ജാവ അത്ര സിംപിളല്ല എന്ന സിനിമാ ഡയലോഗു പോലെയാണ് മനുഷ്യ ശരീരത്തില്‍ ഹോര്‍മോണുകള്‍. അതില്‍ വരുന്ന ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും വലിയ ശാരീരിക മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. മാസമുറയ്ക്ക് മുന്‍പും മാസമുറ സമയത്തും അതിനു ശേഷവും സ്ത്രീകള്‍ കടന്നു പോകുന്നത് അവര്‍ക്കു പോലും തിരിച്ചറിയാന്‍ സാധിക്കാത്ത മാനസിക പിരിമുറുക്കങ്ങളിലൂടെ ആയിരിക്കും. ഒരുപക്ഷെ അത് ഭര്‍ത്താവിനോ മക്കള്‍ക്കോ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകര്‍ക്കോ മാത്രമെ മനസിലാക്കാന്‍ സാധിക്കൂ. ഒരു കാര്യവുമില്ലാതെ വെറുതെ കരച്ചില്‍ വരിക, സങ്കടം വരിക എന്നിങ്ങനെ പോകും അതിന്റെ ലക്ഷണങ്ങള്‍. ഈ അമ്മയ്ക്ക് വല്ല വട്ടുമുണ്ടോ.. എന്ന മക്കളുടെ ചോദ്യവും ഭര്‍ത്താവുമായുള്ള പിണക്കങ്ങളും ഒക്കെ ഈ ദിവസങ്ങളില്‍ സ്വാഭാവികവുമായിരിക്കും.
എന്നാല്‍ ഭാര്യയുടേയോ അമ്മയുടേയോ ഈ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ഭര്‍ത്താവോ മക്കളോ ഒപ്പം നിന്നാല്‍ അവര്‍ക്കുണ്ടാകുന്ന ആശ്വാസവും ചെറുതായിരിക്കില്ല. എന്നാല്‍ ഇത് ഒരു സാധാരണ ഹോര്‍മോണ്‍ വ്യത്യാസമാണ്. എന്നാല്‍, ഈ ഹോര്‍മോണുകളിലെ വലിയ വ്യത്യാസം കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ വരെ താളംതെറ്റിയവരുണ്ട്. അതിലൊരാളാണ് നടി മഞ്ജു പത്രോസും. പലരും ഇതു തുറന്നു പറയാന്‍ മടിക്കുന്നിടത്താണ് മഞ്ജു ഇക്കാര്യം തുറന്നു പറഞ്ഞതും പിന്നാലെ അതേ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന അനേകായിരം സ്ത്രീകള്‍ വെളിപ്പെടുത്തലുകളുമായി എത്തിയതും.
മഞ്ജു പത്രോസിനെ പോലെ വിവാഹം കഴിഞ്ഞ് മക്കളുണ്ടായി വര്‍ഷങ്ങള്‍ കഴിയവേയാണ് ജീവിത ശൈലികളിലും മറ്റും സ്ത്രീകള്‍ക്ക് മാറ്റം വരുന്നത്. മാനസിക പിരിമുറുക്കങ്ങളും ശരീരത്തില്‍ എപ്പോഴും ചൂടും വിയര്‍പ്പും മാസമുറ കൃത്യമല്ലാതിരിക്കുകയും വയറുവേദനയും ഒക്കെ കലശലായപ്പോഴാണ് മഞ്ജു പത്രോസും ഡോക്ടറെ കാണുന്നത്. വിശദമായ പരിശോധനയില്‍ തിരിച്ചറിഞ്ഞത് ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്ഡുകളും സിസ്റ്റുകളുമാണ്. ഉടനടി തന്നെ സര്‍ജറിയിലൂടെ അതു നീക്കം ചെയ്തെങ്കിലും അവിടം കൊണ്ടും പ്രശ്നങ്ങള്‍ തീര്‍ന്നില്ല. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഉറക്കം പോലും നഷ്ടപ്പെട്ട് തലച്ചോറില്‍ കടുകു വറുത്തിട്ടപോലൊരു അവസ്ഥ. എപ്പോഴും കരച്ചിലും സങ്കടവും. എന്നാല്‍ സര്‍ജറിയ്ക്കു ശേഷം അതില്‍ നിന്നെല്ലാം മാറ്റം വന്നു. ഉറക്കം തിരിച്ചു കിട്ടി. മാനസിക സമ്മര്‍ദ്ദം കുറഞ്ഞു.
എന്നാലിപ്പോഴും ഏസിയില്‍ നിന്നാല്‍പോലും ശരീരത്തില്‍ ചൂടും വിയര്‍പ്പും വരും. അതിനായി ഇപ്പോള്‍ തുടര്‍ ചികിത്സയ്ക്ക് ഒരുങ്ങുകയാണ് നടി. ഒരു വിദേശ യാത്രയില്‍ വിമാനത്താവളത്തില്‍ വച്ച് ഒരു ഉദ്യോഗസ്ഥനോട് ആവശ്യമില്ലാതെ താന്‍ കയര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്തതിനു പിന്നില്‍ ഈ ഹോര്‍മോണിന്റെ കളിയാണെന്ന് പിന്നീടാണ് മഞ്ജുവിന് തിരിച്ചറിയാന്‍ പോലും സാധിച്ചത്. താന്‍ പോലുമറിയാതെ അവളൊരു നാഗവല്ലിയായി മാറുകയാണ് എന്നു പറയുന്നതു പോലെയാണ് ഹോര്‍മോണുകളും സ്ത്രീ ശരീരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
മഴവില്‍ മനോരമയിലെ 'വെറുതെയല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മഞ്ജു പത്രോസ് പിന്നീട് മറിമായം എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ധാരാളം ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരം സിനിമകളിലും ശ്രദ്ധ നേടി. ബിഗ് ബോസ് റിയാലിറ്റി ഷോയിലും മഞ്ജു പങ്കെടുത്തിരുന്നു. ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്ഡും സിസ്റ്റുകളും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ചികിത്സയ്ക്കു വേണ്ടി അഭിനയരംഗത്ത് നിന്ന് ചെറിയൊരു ഇടവേളയും മഞ്ജു എടുത്തിരുന്നു. അതിനുശേഷം വീണ്ടും സജീവമായി കരിയറില്‍ ശ്രദ്ധ ചെലുത്തുന്നതിന് ഇടയിലാണ് ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുണ്ടായ മാനസികാരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞത്.