ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് തങ്ങള്‍ സുരക്ഷിതരാണെന്ന് നടന്‍ ആശിഷ് വിദ്യാര്‍ഥി. നടനും ഭാര്യ രുപാലി ബറുവയും റോഡ് മുറിച്ച് കടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗതയില്‍ വന്ന ഒരു ഇരുചക്ര വാഹനം ദമ്പതികളെ ഇടിക്കുന്നത്.
'വളരെ വിചിത്രമായ സമയത്താണ് നിങ്ങളെ എല്ലാവരെയും വിവരം അറിയിക്കാന്‍ വേണ്ടി ഞാന്‍ ലൈവ് സ്ട്രീം ചെയ്യുന്നത്. ഇപ്പോള്‍ പല വാര്‍ത്ത ചാനലുകളിലും പലതരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് വരുന്നത് കാണുന്നു. ഇന്നലെ ഞാനും രൂപാലിയും റോഡ് മുറിച്ചുകടക്കുമ്പോള്‍ ഞങ്ങളെ ഒരു ബൈക്ക് ഇടിച്ചു. ഞങ്ങള്‍ രണ്ടുപേരും സുഖമായിരിക്കുന്നു. രൂപാലി നിരീക്ഷണത്തിലാണ്. എനിക്ക് ചെറിയൊരു പരിക്ക് പറ്റി, പക്ഷേ പൂര്‍ണമായും സുഖമായിരിക്കുന്നു' -ആശിഷ് വിദ്യാര്‍ഥി പറഞ്ഞു.
വാഹനമോടിച്ചിരുന്ന യാത്രക്കാരനും പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്.ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് ദമ്പതികളെ വാഹനമിടിക്കുന്നത്. അപകടത്തിന് തൊട്ടുപിന്നാലെ ഗീതാനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പരിക്കേറ്റ ഇരുചക്ര വാഹന യാത്രികനെ ഗൗഹതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അതേസമയം ആശിഷ് വിദ്യാര്‍ത്ഥിയെയും രൂപാലി ബറുവയെയും ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി.
ആശുപത്രിയില്‍ നിന്ന് ഇന്‍സ്റ്റാഗ്രാം ലൈവിലാണ് താന്‍ സുഖം പ്രാപിച്ച് വരികയാണെന്ന് നടന്‍ പറഞ്ഞത്. തന്റെ പരുക്കുകള്‍ നിസ്സാരമാണെന്നും ചലനശേഷിയെയോ സംസാരത്തെയോ ബാധിച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു. ആരാധകരുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി പറഞ്ഞ നടന്‍, ആശുപത്രി ജീവനക്കാരില്‍ നിന്ന് നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പോകാമെന്നും അദ്ദേഹം പറഞ്ഞു.
ഫാഷന്‍ സംരംഭകയായ രൂപാലി ബറുവയെ 2023 മേയിലാണ് ആശിഷ് വിവാഹം കഴിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി, ബംഗാളി എന്നിവയുള്‍പ്പെടെയുള്ള നിരവധി ഭാഷകളിലെ സിനിമകളുടെ ഭാഗമാണ് ആശിഷ് വിദ്യാര്‍ഥി. വില്ലന്‍ വേഷങ്ങളിലും അനായാസം തിളങ്ങാന്‍ ആശിഷിന് കഴിയാറുണ്ട്. മലയാളത്തില്‍ സി.ഐ.ഡി മൂസ എന്ന ചിത്രത്തിലെ ആദ്ദേഹത്തിന്റെ കഥാപാത്രം വളരെ ശ്രദ്ധേയമാണ്.