Latest News

ആ കാലത്തൊക്കെ പറഞ്ഞപോലെ അഭ്യാസം കാണിക്കാനുള്ള ധൈര്യം ഉണ്ട്; സെക്യൂരിറ്റി ഒന്നും അത്രമാത്രം കാണില്ല; ചാടി ഒരു വാള്‍ പിടിക്കുന്ന രംഗം ഷൂട്ടിനിടയില്‍ എന്റെ തുടയില്‍ കുത്തിക്കയറി;  ആ പാട് ഇപ്പോഴും ഉണ്ട്;  വടക്കന്‍ വീരഗാഥ റി റീലിസിനൊരുങ്ങുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് മമ്മൂക്ക

Malayalilife
 ആ കാലത്തൊക്കെ പറഞ്ഞപോലെ അഭ്യാസം കാണിക്കാനുള്ള ധൈര്യം ഉണ്ട്; സെക്യൂരിറ്റി ഒന്നും അത്രമാത്രം കാണില്ല; ചാടി ഒരു വാള്‍ പിടിക്കുന്ന രംഗം ഷൂട്ടിനിടയില്‍ എന്റെ തുടയില്‍ കുത്തിക്കയറി;  ആ പാട് ഇപ്പോഴും ഉണ്ട്;  വടക്കന്‍ വീരഗാഥ റി റീലിസിനൊരുങ്ങുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് മമ്മൂക്ക

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയുടെ പുതിയ പതിപ്പ് റിലീസിനൊരുങ്ങുകയാണ്. ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഈ ക്ലാസിക് ചിത്രത്തിനായി കാത്തിരിക്കുന്നത്.ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മമ്മൂട്ടിയും രമേഷ് പിഷാരടിയും ചേര്‍ന്ന് നടത്തിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. വടക്കന്‍ വീരഗാഥയുടെ ചിത്രീകരണ സമയത്തെ ചില ഓര്‍മകള്‍ നടന്‍ പങ്കുവെയ്ക്കുന്നതിന്റെ പ്രൊമോ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു..

സിനിമയുടെ ചിത്രീകരണ സമയത്ത് തുടയില്‍ വാള്‍ കുത്തിക്കയറിയ സംഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി. വാള്‍ കൊണ്ടത് കാണാന്‍ പറ്റാത്തിടത്ത് ആയത് കൊണ്ട് അന്ന് ചിത്രീകരണം മുടങ്ങിയില്ലെന്നും ഇപ്പോഴും ആ മുറിവിന്റെ പാടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു വടക്കന്‍ വീരഗാഥ റീ റിലീസിനൊരുങ്ങവെ മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലില്‍ നടന്‍ രമേഷ് പിഷാരടിയോടുള്ള സംഭാഷണത്തിനിടെയാണ് നടന്റെ പ്രതികരണം.

'ഹോളിവുഡില്‍ ഒക്കെ സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ ഒരു വര്‍ക്ഷോപ്പ് നടത്തും. അവിടെ ഷൂട്ടിങ്ങിനു ഡേറ്റ് വാങ്ങുന്നത് വര്‍ക്ഷോപ്പിന്റെ ഉള്‍പ്പടെ ആണ്. പല രാജ്യങ്ങളിലും അങ്ങനെ ആണ്. പക്ഷേ, നമ്മുടെ നാട്ടില്‍ അന്നും ഇന്നും അതൊന്നും താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. ചന്തു എന്ന കഥാപാത്രം ഞാന്‍ ചെയ്യുമ്പോള്‍ അവിടെ കുതിരയും വാളും പരിചയും കളരിയും ഒക്കെ ഉണ്ട്, അഭ്യാസികള്‍ ഉണ്ട്, കളരി ഗുരുക്കന്മാരൊക്കെ ഷൂട്ടിങ് സെറ്റില്‍ എപ്പോഴും ഉണ്ട്. പക്ഷേ നമ്മള്‍ കളരി അഭ്യാസവും കുതിര അഭ്യാസവും ഒക്കെ പഠിക്കണമെങ്കില്‍ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ.

