Latest News

'തോറ്റപ്പോള്‍ അദ്ദേഹത്തെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല, പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ എന്തേ പറയാതിരുന്നു?'; പിണറായി വിജയനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരന്‍; അഖില്‍ മാരാര്‍ക്കെതിരെയും തുറന്നടിച്ച് നടി

Malayalilife
 'തോറ്റപ്പോള്‍ അദ്ദേഹത്തെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല, പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ എന്തേ പറയാതിരുന്നു?'; പിണറായി വിജയനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരന്‍; അഖില്‍ മാരാര്‍ക്കെതിരെയും തുറന്നടിച്ച് നടി

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് നടി മല്ലിക സുകുമാരന്‍. പത്തു വര്‍ഷം ഭരിച്ചപ്പോള്‍ പറയാത്ത കുറ്റങ്ങള്‍ ഇപ്പോള്‍ തോറ്റപ്പോള്‍ മാത്രം പറയുന്നത് ശരിയല്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പോഡ്കാസ്റ്റിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുതിയതായി കുറച്ചു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പ്രാവര്‍ത്തികമാക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അപേക്ഷിക്കുകയാണ്. അദ്ദേഹത്തിന് അതിന് സാധിക്കും. എന്നാല്‍ ഒരുപാട് തടസ്സങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വരുന്നുണ്ട്. ഇപ്പോള്‍ത്തന്നെ ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ കിടന്ന് കുറ്റം പറയുകയാണ്. എന്തുകൊണ്ടാണ് ഇവരൊക്കെ ഇതൊന്നും നേരത്തെ പറയാതിരുന്നത്? ഈ ഇലക്ഷന്‍ വന്ന് തോറ്റപ്പോഴാണോ ഇതൊക്കെ പറയേണ്ടത്? പണ്ട് അങ്ങനെ ചെയ്തു, 

ഇങ്ങനെ ചെയ്തു എന്നൊക്കെ ഇപ്പോള്‍ പറയുന്നത് കണ്ണൂരുകാര്‍ പറഞ്ഞാലും തിരുവനന്തപുരത്തുകാര്‍ പറഞ്ഞാലും തെറ്റാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് അപ്പോള്‍ത്തന്നെ പറയണമായിരുന്നു.' മല്ലിക സുകുമാരന്‍ പറഞ്ഞു. ഭരണമുള്ളപ്പോള്‍ നേട്ടങ്ങള്‍ അനുഭവിച്ചിട്ട്, ഭരണം പോകുമ്പോള്‍ കുറ്റം പറയുന്ന ശൈലിയെ താരം വിമര്‍ശിച്ചു. 'അന്ന് ഭരിക്കുന്നു, അതുകൊണ്ട് നമുക്ക് നേട്ടമുണ്ട്. ഇപ്പോള്‍ ഭരണം പോയി. എന്തൊക്കെയോ നമുക്ക് ഇനി കിട്ടാതെ പോകും എന്ന ചിന്തയാണ്. ഈ അടുത്ത കാലത്ത് ഞാന്‍ അഞ്ചോ ആറോ ഫങ്ഷനുകളില്‍ പോയപ്പോള്‍ പലരും പറയുന്നത് കേട്ടു, ഇലക്ഷന് തോറ്റപ്പോള്‍ മുഖ്യമന്ത്രി മാത്രമായോ കുറ്റക്കാരന്‍ എന്ന്. അക്കൂട്ടത്തില്‍ തന്നെയാണ് ഞാനും,' മല്ലിക സുകുമാരന്‍ വ്യക്തമാക്കി. 

 മുഖ്യമന്ത്രിക്കെതിരെയുള്ള കുടുംബവാഴ്ചാ ആരോപണങ്ങള്‍ക്കും താരം മറുപടി നല്‍കി. 'മുന്‍ മുഖ്യമന്ത്രിയുടെ കാര്യം പറയുമ്പോള്‍ അദ്ദേഹത്തിന്റെ മരുമകനെ മന്ത്രിയാക്കി എന്നാണ് പറയുന്നത്. അതിപ്പോള്‍ ഇല്ലേ? ഭര്‍ത്താവ് എംപി, ഭാര്യ മന്ത്രി എന്ന രീതിയിലൊക്കെ ഇതിന് മുന്‍പും നടന്നിട്ടില്ലേ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഒക്കെ ഇത് നടന്നിട്ടുള്ളതാണ്. അത് പ്രത്യേകമായിട്ടൊരു താല്പര്യം കൊണ്ട് മാത്രമല്ല. അവരൊരു സജഷന്‍ പറയും, പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെങ്കില്‍ അത് നടക്കും. ഇവരെല്ലാവരും പാര്‍ട്ടിയിലൂടെ തന്നെ വളര്‍ന്നു വന്നവരല്ലേ,' മല്ലിക സുകുമാരന്‍ പറഞ്ഞു.

പൃഥ്വിരാജ് പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാറില്ലെന്ന അഖില്‍ മാരാരുടെ വിമര്‍ശനത്തോട് മല്ലിക സുകുമാരന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവര്‍.

