ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരികെയെത്തുന്ന മമ്മൂട്ടിക്ക് ആശംസയുമായെത്തുകയാണ് സഹപ്രവര്‍ത്തകരും ചലച്ചിത്ര പ്രേമികളും. സിനിമാ ലോകത്തും രാഷ്ട്രീയ മേഖലയിലും കലാമേഖലയിലുമടക്കം ലോകമെമ്പാടുമുള്ള മലയാളികള്‍ മമ്മൂട്ടിയുടെ തിരിച്ച് വരവ് ആഘോഷമാക്കുകയാണ്. നിരവധി കുറിപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യലിടത്തില്‍ നിറയുന്നത്.
തൃക്കാക്കര എംഎല്‍എ ഉമാ തോമസ് പങ്ക് വച്ചതിങ്ങനെയാണ്. ഓര്‍മയിലേക്ക് തിരിച്ചുവന്ന ദിവസങ്ങളില്‍ താന്‍ ആദ്യം കണ്ട ആശംസാ സന്ദേശം മമ്മൂക്കയുടേതായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. 'എണ്ണിയാലൊടുങ്ങാത്ത പ്രാര്‍ത്ഥനകളുടെ പിന്‍ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരാളുടെ ആശ്വാസം നന്നായറിയുന്ന ഒരാളല്ലേ ഞാന്‍. ഓര്‍മയിലേക്ക് തിരിച്ചുവന്ന ദിവസങ്ങളില്‍ ഞാനാദ്യം കണ്ട ആശംസാ സന്ദേശവും മമ്മൂക്കയുടേത് തന്നെയായിരുന്നല്ലോ. വാര്‍ത്തയറിയുമ്പോള്‍ മനസിന് നല്ല തണുപ്പ്. സമാധാനം'- ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
മ്മൂട്ടിയുടെ തിരിച്ചുവരവ് അത്യധികം ആഗ്രഹിച്ച വാര്‍ത്തയാണ് എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചത്. മമ്മൂട്ടി ഊര്‍ജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേള്‍ക്കുന്നതെന്നും കോടിക്കണക്കിന് മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിനും നന്ദിയെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടിയെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. 'കാത്തിരിപ്പിനൊടുവില്‍ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടി ഊര്‍ജ്ജസ്വലനായി തിരിച്ചെത്തുന്നു എന്ന വാര്‍ത്ത അങ്ങേയറ്റം സന്തോഷം പകരുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാന്‍ സകല മലയാളികള്‍ക്കൊപ്പം കാത്തിരിക്കുന്നു!: രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂക്ക രോഗവിമുക്തനായെന്ന വാര്‍ത്ത ഏറെ ആശ്വാസം നല്‍കുന്നുവെന്ന് നടന്‍ ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പൂര്‍ണ്ണ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവ് ആശംസിക്കുന്നുവെന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ, നമ്മുടെ പ്രിയ മമ്മൂക്ക രോഗവിമുക്തനായി എന്ന വാര്‍ത്ത ഏറെ ആശ്വാസം നല്‍കുന്നു. അദ്ദേഹത്തിന് പൂര്‍ണ്ണ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവ് ആശംസിക്കുന്നു. പഴയതിലും തിളക്കത്തോടെ മമ്മൂക്കയെ കാണാന്‍ കാത്തിരിക്കുന്നു. സ്‌നേഹത്തോടെ,' എന്നായിരുന്നു ഷമ്മിയുടെ കുറിപ്പ്.
മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയ ചിത്രത്തോടൊപ്പമായിരുന്നു ഷമ്മി തിലകന്‍ പോസ്റ്റ് പങ്കുവച്ചത്. വിവിധ മേഖലകളില്‍ നിന്ന് നിരവധിയാളുകളാണ് മമ്മൂട്ടിയുടെ മടങ്ങിവരവില്‍ സന്തോഷം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് ചുംബനം നല്‍കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്.
സിനിമ വിട്ട് താങ്കള്‍ എവിടെപ്പോകാന്‍ ? അത്രമേല്‍ താങ്കള്‍ സിനിമയെ സ്നേഹിക്കുന്നുവല്ലോ , അതിനേക്കാളുമപ്പുറംഅങ്ങയെ ഞങ്ങളും സ്നേഹിക്കുന്നുണ്ടല്ലോ'', എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുളള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
മ്മൂട്ടിയുടെ ' പുഴു' ചിത്രത്തിന്റെ സംവിധായിക രത്തീന പി ടിയും തന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ' ഡബിള്‍ ഓകെ' എന്ന തലക്കെട്ടോടെ മമ്മൂട്ടിയുമൊത്തുളള ഒരു ചിത്രം രത്തീന പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ജുവല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
നന്മയുളളവര്‍ക്ക് എന്നും ദൈവത്തിന്റെ കൂട്ടുണ്ട്. മനസ്സില്‍ എന്നും നന്മ മാത്രം സുക്ഷിക്കുന്ന മമ്മൂക്കയുടെ വരവ് നല്കുന്ന സന്തോഷം വലുതാണ്. ഈ ഒരു തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച അനേകകോടികളിലൊരാളായിരുന്നു ഞാനും. വരിക പ്രിയപ്പെട്ട മമ്മൂക്ക, പൂര്‍വ്വാധികം കരുത്തോടെ തിരിച്ചുവരിക'' മമ്മൂട്ടിയ്ക്കൊപ്പമുളള ചിത്രത്തിനൊപ്പം ഷാജി കൈലാസ് കുറിച്ചു.