സിനിമയില്‍ ഈ പറഞ്ഞതുപോലെ നമ്മള്‍ ഈ സിനിമയിലെ ഷോട്ടുകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ ഒരു വലിയ കളരി അഭ്യാസം പൂര്‍ണമായിട്ടും നമ്മള്‍ അഭിനയിക്കില്ല. അതു തെറ്റിപ്പോയാല്‍ തിരുത്തി അഭിനയിക്കാന്‍ പറ്റും. സിനിമയില്‍ അതിന്റെ ചുവടുകളും ശൈലികളും, നമ്മള്‍ ഇംഗ്ലിഷില്‍ പറയുന്ന ആറ്റിറ്റിയൂഡുകള്‍ മാത്രം സൂക്ഷിച്ചിരുന്നാല്‍ സിനിമയില്‍ കറക്റ്റ് ആയിട്ട് തോന്നും. അപ്പോള്‍ കാണിച്ചു തരുന്നത് ഒരു രണ്ടുമൂന്നു പ്രാവശ്യം നമ്മള്‍ പരിശീലിച്ചു കഴിഞ്ഞാല്‍ ഈ വെട്ടും തടയും ഒക്കെ നമുക്ക് പഠിക്കാന്‍ പറ്റും. ആ കാലത്തൊക്കെ ഈ പറഞ്ഞപോലെ അഭ്യാസം കാണിക്കാനുള്ള ധൈര്യം ഉണ്ട്, സെക്യൂരിറ്റി ഒന്നും അത്രമാത്രം ഇല്ല.

എല്ലാ ചാട്ടവും ഓട്ടവും വെട്ടും ഒക്കെ അതിനകത്ത് ഒറിജിനല്‍ തന്നെയാണ്. അതില്‍ ഉപയോഗിച്ച എല്ലാ വാളുകളും മെറ്റല്‍ കൊണ്ട് ഉണ്ടാക്കിയതാണ്, നല്ല ഭാരമുണ്ട്. അതില്‍ ചാടി ഒരു വാള്‍ പിടിക്കുന്ന രംഗമുണ്ട്. തെറിച്ചു പോകുന്ന വാള്‍ ചാടിപ്പിടിക്കുന്ന രംഗം.. എല്ലാ പ്രാവശ്യവും ചാടുമ്പോള്‍ ഈ വാള്‍ പിടി കിട്ടൂല. ഒരു പ്രാവശ്യം ആ വാള്‍ എന്റെ തുടയില്‍ കുത്തി കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. കാണാന്‍ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല. പക്ഷേ ആ പാട് ഇപ്പോഴും ഉണ്ട്. പരിക്കേല്‍ക്കുന്നതൊക്കെ സ്വാഭാവികം ആണ്. അതിനൊന്നും ആര്‍ക്കും പരാതിയൊന്നും ഉണ്ടായിട്ടില്ല. കാരണം ഇതൊക്കെ ഉണ്ടാകും എന്ന് അറിഞ്ഞു തന്നെയാണല്ലോ നമ്മള്‍ വരുന്നത്,' മമ്മൂട്ടി പറഞ്ഞു.

