സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് അഭിമാനമായി മാറിയ ആളാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റും ധ്വയ ട്രാന്‍സ്ജെന്റേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയുമായി രഞ്ജുവിനായി സെലിബ്രിറ്റികളായ ആള്‍ക്കാര്‍ ക്യു നില്‍ക്കുകയാണ്. എന്നാൽ ഇപ്പോൾ തനിക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും വരുന്ന കമന്റുകളെക്കുറിച്ചുള്ള രഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
പാട്ടുപാടിയാൽ ഉടനെ താഴെ കമന്റ് വരും ഇവൾക്ക് വേറെ പണയില്ലേ ഞങ്ങളെ വെറുപ്പിക്കണോ എന്നൊക്കെ. എന്റെ ഇഷ്ടമാണ്. എനിക്ക് പാട്ടു പാടാൻ തോന്നിയാൽ പാട്ടു പാടും. വീട്ടിൽ കുട്ടി ഡ്രസ് ഇട്ട് കിച്ചണിൽ അമ്മയെ സഹായിക്കും, എന്റെ മക്കളുടെ കൂടെ സന്തോഷം. എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും. അതെന്റെ പ്രൈവസിയാണ്. ഞാൻ നിങ്ങളുടെ ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തിൽ കൈയ്യിടാൻ വരുന്നില്ലല്ലോ.നാട്ടുകാർ എന്ത് ചിന്തിക്കുമെന്ന് വിചാരിക്കാൻ തുടങ്ങിയാൽ ഒരു സ്വപ്‌നവും നേടാൻ പറ്റില്ല. അതിനാൽ ഞാൻ അതിനൊന്നും മുഖവില കൊടുക്കാറില്ല. ആളുകൾക്ക് അറിയുന്ന ആളാണെങ്കിലും അറിയാത്ത ആളാണെങ്കിലും പബ്ലിക് ബിഹേവിയർ എന്ന് പറയുന്നൊരു കാര്യമുണ്ട്. പൊതു ഇടങ്ങളിൽ ഇടപെടുന്ന രീതിയും സംസാരിക്കുന്ന രീതിയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്. ഞാൻ ഒരിക്കലും ആരേയും ബുദ്ധിമുട്ടിക്കാറില്ല.
എന്റെ ജീവിതത്തിൽ ഞാൻ കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ വന്ന് നീ അങ്ങനെയായിരുന്നില്ലേ ഇങ്ങനെയായിരുന്നില്ലേ എന്നൊക്കെ ചോദിക്കാൻ നിക്കരുത്. ഈയ്യടുത്ത് ഞാൻ പഴയൊരു പാട്ട് റീമിക്‌സ് ചെയ്ത് അഭിനയിച്ചു, കുട്ടിക്കാനത്ത് പോയപ്പോൾ. അപ്പോൾ അതിന് വന്ന കമന്റുകളിലൊന്നിൽ പറഞ്ഞിരുന്നത് ഇപ്പോഴും പുരുഷന്റെ ചേഷ്ടകളിൽ നിന്നും മാറിയിട്ടില്ല എന്നായിരുന്നു. തീർച്ചയായും. ഞാൻ പെൺമനസുമായിട്ടാണ് ഇത്രയും നാളും ജീവിച്ചത്. എന്റെ ശരീരഭാഗങ്ങൾക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം. പക്ഷെ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. അയാം എ പെർഫെക്ട് വുമൺ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നെയിനി നിങ്ങൾ ഏതൊക്കെ തരത്തിൽ തളർത്താൻ ശ്രമിച്ചാലും ഞാൻ തളരില്ല. ഇവിടെ വരെ എത്തിയത് പൊരുതിയാണ്. ഇനിയും പൊരുതി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം.