തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്ലഹേം കുടുംബ യൂണിറ്റ്'. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍ മമിത അവതരിപ്പിച്ച ആഷ്ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രത്തെയാണ് മഞ്ജുശ്രീ നായര്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ കര്‍കശക്കാരിയായ അമ്മയുടെ വേഷം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയതോടെ കഥാപാത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് മഞ്ജുശ്രീ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
'ഒന്നും പ്രെഡിക്ട് ചെയ്യാന്‍ പറ്റാത്ത ഒരു പോക്കാണ് എന്റെ ജീവിതത്തില്‍ ഉണ്ടായത്. എന്റെ ജീവിതത്തില്‍ ഞാന്‍ വിചാരിച്ച പലതും നടന്നിട്ടില്ല. അതേസമയം വിചാരിക്കാത്ത പലതും നടന്നിട്ടുമുണ്ട്. സിനിമയിലഭിനയിക്കണം എന്ന ആഗ്രഹം കുട്ടിക്കാലം മുതല്‍ തന്നെ ഉണ്ടായിരുന്നെങ്കിലും സാഹചര്യം അതിന് അനുകൂലം ആയിരുന്നില്ല. പക്ഷേ സ്‌കൂളിലും കോളേജിലും നാട്ടിലെ റെസിഡന്‍സ് അസോസിയേഷനിലുമെല്ലാം നാടകങ്ങളുടെ ഭാഗമാകാറുണ്ട്. എന്റെ കുട്ടികള്‍ സ്‌കൂളിലെ എല്ലാ പരിപാടികളിലും പങ്കെടുത്ത് ആക്ടീവാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് കിട്ടുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
അതുകൊണ്ട് അവരെയും കൊണ്ട് കോമ്പറ്റീഷനൊക്കെ പോയിരുന്നു. ആ സമയത്താണ് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയിലേക്ക് ഒരു കുട്ടിയെ വേണമെന്ന് ആരോ പറഞ്ഞത്.എനിക്ക് രണ്ട് പെണ്‍മക്കളാണ്, മൂത്തമകള്‍ ധ്വനിയും ഇളയമകള്‍ ധാത്രിയും. ധാത്രിക്ക് ഏകദേശം എട്ട് വയസ്സുള്ളപ്പോള്‍, നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് വിജയ് സൂപ്പറും പൗര്‍ണമിയുംഎന്ന ചിത്രത്തിലേക്ക് ഒരു കുട്ടിയെ ആവശ്യമുണ്ടെന്ന് അറിഞ്ഞത്. അവള്‍ ആ സമയത്ത് കുറച്ച് ആക്ടീവായി പല കാര്യങ്ങളിലും പങ്കെടുക്കുന്നുണ്ടായിരുന്നു.
അങ്ങനെയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അവളെ കാണുന്നതും പിന്നീട് ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിലേക്ക് അവള്‍ തിരഞ്ഞെടുക്കപ്പെട്ടതും. ഷൂട്ടിങ്ങിനായി അവള്‍ക്കൊപ്പം ഞാനും പോയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ജിസ് ജോയ് എന്നോട് ചോദിച്ചു, ''ചേച്ചി, ഈ ഒരു സീനില്‍ അഭിനയിക്കാന്‍ വരുമോ?'' എന്ന്. സിനിമയില്‍ അഭിനയിക്കണമെന്ന് ഞാന്‍ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്തതിനാല്‍ ആദ്യം എനിക്ക് അത്ഭുതമായിരുന്നു. പക്ഷേ, എന്റെ ഭര്‍ത്താവും മക്കളും ഉള്‍പ്പെടെ ഞങ്ങള്‍ നാലുപേരും ആ ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തില്‍ എന്റെ ഭര്‍ത്താവായിത്തന്നെയാണ് എന്റെ ഭര്‍ത്താവ് അഭിനയിച്ചത്.
'ബെത്ലഹേം കുടുംബ യൂണിറ്റ്'എന്ന സിനിമയിലേക്ക് എത്തിയത് ഒരു നിമിത്തമായിട്ടാണ് കാണുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ഈ സിനിമ ലഭിക്കുന്നത്. ഡിസംബര്‍ 2-നാണ് എന്റെ ഭര്‍ത്താവ് മരിച്ചത്, ജനുവരി 2, 2026-നാണ് സിനിമയുടെ പൂജ നടന്നത്. മാത്രവുമല്ല അമ്മയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ച് സര്‍ജറിയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലും വീട്ടിലുമായി ഓടിനടക്കുന്ന സമയമായിരുന്നു അത്. 'മധുരമനോഹര മോഹം' എഴുതിയ രണ്ട് റൈറ്റര്‍മാരില്‍ ഒരാളായ ജയ് വിഷ്ണു, ഈ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറോട് സംസാരിക്കുന്നതിനിടെ എന്റെ പേര് പറയുകയായിരുന്നു. അങ്ങനെയാണ് അസോ. ഡയറക്ടറും എഡിയുമായ നീതു എന്നെ വിളിക്കുന്നത്.
'ഗിരീഷേട്ടന്റെ പടമാണ്' എന്ന് നീതു പറഞ്ഞപ്പോള്‍, എന്റെ മനസ്സില്‍ പെട്ടെന്ന് ഗിരീഷ് എന്ന മാജിക്കല്‍ ഡയറക്ടറുടെ മുഖമാണ് വന്നത്. ഹോസ്പിറ്റലില്‍ അമ്മയ്ക്ക് വേറൊരാളെ കൂട്ടിന് ഇരുത്തിയാണ് ഞാന്‍ ഓഡിഷന് പോയത്. അതുകൊണ്ട് തന്നെ ഏറെ സംഘര്‍ഷാവസ്ഥകള്‍ മറികടന്നാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയതെന്നും മഞ്ജു ശ്രീ പങ്ക് വ്ച്ചു.
തന്റെ വിവാഹം ഒരു പ്രണയവിവാഹമായിരുന്നു. ഞാനും ഭര്‍ത്താവും ഒരേ ചാനലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. അവിടെവച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നതും ഇഷ്ടപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം പ്രണയം വളരെ മനോഹരമായ അനുഭവമാണെന്നും താരം പറഞ്ഞു.