എം ടി സാറിന്റെ അനുവാദമോ അഭിപ്രായമോ എടുക്കാതെ കാസ്റ്റിങ് ഒന്നും നടക്കില്ല. ഞങ്ങള്‍ കുറെ സിനിമകള്‍ അതിനു മുമ്പ് ഒരുമിച്ച് ചെയ്തിട്ടുണ്ട്. അന്നേ ഗുരുതുല്യനായ എം ടിയുടെ അടുത്ത് പിന്നെ എനിക്ക് പ്രത്യേകിച്ച് ചോദിക്കേണ്ടി വന്നിട്ടില്ല. എപ്പോഴും നമുക്ക് പ്രസാദം തരുന്ന ആളാണ്. ഒരു കാര്യം അതിനകത്ത് ഞാന്‍ പ്രത്യേകിച്ച് പറയാന്‍ ആഗ്രഹിക്കുന്നത് ഉണ്ണിയാര്‍ച്ചയില്‍  നമ്മള്‍ കേട്ട് പഴകിയ കഥകളില്‍ ഉള്ള ഒരു രംഗം പോലും ഈ സിനിമയില്‍ ഇല്ലാതില്ല. എല്ലാ രംഗങ്ങളും ഉണ്ട് ഈ സിനിമയില്‍, എല്ലാ സംഭവങ്ങളും ഉണ്ട്. നമ്മള്‍ അറിഞ്ഞത് ഉണ്ണിയാര്‍ച്ചയും ആരോമല്‍ ചേകവരും അല്ലെങ്കില്‍ കുഞ്ഞിരാമനും ഒക്കെ കളരിയില്‍ വളര്‍ന്നതും അവിടെ ചന്തു വരുന്നതും ചന്തുവിന്റെ  അച്ഛന്‍ മലയനോട് തോറ്റു മരിച്ച ആളാണ്, അനാഥനായി അമ്മാവന്‍  എടുത്തോണ്ട് വന്നതാണെന്നൊക്കെ. അമ്മാവന്റെ മകള്‍ മുറപ്പെണ്ണാണ്, കുട്ടിക്കാലത്ത് അവരെ കല്യാണം കഴിച്ചു, ഇതൊക്കെ ഉള്ളതാണ്. 

പക്ഷേ ചന്തു ചതിയനാണ്, ആരോമല്‍ ചേകവരെ കുത്തിക്കൊന്ന ആളാണ്, കുത്തുവിളക്കിന്റെ തണ്ട് താഴ്ത്തിയ ആളാണ്. അതൊക്കെ സിനിമയില്‍ ഉണ്ട്. ഒരക്ഷരം പോലും വിടാതെ സിനിമയിലുണ്ട്. പക്ഷേ, സിനിമ കണ്ടുപോകുമ്പോള്‍ ചന്തു ഒരു ഭാരമായി മനസ്സിന്റെ ദുഃഖമായി ഒരു വീരനായകന്റെ പരിവേഷം ഉള്ള ആളായിട്ട് നമ്മുടെ കൂടെ പോരുന്നു എന്നുള്ളത് ആ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ മഹത്വമാണെന്നും മമ്മൂക്ക പറയുന്നു.

വിജയിക്കുന്നവര്‍ മാത്രമല്ല വീരന്‍ വിട്ടുകൊടുക്കുന്നവനും വീരനാണ്. അത്ര ധീരതയില്ലെങ്കില്‍ വിട്ടു കൊടുക്കാന്‍ പറ്റില്ല. നെഞ്ചുവിരിച്ച് ഒരു വാളിന് മുമ്പിലോ തോക്കിന് മുമ്പിലോ നില്‍ക്കുന്നത് ഒരു ഭീരുമായിട്ടല്ല ധീരനായിട്ട് തന്നെയാണ്. അങ്ങനെയുള്ള ധീരന്മാര്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിലും ശരിക്ക് പറഞ്ഞാല്‍ ചന്തു കുത്തി കൊല്ലാന്‍ നിന്ന് കൊടുക്കുകയല്ലേ, അപ്പോള്‍ അതൊരു ധീരതയല്ലേ.  ആ ധീരനെയൊക്കെ നമ്മള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ്, അങ്ങനത്തെ ഒരു ആദരമാണ് ഈ സിനിമ കഴിയുമ്പോള്‍ ചന്തു നേടിയെടുക്കുന്നത്,മമ്മൂട്ടി പറയുന്നു.

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1989ല്‍ റിലീസ് ചെയ്ത സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍ പാട്ടുകളിലെ പ്രശസ്തമായ കഥ നിരവധി തവണ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലും അതിനു ശേഷവും ചലച്ചിത്രങ്ങളായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍ എം.ടി. ഈ ചിത്രത്തിലൂടെ ആ കഥയ്ക്ക് ഒരു വേറിട്ട ഭാഷ്യം നല്‍കുന്നു. എംടി യുടെ വടക്കന്‍ വീരഗാഥയിലെ ചന്തു എന്ന കഥാപാത്രം ചെയ്തത് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെയും നാഴികക്കല്ലായി മാറി.  ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

mammootty ABOUT vadakkanveeragadha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES