മകള്‍ രേവതി സുരേഷിന്റെ ചെണ്ടമേള അരങ്ങേറ്റത്തിന്റെ വീഡിയോ പങ്കുവെച്ച് മേനക സുരേഷ്. തിരുവനന്തപുരത്തെ ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങിന്റെ വീഡിയോ നടി മേനക സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിനിമാ നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മേനകയുടെയും മൂത്ത മകളായ രേവതി സുരേഷ്. മകളുടെ കലാപരമായ പുതിയ ചുവടുവെപ്പിന് സിനിമാരംഗത്തെ നിരവധി പേര്‍ ആശംസകളര്‍പ്പിച്ചു.
എന്റെ മകള്‍ രേവതി സുരേഷിന്റെ ചെണ്ട അരങ്ങേറ്റം ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍,' എന്ന കുറിപ്പോടെയാണ് മേനക സുരേഷ് രേവതി ചെണ്ടമേളം അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. മുന്‍പ് നൃത്തവേദികളിലൂടെ പരിചിതയായിരുന്ന രേവതിക്ക് ഇത് വാദ്യകലാരംഗത്തെ ആദ്യ ചുവടുവെപ്പാണ്.
വിഷ്വല്‍ ഇഫക്ട്‌സ് ആര്‍ട്ടിസ്റ്റ്, സിനിമാ നിര്‍മാതാവ്, ക്ലാസിക്കല്‍ ഡാന്‍സര്‍ എന്നീ നിലകളില്‍ രേവതി സുരേഷ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സഹോദരി കീര്‍ത്തി സുരേഷ് ക്യാമറയ്ക്ക് മുന്നിലെ ലോകം തിരഞ്ഞെടുത്തപ്പോള്‍, ക്യാമറയ്ക്ക് പിന്നിലാണ് രേവതി കഴിവ് തെളിയിച്ചത്. സംവിധായകന്‍ പ്രിയദര്‍ശന്റെ സഹായിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച രേവതി, 'താങ്ക് യു' എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തും അരങ്ങേറ്റം കുറിച്ചു.
'മരക്കാര്‍; അറബിക്കടലിന്റെ സിംഹം', 'വാശി', മോഹന്‍ലാല്‍ ചിത്രം 'ബാറോസ്' തുടങ്ങിയ സിനിമകളിലും നിരവധി ബോളിവുഡ് ചിത്രങ്ങളിലും നിര്‍മാണത്തിലും സാങ്കേതിക വിഭാഗത്തിലും രേവതി സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ രേവതി കലാമന്ദിര്‍ ഫിലിം അക്കാദമി നിയന്ത്രിക്കുന്നതും പ്രമുഖ നര്‍ത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയുമാണ്.