നടനും സംവിധായകനുമായ എം.ബി പത്മകുമാര്‍ പങ്കുവെച്ച് കുറിപ്പ് ശ്രദ്ധനേടുന്നു. ഹരികൃഷ്ണന്‍ തിരക്കഥയെഴുതി ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് സിനിമയില്‍ മമ്മൂട്ടിക്കൊപ്പമുളള ചിത്രീകരണാനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു പത്മകുമാറിന്റെ കുറിപ്പ്.
ആരാണ് നീലന്‍ ചെയ്യുന്നത്?'' ''പത്മകുമാറാണ്... 'നിവേദ്യം' സിനിമയില്‍ അഭിനയിച്ച നടന്‍.
അയാളെ വിളിക്കൂ...'
എന്റെ ആദ്യ രംഗം മൈസൂര്‍ കൊട്ടാരത്തിലെ പടിക്കെട്ടുകള്‍. സ്രാങ്കിനോട് പറയേണ്ട ഡയലോഗ് തുടങ്ങുന്നത്, ''എടാ സ്രാങ്കേ...' എന്ന് വിളിച്ചു കൊണ്ടാണ്.. സ്‌ക്രിപ്റ്റ് കൈയില്‍ കിട്ടിയതുമുതല്‍ ഹൃദയം പിടക്കുന്നു,''പാളിപ്പോയാല്‍? ശബ്ദം പുറത്ത് വരാതിരുന്നാല്‍?''പട്ടണം റഷീദിക്ക നീലനെ ഒരുക്കിയെടുക്കാനുള്ള ജോലികള്‍ തുടരുമ്പോഴും എന്റെ മനസ്സ് മുഴുവന്‍ ഒരേയൊരു ചിന്ത, ''മമ്മൂട്ടി സാറിനൊപ്പം, ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍...'ഷാജി സാര്‍ ''ആക്ഷന്‍'' വിളിക്കുന്ന നിമിഷം ഹൃദയം പൊട്ടിത്തെറിക്കുമെന്ന തോന്നല്‍.
'ഞാന്‍ പാളുമോ? നീലനാകാന്‍ കഴിയാതിരുന്നാല്‍?''അപ്പോള്‍, പിന്നില്‍ നിന്നൊരു ശബ്ദം, ''മമ്മുക്കാ വിളിക്കുന്നു...'മേക്കപ്പ് പൂര്‍ത്തിയാക്കി, ഞാന്‍ ചെന്നു. മമ്മൂട്ടി സാര്‍ ചാരുകസേരയില്‍ ഇരിക്കുകയാണ്....
'ഗുഡ്‌മോണിങ് സാര്‍...' പതുക്കെ ഞാന്‍ പറഞ്ഞു.മുഖം തിരിച്ച് എന്നെ നോക്കി... ചിരിച്ചോ എന്നെനിക്കറിയില്ല... മനസ്സില്‍ ഒരുപാട് ആരാധിച്ച ബഹുമാനിച്ച..മമ്മൂട്ടിസാര്‍ എന്നെ നോക്കുന്നു...നിവേദ്യം കഴിഞ്ഞ് ലോഹിസാറാണ് മമ്മൂട്ടി സാറിന്റെ നമ്പര്‍ എനിക്ക് തന്നത്... ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്...നേരിട്ട് ഇപ്പോഴാണ് കാണുന്നത്...
മമ്മൂട്ടി സാര്‍ ചോദിച്ചു:
'എപ്പോഴാണ് എത്തിയത്?''
'ഇന്നലെ, സാര്‍,'' ഞാന്‍ മറുപടി നല്‍കി.
പിന്നെ ഒന്നും പറഞ്ഞില്ല.
, 'പോകാം,'' കൂട്ടിക്കൊണ്ട് വന്നയാള്‍ പറഞ്ഞു...
എന്റെ ഉള്ളിലെ ഭാരം കൂടി. ''എന്താണ്? അദ്ദേഹം അധികം സംസാരിക്കാത്തത്... നീലനായി ഞാന്‍ ശരിയല്ലേയോ?''ഷൂട്ടിംഗ് സമയമെത്തി.
