തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന് മമ്മൂട്ടി വിശേഷിപ്പിച്ച മാമാങ്കത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നങ്ങള്‍. 45 കോടിയോളം മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ ടീമുമായി ഇഗോ പ്രശ്‌നങ്ങളുണ്ടെന്ന് സംവിധായകന്‍ സജീവ് പിള്ള വ്യക്തമാക്കി.
'പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഇത്ര വലിയൊരു പ്രൊജക്റ്റ് യാഥാര്‍ത്ഥ്യമാക്കുമ്‌ബോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന കാര്യങ്ങളാണത്. 18 വര്‍ഷത്തോളം എടുത്ത് താന്‍ വളര്‍ത്തിയെടുത്ത പ്രൊജക്റ്റാണ് മാമാങ്കമെന്നും സംവിധായകന്‍ എന്ന സ്ഥാനത്തു നിന്ന് തന്നെ മാറ്റാനുള്ള ഒരു ശ്രമവും നടക്കുന്നതായി സൂചനയില്ലെന്നും വിവിധ അഭിമുഖങ്ങളിലൂടെ സജിവ് പിള്ള വെളിപ്പെടുത്തിയിട്ടുണ്ട്.' ഇപ്പോഴും നിര്‍മാതാവ് വേണു കുന്നപ്പള്ളി തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു.
മാമാങ്കത്തെ കുറിച്ച് 2010ലാണ് മമ്മൂട്ടിയുമായുള്ള ആലോചന തുടങ്ങിയത്. തുടര്‍ന്നങ്ങോട്ട് എല്ലാകാലത്തും മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. ചിത്രത്തിന്റെ 35 ശതമാനത്തോളമാണ് പൂര്‍ത്തിയായിട്ടുള്ളത്. അതില്‍ അദ്ദേഹവും തൃപ്തനാണ്. സംവിധായകന്റെ പ്രതിഭയെ മനസിലാക്കാനാകുന്ന കഴിവ് അദ്ദേഹത്തിനുണ്ടെന്നു സജിവ് പിള്ള പറഞ്ഞു. ചിത്രത്തില്‍ നിന്ന് ധ്രുവന്‍ മാറി ഉണ്ണി മുകുന്ദന്‍ വരുന്നത് പ്രൊഡക്ഷന്‍ ടീമിന്റെ ചില ഈഗോയുമായി ബന്ധപ്പെട്ടാണെന്നാണ് മനസിലാക്കുന്നത്. ധ്രുവന്റെ പ്രകടനത്തില്‍ താനും മമ്മൂക്കയും തൃപ്തരായിരുന്നുവെന്നും മാമാങ്കത്തിനായി ഏറെ പരിശ്രമിച്ച യുവതാരത്തെ മാറ്റുന്നത് നീതിപൂര്‍വമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ടീമിലേക്ക് എം പദ്മകുമാര്‍ എത്തുന്നതില്‍ പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ഷെഡ്യൂളില്‍ വലിയ യുദ്ധ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. വലിയ ക്രിയേറ്റിവ് സംഘം അതിന് ആവശ്യമാണെന്ന് തന്നെയാണ് കരുതുന്നത്. നിരവധി ആളുകള്‍ ഉള്‍ക്കൊള്ളുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സാധ്യമായ സഹായങ്ങള്‍ സ്വീകരിക്കുകയാണെന്ന് സജീവ് പിള്ള പറഞ്ഞു.
വന്‍മുതല്‍ മുടക്കിലുള്ള ഒരു ചിത്രം എന്ന നിലയില്‍ പുതുമുഖ സംവിധായകനെ വിശ്വാസത്തിലെടുത്താന്‍ സാധിക്കുന്നില്ലായെന്നും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും പ്രൊഡക്ഷന്‍ ടീമില്‍ നിന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
സാമൂതിരി തന്റെ അധികാരമുറപ്പിക്കാനായി നടത്തുന്ന മാമാങ്കം കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ്. പഴയ കാലമൊരുക്കാന്‍ ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സെറ്റുകള്‍ ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.