മലയാള സിനിമയില്‍ ഇതു വരെ ഇറങ്ങിയിരിക്കുന്നതില്‍ ഏവരും ഒരു പോലെ ആകാംഷാ ഭരിതരായി കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. ഐതിഹ്യങ്ങളില്‍ പറയുന്ന ഒടിയനേക്കാള്‍ യുക്തിയുള്ളതാണ് കഥയിലെ ഒടിയന്‍ എന്ന് സംവിധായകന്‍ ശ്രീ കുമാര്‍ മേനോന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഒരേ സമയം തന്നെ മനുഷ്യനും മൃഗവുമാകുന്നവനാണ് ഒടിയനെന്നും പൂര്‍ണഗര്‍ഭിണിയുടെ ഭ്രൂണം മുളങ്കമ്പു കൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകര്‍മ്മം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ടെന്നും സംവിധായകന്‍ പറയുന്നു. ചിത്രം റിലീസിന് മുന്‍പ് തന്നെ 100 കോടി രൂപ വാരിയിരുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.
ഒടിയന്റെ വകഭേദമായ മാടന്‍, മറുത തുടങ്ങിയവയെക്കുറിച്ചുള്ള കഥകള്‍ മധ്യകേരളത്തിലും കോട്ടയം ഭാഗങ്ങളിലുമൊക്കെ സുലഭമായിട്ടുണ്ട്. ഒടിയന്‍ എന്ന പ്രത്യേക വിഭാഗത്തെക്കുറിച്ചുള്ള കഥകള്‍ കൂടുതല്‍ പ്രചാരത്തിലുള്ളത് പാലക്കാടിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ്. കൊല്ലങ്കോട്, ആലത്തൂര്‍ തുടങ്ങിയ മേഖലകളില്‍ മുത്തശ്ശിക്കഥകളിലെ സ്ഥിരം കാഥാപാത്രമാണ് ഒടിയന്‍. കേവലം കെട്ടുകഥയെ മാത്രം ആശ്രയിച്ചല്ല സിനിമയെടുത്തിരിക്കുന്നത്. അതില്‍നിന്നും യുക്തിപരമായ ആശയങ്ങള്‍ക്കൂടി കണ്ടെടുത്താണ് ഒടിയന്‍ എടുത്തിരിക്കുന്നത്.'
മനുഷ്യനില്‍ നിന്നും മൃഗത്തിന്റെ രൂപം ധരിക്കാന്‍ സാധിക്കുന്നവരാണ് ഒടിയന്മാര്‍ എന്നാണ് പഴങ്കഥകള്‍. ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടുണ്ട്. സിനിമയില്‍ അറുപത് ശതമാനം ഗ്രാഫിക്‌സുണ്ട്. എന്നാല്‍ അതൊരിക്കലും കഥയില്‍ നിന്നും മുഴച്ചുനില്‍ക്കുന്നതായിരിക്കില്ല. കഥയും ഗ്രാഫിക്‌സും ഇഴചേര്‍ന്നാണ് മുന്നോട്ട് പോകുന്നത്. ചിത്രം 100 കോടി നേടി എന്ന് കേട്ടപ്പോള്‍ സംശയിക്കുന്നതിനു പകരം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'മലയാളഭാഷയ്ക്കും മലയാളസിനിമയ്ക്കും കിട്ടുന്ന അംഗീകരമാണിത്.
ജിസിസി രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം റിലീസിന്റെ അന്ന് തന്നെ എത്തുന്നത്. രജനീകാന്തിന്റെ 2.0യ്ക്ക് പോലും കിട്ടാത്ത നേട്ടമാണിത്' അദ്ദേഹം പറഞ്ഞു. ഇരുട്ടിന്റെ രാജാവായുള്ള ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
രണ്ടു മണിക്കൂര്‍ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.