സ്രാങ്കായി മമ്മൂട്ടി സാറും,പത്മകുമാറായി ഞാനും.ഹൃദയം പൊട്ടിത്തെറിക്കുന്ന പോലെ. ''തെറ്റും... തീര്‍ച്ചയായും തെറ്റും...'ലൈറ്റ് പരിശോധന അവസാനിച്ചു. അഞ്ജലി, ''ഷോട്ട് റെഡി,'' എന്നു അറിയിച്ചു.
എന്റെ ഹൃദയത്തിന്റെ ഭാരം കൂടി... ഞാന്‍ തലകുനിച്ചു...എന്റെ തോളില്‍ ഒരു കൈ.ഞാന്‍ മുഖമുയര്‍ത്തി നോക്കി... മമ്മൂട്ടി സാര്‍, ചിരിച്ചുകൊണ്ട് എന്നെ നോക്കുന്നു...
'ക്യാമറയ്ക്ക് മമ്മൂട്ടിയെയും പത്മകുമാറിനെയും അറിയില്ല. ഇവിടെ സ്രാങ്കും നീലനും മാത്രമേ ഉണ്ടായിരിക്കൂ. ടെന്‍ഷന്‍ വേണ്ട.'' ആ വാക്കുകള്‍,
എന്റെ ആത്മാവിലെ ഇരുട്ടിലേക്ക് ഒരു വെളിച്ചമായി ഒഴുകി.
ആക്ഷനു മുന്‍പ്, ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു തൊഴുതു.അന്ന്, ആദ്യ ടെക്കില്‍ തന്നെ, എനിക്ക് ഭംഗിയായി അഭിനയിക്കാന്‍ സാധിച്ചു...
അന്ന് മുതല്‍ ഇന്നുവരെയും, ആ വാക്കുകള്‍,എന്റെ യാത്രയ്ക്ക് വഴികാട്ടിയായി...
ദൂരെ ഒരു നക്ഷത്രം, താഴേക്ക് എന്നെയും നോക്കുന്നു എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, ഷൂട്ടിംഗ് അവസാനിച്ച ദിവസം, കായലോരത്ത് ലൊക്കേഷന്‍. ഞാന്‍ യാത്ര ചോദിച്ചു. മമ്മൂട്ടി സാര്‍ ചിരിച്ചു പറഞ്ഞു: ''ഇനിയും കാണാം.''
വീട്ടിലെത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ജോര്‍ജ് ചേട്ടന്റെ വിളി വന്നു...' ജോണി ആന്റണിയെ പോയി കാണാന്‍...മമ്മുക്ക പറഞ്ഞു''
'പട്ടണത്തില്‍ ഭൂതം' സിനിമയില്‍ സര്‍ക്കസിലെ ബൈക്ക് റേസറായ 'തേജ' എന്ന കഥാപാത്രത്തിന് എന്നെ ശുപാര്‍ശ ചെയ്തത് മമ്മൂട്ടി സാറായിരുന്നു.
ബോംബയില്‍ നിന്ന് ജോണി ആന്റണി നേരത്തെ തീരുമാനിച്ചിരുന്ന നടനെ മാറ്റിയത് മമ്മുട്ടിസാറിന്റെ ശക്തമായ ശുപര്‍ശയായിരുന്നുവെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. എന്റെ സിനിമാ അഭിനയ കരിയറിലെ തിരശ്ശീല വീണതും പട്ടണത്തില്‍ ഭൂതത്തിലെ തേജയെന്ന കഥാപാത്രമായിരുന്നു എന്നതും മറ്റൊരു സത്യം.
കഴിഞ്ഞ കുറച്ച് നാളായി മമ്മൂട്ടി സാറിന് സുഖമില്ലെന്ന് മാധ്യമങ്ങളില്‍ കൂടി അറിഞ്ഞപ്പോള്‍ മുതല്‍, ഞങ്ങളുടെ കുടുംബത്തിന്റെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹം ഉണ്ടായിരുന്നു. കടപ്പാടുകൊണ്ടല്ല... ആരാധനകൊണ്ടല്ല... അതിലുമപ്പുറം എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ദൂരെ നിന്ന് നോക്കുന്ന ഒരു വലിയ ഹൃദയത്തിനു വേണ്ടി,ദുരെ നിന്ന് ചേര്‍ത്തുപിടിക്കുന്നഒരു ജ്യേഷ്ഠനോടുള്ള കരുതല്‍..
ഇന്ന് അറിഞ്ഞു, അദ്ദേഹം വീണ്ടും പൂര്‍ണ്ണാരോഗ്യത്തോടും ശക്തിയോടും തിരികെ വന്നിരിക്കുന്നു. മനസ്സിന് ഒരാശ്വാസം. ദൈവത്തോടുള്ള നന്ദി...
മമ്മൂട്ടി സാര്‍ എന്നും കരുത്തോടെജീവിതത്തെയും സിനിമയെയും മനോഹരമാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു... എം.ബി പത്മകുമാര്‍ കുറിച്ചു