Latest News

ചിങ്ങം പിറന്നപ്പോള്‍ കേള്‍വിയുടെ പുതു വര്‍ഷത്തിലേക്ക് കാതുതുറന്ന് വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും; ചിങ്ങപ്പിറവിയില്‍ മമ്മൂട്ടിയുടെ സമ്മാനം എത്തിയ കുടുംബത്തിന്റെ കഥ

Malayalilife
ചിങ്ങം പിറന്നപ്പോള്‍ കേള്‍വിയുടെ പുതു വര്‍ഷത്തിലേക്ക് കാതുതുറന്ന് വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും; ചിങ്ങപ്പിറവിയില്‍ മമ്മൂട്ടിയുടെ സമ്മാനം എത്തിയ കുടുംബത്തിന്റെ കഥ

മമ്മൂട്ടി കൊടുത്തയച്ച കുഞ്ഞു റേഡിയോയില്‍ 'കാതോടുകാതോരം...' എന്ന പഴയ പാട്ട് ഒഴുകിയെത്തുമ്പോള്‍, ആനന്ദക്കണ്ണീരോടെ അമ്മ ബോബിന മക്കളെ ചേര്‍ത്തുപിടിച്ചു. 'മമ്മൂക്ക മക്കള്‍ക്ക് നല്‍കിയ കേള്‍വിയാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഓണസമ്മാനം!' - കസവു മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷര്‍ട്ടും ധരിച്ച് ചിങ്ങപ്പുലരിയെ വരവേറ്റ ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു. 

ജന്മനാ കേള്‍വിശക്തിയില്ലാതിരുന്ന വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലിനും മിഹോക്കിനും കേള്‍വിയുടെ പുതിയൊരു ലോകത്തേക്ക് വാതില്‍ തുറന്നിരിക്കുകയാണ് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള 'കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും' ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന 'കാതോടു കാതോരം' പദ്ധതിയിലൂടെയാണ് ഇരുവരുടെയും സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. 

ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്ത മകന്‍ മിഖായേലിന് രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ കേള്‍വി തകരാര്‍ തിരിച്ചറിയുന്നത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുരച്ചുപാഞ്ഞടുത്ത നായയെ കണ്ടിട്ടും കേള്‍വിയില്ലാത്തതിനാല്‍ മിഖായേല്‍ മാറിയിരുന്നില്ല. ആദ്യം കാണിച്ച ആശുപത്രിയില്‍ നാക്കിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് തിരിച്ചയച്ചെങ്കിലും പിന്നീട് കട്ടപ്പനയില്‍ നടത്തിയ പരിശോധനയിലാണ് ഉള്ളിലെ കേള്‍വികോശങ്ങള്‍ക്ക് തകരാറാണെന്ന് മനസ്സിലായത്. ഇതിനിടെ രണ്ടാമത്തെ കുട്ടിയായ മിഹോക്കിനും സമാനമായ തകരാര്‍ കണ്ടെത്തി. 

ചെറിയ പ്രായത്തില്‍ തന്നെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ കുട്ടികള്‍ക്ക് കേള്‍വിയും സംസാരശേഷിയും വീണ്ടെടുക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. എന്നാല്‍, വണ്ടിപ്പെരിയാറിലെ ലായത്തില്‍ കഴിയുന്ന ദിവസവേതനക്കാരനായ സോനുവിന് ഇരുമക്കളുടെയും ശസ്ത്രക്രിയക്കായി ആവശ്യമായ 25 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു. സര്‍ക്കാരിന്റെ സൗജന്യ ശസ്ത്രക്രിയാ പദ്ധതിയുടെ കാത്തിരിപ്പ് പട്ടികയില്‍ പേരുനല്‍കി കാത്തിരിക്കുമ്പോഴാണ് ബോബിന പത്രത്തിലൂടെ 'കാതോട് കാതോരം' പദ്ധതിയെക്കുറിച്ച് അറിയുന്നതും കെയര്‍ ആന്‍ഡ് ഷെയറിന് അപേക്ഷ നല്‍കുന്നതും. തുടര്‍ന്ന് കുട്ടികളുടെ മുഴുവന്‍ ചികിത്സാച്ചെലവും സംഘടന ഏറ്റെടുക്കുകയായിരുന്നു. 

ആലുവ രാജഗിരി ആശുപത്രിയിലെ ഇ.എന്‍.ടി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോര്‍ജ്, ഇ.എന്‍.ടി സര്‍ജന്‍ ഡോ. സജിത്ത് അബ്രഹാം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, ഇംപ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ എല്‍ജി എം. മാത്യു, സീനിയര്‍ ഓഡിയോളജിസ്റ്റ് അബിന്‍ ലാസര്‍, സീനിയര്‍ സ്പീച്ച് തെറാപ്പിസ്റ്റ് സാറ പോള്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ഇരു കുട്ടികളുടെയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. 

ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്‌നലുകളാക്കി മാറ്റി നേരിട്ട് ശ്രവണനാഡിയിലേക്ക് എത്തിക്കുന്ന അത്യാധുനിക കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സാങ്കേതികവിദ്യയിലൂടെയാണ് ഈ കുരുന്നുകള്‍ക്ക് പുതിയ ജീവിതം തിരികെ ലഭിച്ചത്. ജന്മനാ കേള്‍വിയില്ലാത്ത കുട്ടികളില്‍ എത്രയും വേഗം ഈ ശസ്ത്രക്രിയ ചെയ്യുന്നത് സ്വാഭാവികമായ സംസാരശേഷി കൈവരിക്കാന്‍ സഹായിക്കുമെന്ന് ഡോ. രാജേഷ് രാജു ജോര്‍ജ് വ്യക്തമാക്കി. നിലവില്‍ ശബ്ദങ്ങള്‍ തിരിച്ചറിയാനും സംസാരിക്കാനുമുള്ള ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി പരിശീലനത്തിലാണ് മിഖായേലും മിഹോക്കും.

Read more topics: # മമ്മൂട്ടി
mammootty kathodu kathoram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES