മമ്മൂട്ടി വീണ്ടും അഭിനയത്തില്‍ സജീവമാകും. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടിയുമായി ഏറെ അടുപ്പമുള്ള നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ മമ്മൂട്ടി എത്തുമെന്നാണഅ പ്രഖ്യാപനം. മോഹന്‍ലാല്‍ അടക്കമുള്ള വന്‍ താരനിര ഈ ചിത്രത്തിന്റെ ഭാഗമാണ്. പാട്രിയേറ്റിന്റെ ഷൂട്ടിംഗ് ഹൈദരബാദില്‍ ബുധനാഴ്ച തുടങ്ങും.
ആന്റോ ജോസഫിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ
പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍.
ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു.
മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.
പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.
മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ചിത്രം പങ്കുവച്ച് കോസ്റ്റ്യൂം ഡിസൈനര്‍ അഭിജിത്ത് സി ചില സൂചനകള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇളം മഞ്ഞ ഷര്‍ട്ടും ജീന്‍സും ധരിച്ച് വരാന്തയിലെ കസേരയില്‍ ഇരിക്കുന്ന അഭിജിത്തിന്റെ ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയത്. ഫോട്ടോയ്ക്ക് ലൈറ്റ് സെറ്റ് ചെയ്തത് മമ്മൂട്ടിയുടെ പേഴ്സണല്‍ സെക്രട്ടറിയും നിര്‍മാതാവുമായ ജോര്‍ജ് ആണെന്നും അഭിജിത്ത് പറഞ്ഞിരുന്നു. മമ്മൂട്ടി ഫോട്ടോ എടുത്തതിലുള്ള സന്തോഷം ആ ചിത്രസഹിതം അഭിജിത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന സൂചനയും അഭിജിത്ത് പങ്കുവച്ചിരുന്നു. അഭിജിത്തിന്റെ വാക്കുകള്‍: 'എന്റെ കണ്ണിലെ നൂറൂ വാട്ട് തെളിച്ചം കണ്ടാല്‍ തോന്നും മമ്മൂക്കയെ കണ്ടപ്പോഴാണെന്ന്..? അതെ...ഫോട്ടം പിടിക്കണത് മമ്മൂക്കയാണ്. ലൈറ്റ് അറേഞ്ച്മെന്റ് ബൈ ജോര്‍ജ്ജേട്ടന്‍. മനസ്സിലായി ... നിങ്ങള് ചോദിക്കാന്‍ പോണത് തിരിച്ചുള്ള ആ ഒരു എന്‍ട്രി എപ്പോ കാണാം എന്നല്ലേ...? 10...9...8...'
ചെന്നൈയില്‍ നിന്ന് എടുത്ത ചിത്രമാണ് അഭിജിത്ത് പങ്കുവച്ചത്. മമ്മൂട്ടി പകര്‍ത്തിയ ചിത്രമാണെന്ന് അറിഞ്ഞതോടെ ആരാധകരും ആവേശത്തിലായി. മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി മികവിനെ പ്രശംസിച്ചും അദ്ദേഹത്തിന്റെ തിരിച്ചുവരവിലുള്ള പ്രതീക്ഷ അറിയിച്ചും ആരാധകര്‍ കമന്റ് ചെയ്തു. 'അടുത്ത അധ്യായത്തിന് വേണ്ടി അദ്ദേഹം ഒരുങ്ങി കഴിഞ്ഞു, കൂടെ ഞങ്ങളും,' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ മൂലം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടി ഒന്നിച്ചെത്തുന്ന മഹേഷ് നാരായണന്‍ ചിത്രം 'പാട്രിയറ്റി'ന്റെ ചിത്രീകരണത്തിലാകും അദ്ദേഹം ആദ്യമെത്തുക എന്നാണ് സൂചന.