മല്ലിക സുകുമാരന്റെ വാക്കുകള്‍
''ഞാന്‍ അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത് കൊട്ടാരക്കരയില്‍ വച്ച് നടന്ന ഒരു പരിപാടിയില്‍ വച്ചാണ്. ബി?ഗ് ബോസ് വിജയി ആയാണ് അന്ന് വന്നത്. അന്ന് അദ്ദേഹത്തെ പ്രശംസിച്ചു തന്നെയാണ് ഞാന്‍ സ്റ്റേജില്‍ സംസാരിച്ചത്. പക്ഷേ, എന്റെ മകനെ പറഞ്ഞതുകൊണ്ട് മാത്രമല്ല, ഏത് കാര്യത്തിലും പുള്ളി സംസാരിക്കുന്നത് എനിക്കൊഴികെ ലോകത്ത് ആര്‍ക്കും വിവരമില്ല എന്ന രീതിയിലാണ്. അങ്ങനെ ഒരു ഈ?ഗോ പുള്ളിക്കാരനുണ്ട്. അങ്ങനെയിരിക്കെ പൃഥ്വിരാജിനെക്കുറിച്ച് പറയുന്നു. പൃഥ്വിരാജ് വലിയ മഹാനാണെന്നല്ല ഞാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ (അഖില്‍ മാരാര്‍) അത്ര മണ്ടിയല്ല ഞാന്‍. എനിക്ക് കാര്യങ്ങള്‍ അറിയാം. എത്രയോ കൊല്ലം ലോകം കൂടുതല്‍ കണ്ടൊരു വ്യക്തിയാണ് ഞാന്‍. പുള്ളിയുടെ (പൃഥ്വിരാജ്) സ്വന്തം ചേട്ടനുപോലും വേഷം കൊടുത്തില്ല എന്നൊക്കെ പറയുന്നത് കേട്ടു. ഇയാള്‍ ഒന്നും കാണുന്നില്ലേ എന്ന് ഞാന്‍ ഓര്‍ത്തു. ബ്രോ ഡാഡിയിലെ ആ വേഷം എന്തിനാണ് അയാള് ചെയ്തതെന്നൊക്കെ ചോദിക്കുന്നത് കേട്ടു. എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്. ആരുടെ പടമാണ് ബ്രോ ഡാഡി. ആന്റണി പെരുമ്പാവൂര്‍ പൈസ മുടക്കിയെടുത്ത പടം. മോഹന്‍ലാലിന് ഭയങ്കരമായി ഇന്‍വോള്‍വ്‌മെന്റ് ഉള്ള ഒരു പടം. അദ്ദേഹം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.''

''അതിന്റെ തിരക്കഥയും കാര്യങ്ങളും എല്ലാം റെഡിയാക്കി വരുമ്പോള്‍ അവര്‍ പറയുന്നു ഈ വേഷം രാജു ചെയ്യുന്നതാണ് നല്ലതെന്നും നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ചെയ്താല്‍ രസമായിരിക്കുമെന്നും. ഓരോരുത്തരുടെ മാര്‍ക്കറ്റ് ഒക്കെ വച്ചായിരിക്കും അത്. അഖില്‍ പറഞ്ഞത് ഈ വേഷം ചെറുപ്പക്കാര്‍ക്ക് ആര്‍ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്ന്. അത് അഖില്‍ മാരാരും പൃഥ്വിരാജും കൂടിയാണോ തീരുമാനിക്കുന്നത്? ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും കൂടി എന്തിന് പൃഥ്വിരാജിനെ അഭിനയിപ്പിച്ചു, അയാള്‍ ഡയറക്റ്റ് ചെയ്താല്‍ പോരേ എന്ന് ചോദിക്കണം. അതെന്താ ചോദിക്കാന്‍ പേടി. മോഹന്‍ലാലിനെ പേടിച്ചിട്ടാണ് ചോദിക്കാത്തത്. അതുപോലെ ഒരു വലിയ നായകന് വേണ്ടി അദ്ദേഹം ഒരുപാട് ഇവിടെ കിടന്ന് സംസാരിക്കുന്നുണ്ടല്ലോ. ചെയ്യുന്നതൊക്കെ കോമാളിത്തരങ്ങളാണ്. ഇയാള്‍ക്ക് അഭിനയിക്കാന്‍ അറിയാമോ? അഭിനയിച്ച ഒരു പടം നമ്മള്‍ കണ്ടല്ലോ. മമ്മൂട്ടിയോ മോഹന്‍ലാലോ പറയുകയാണ്, രാജു ആ വേഷം ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ശിരസാവഹിക്കും ആ അഭിപ്രായം. കോമാളിവേഷം മാത്രം ചെയ്യുന്ന ഒരു നടനാണ് പൃഥ്വിരാജെന്ന് പറഞ്ഞാല്‍ ഞാന്‍ അം?ഗീകരിച്ചു കൊടുക്കില്ല. പിന്നെ ഞാന്‍ വിചാരിച്ചു എന്റെ കുഞ്ഞിനെ മൈക്കിന്റെ മുന്നില്‍ നിന്ന് പരസ്യമായിട്ട് അവന്‍ ഇത്രയും പറഞ്ഞില്ലേ. ഒരു ആറ് മാസം കഴിഞ്ഞ് ഞാന്‍ കാണുന്നത് കേരളം മുഴുവന്‍ ഇവനെ കോമാളിയായി കണ്ടില്ലേ, അതാണ് ദൈവ ശിക്ഷ. പണ്ട് കാലങ്ങളില്‍ പ്രസവശേഷം സ്ത്രീകള്‍ പോയി രണ്ടിടങ്ങഴി അരി ഇടിക്കും എന്നൊക്കെ പറയുന്നത് കേട്ടു. അത്രേ ഉള്ളൂ അദ്ദേഹത്തിന്റെ വിവരം'', മല്ലിക സുകുമാരന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

mallika sukumaran against akhil marar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES