ദേവ് ഡി, ദബാഗ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാഹി ഗിൽ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാഹി ഗിൽ നടത്തിയ ഒരു വെളിപ്പെടുത്തൽ സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു. അവിവാഹിതയായ താൻ മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണെന്ന് മാഹി പറഞ്ഞു. മുൻപ് പലതവണ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ടെങ്കിലും ഈ വെളിപ്പെടുത്തൽ ആദ്യമായിരുന്നു.
'എനിക്ക് ഒരു പ്രണയമുണ്ട്. അതിൽ എനിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുമുണ്ട്. വെറോണിക്ക എന്നാണ് അവളുടെ പേര്. എനിക്കതിൽ അഭിമാനമുണ്ട്. വിവാഹം കഴിച്ചില്ല എന്ന് കരുതി എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. ഭാവിയിൽ വിവാഹിതയായേക്കും. അതെനിക്ക് തോന്നിയാൽ മാത്രം. കുട്ടികൾ ഉണ്ടാകാൻ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കൽപ്പത്തിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. മറ്റുള്ളവരുടെ എതിർപ്പ് ഞാൻ കാര്യമാക്കുന്നില്ല. വിമർശകരോട് എനിക്കൊന്നും പറയാനില്ല. വിവാഹം മനോഹരമാണ്. പക്ഷേ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എന്റെ കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ല.'

തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമാക്കി വച്ചതെന്ന് മാഹി പറഞ്ഞു. 'സാമൂഹിക മാധ്യമങ്ങളിൽ അവളുടെ ചിത്രങ്ങൾ ഞാൻ പങ്കുവയ്ക്കാറില്ല. അവളുടെ സ്വകാര്യതയെ ഞാൻ മാനിക്കുന്നു'- മാഹി ഗിൽ കൂട്ടിച്ചേർത്തു.