മയെ പൂര്‍ണ്ണമായി മനസ്സിലാകുന്നുണ്ടെങ്കിലും താന്‍ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് അമ്മയ്ക്ക് മനസ്സിലാകുന്നില്ല എന്നത് ചിലപ്പോഴൊക്കെ വിഷമം ഉണ്ടാക്കാറുണ്ടെന്നും ഐശ്വര്യ പങ്കുവെച്ചു.
വീട്ടില്‍ അച്ഛനാണ് ഗോസിപ്പുകളും വ്യാജ വാര്‍ത്തകളും ആദ്യം കാണാറുള്ളത്. അമ്മയ്ക്ക് ഒന്നിനും സമയമില്ല. രാവിലെ എഴുന്നേറ്റാല്‍ മെഡിറ്റേഷന്‍, നാമം ജപിക്കല്‍, യോഗ അങ്ങനെ എന്തൊക്കെയോ പരിപാടികളാണ്. എന്നാല്‍ അച്ഛന്‍ നേരെ വിപരീതമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്ന് യൂട്യൂബ് കാണും, എന്നെപ്പറ്റിയുള്ള ഗോസിപ്പുകളൊക്കെ കാണും.
അച്ഛനും അമ്മയും എന്റെ കല്യാണത്തിനായി ഒരു കിലോ സ്വര്‍ണം വാങ്ങി വച്ചിട്ടുണ്ടെന്ന് ഏതോ ഒരാള്‍ പറയുന്നത് കേട്ടു. ''നിങ്ങളുടെ കയ്യില്‍ എവിടെ നിന്നാണ് ഒരു കിലോ സ്വര്‍ണം, അപ്പോള്‍ത്തന്നെ മനസ്സിലാക്കണ്ടേ അയാള്‍ സ്വന്തമായി പറഞ്ഞുണ്ടാക്കുന്നതാണെന്ന്'' എന്ന് ഞാന്‍ അച്ഛനോട് ചോദിച്ചു.
ഞങ്ങളുടേതെന്ന പേരില്‍ ഒരാള്‍ ഏതോ ഒരു വലിയ വീട് ഷൂട്ട് ചെയ്ത് യൂട്യൂബില്‍ ഇട്ടു, എന്നാല്‍ എന്റെ വീട് അത്ര വലിയതൊന്നുമല്ല. എന്റെ മാതാപിതാക്കള്‍ ഡോക്ടര്‍മാരാണെന്ന പ്രചാരണവും തെറ്റാണ്. അച്ഛന്‍ സെക്രട്ടറിയേറ്റിലും അമ്മ പിഎംജിയിലുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. ട്രോള്‍ ചെയ്യപ്പെട്ട വസ്ത്രത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകളും ട്രോളുകളും എന്റെ വീട്ടുകാരെ വല്ലാതെ ബാധിച്ചിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങള്‍ കൂടിയതോടെ വസ്ത്രധാരണത്തിന്റെ പേരില്‍ അമ്മയില്‍ നിന്നും നല്ല വഴക്ക് കിട്ടിയിരുന്നു.'മോള് ആ വേഷമിട്ട് നടക്കുന്നത് കണ്ടു' എന്നൊക്കെ ചിലര്‍ അമ്മയോട് പോയി പറയും.