മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി ലിറ്റ്) സ്വീകരിച്ച് നടന്‍ മമ്മൂട്ടി. കോട്ടയത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അദ്ദേഹത്തിന് ബിരുദം നല്‍കി ആദരിച്ചു. കുട്ടിക്കാലത്ത് തന്നെ ഒരു ഡോക്ടറാക്കണമെന്ന് തന്റെ അച്ഛന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ 45 വര്‍ഷമായി സിനിമയിലൂടെ പ്രേക്ഷകരെ 'ട്രീറ്റ്' ചെയ്യാന്‍ തനിക്ക് കഴിഞ്ഞുവെന്നും മമ്മൂട്ടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ഡോക്ടറേറ്റ് എന്ന് പറയുന്നത് വലിയൊരു അംഗീകാരമാണ്. എന്റെ അച്ഛന് എന്നെ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, എനിക്ക് അച്ഛന്റെ ആ ആഗ്രഹം അന്ന് നിറവേറ്റാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ എനിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഡോക്ടറേറ്റാണിത്. രോഗികളെ അല്ലെങ്കിലും കഴിഞ്ഞ 45 വര്‍ഷമായി സിനിമയിലൂടെ നിങ്ങളെ ട്രീറ്റ് ചെയ്യാന്‍ എനിക്ക് സാധിച്ചു. എന്റെ അവസാന ശ്വാസം വരെയും നിങ്ങളെ ഇനിയും എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും ചേര്‍ത്തുനിര്‍ത്തലിനും നന്ദി'- മമ്മൂട്ടി വൈകാരികമായി കുറിച്ചു.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മമ്മൂട്ടിക്ക് സര്‍വ്വകലാശാല ഡി ലിറ്റ് സമ്മാനിച്ചത്. മമ്മൂട്ടിയെ കൂടാതെ പ്രശസ്ത നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, പ്രമുഖ വാസ്‌കുലര്‍ സര്‍ജന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്കും ചടങ്ങില്‍ ഓണററി ബിരുദം നല്‍കി ആദരിച്ചു. പ്രോ-ചാന്‍സലറും മന്ത്രിയുമായ റോജി എം. ജോണും ചടങ്ങില്‍ പങ്കെടുത്തു.