സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് ദുല്‍ഖറിന്റെ മകള്‍ മറിയം. മകളുടെ ചിത്രങ്ങള്‍ ദുല്‍ഖര്‍ പലപ്പോഴും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. രണ്ടര വയസാണ് മറിയത്തിന്റെ പ്രായം. മകള്‍ ജനിച്ച ശേഷം തങ്ങളുടെ ലോകം തന്നെ മാറിയെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയും ഭാര്യയും ദുല്‍ഖറും അമാലും കുഞ്ഞും ഒരേ വീട്ടിലാണ് കഴിയുന്നത്. ഇപ്പോള്‍ മറിയം ജനിച്ച ശേഷം ദുല്‍ഖറിന് ഉണ്ടായ മാറ്റം എന്തെന്ന് ചോദ്യത്തിന് മമ്മൂട്ടിയുടെ രസകരമായ ഉത്തരം വൈറലായി മാറുകയാണ്.
ഇന്ന് വെളളിത്തിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒട്ടുമിക്ക യുവതാരങ്ങളും വിവാഹിതരും കുഞ്ഞുങ്ങള്‍ ഉളളവരുമാണ്. ദുല്‍ഖര്‍, പൃഥ്വിരാജ്, തുടങ്ങി യുവതാരങ്ങളെല്ലാം വിവാഹിതരും കുഞ്ഞുങ്ങളുളളവരുമാണ്. മമ്മൂട്ടിയെ പോലെ തന്നെ മലയാളികള്‍ക്ക് താരപുത്രനെയും ഇഷ്ടമാണ്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ മാത്രമല്ല, താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ദുല്‍ഖറിന്റെ മകള്‍ മറിയവും പിതാവിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുടെ പ്രിയങ്കരിയാണ്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. മറിയം അമീറ സല്‍മാനെന്നായിരുന്നു മകള്‍ക്ക് ദുല്‍ഖര്‍ പേരിട്ടത്. എവിടേക്ക് പോയാലും പെട്ടെന്ന് അവള്‍ക്കരികിലേക്ക് എത്താന്‍ തോന്നാറുണ്ടെന്നും അവളോടൊപ്പമുള്ള നിമിഷങ്ങളാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതേ ചോദ്യത്തിന് മമ്മൂട്ടി ഉത്തരം നല്‍കിയിരിക്കയാണ്.
മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച കളരി ഗുരുക്കന്‍മാരെ ആദരിക്കുന്ന ചടങ്ങില്‍, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുട്ടികളും തമ്മിലുള്ള ചോദ്യോത്തര വേളയിലാണ് ഈ ചോദ്യം മമ്മൂട്ടിക്ക് നേരെ ഉയര്‍ന്നത്. മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു ഇത്.
കുട്ടികളുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടിയുടെ ഉത്തരങ്ങള്‍ ചിരി നിറച്ചു.ദുല്‍ഖറിന്റെ ജീവിതത്തില്‍ മകള്‍ മറിയം വരുത്തിയ മാറ്റം എന്താണെന്ന് ഒരു പെണ്‍കുട്ടിയുെട ചോദ്യത്തിന് 'ദുല്‍ഖര്‍ ഒരച്ഛനായി അത്രേയുള്ളൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ രസികന്‍ മറുപടി. ഒരു സെല്‍ഫി എടുത്തോട്ടേയെന്ന് ആ പെണ്‍കുട്ടി ചോദിച്ചതും ചോദ്യത്തിന് സെല്‍ഫി ഇല്ലെന്നായി മമ്മൂട്ടി. 'മമ്മൂക്കയോടുള്ള സ്‌നേഹം കൊണ്ടാ' എന്നായി പെണ്‍കുട്ടി. അങ്ങനെ ചെറിയ കുട്ടികള്‍ ഉള്‍പ്പടെ, സെല്‍ഫിയെടുക്കാനായി ഒരു കുട്ടിക്കൂട്ടം സ്റ്റേജിലെത്തി. കൂട്ടത്തില്‍ ചെറിയ കുട്ടി സെല്‍ഫിയില്‍ പെടാതിരുന്നതും 'എല്ലാം പെട്ടിട്ടുണ്ടോ? അയ്യോ ഒരു ചെറുത്...'എന്ന മമ്മൂക്കയുടെ കമന്റും സദസില്‍ ചിരി നിറച്ചു.