Latest News

ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നത്;നീനാ കുറുപ്പിന്റെയും അന്‍സിബയുടെയും പരാതികളില്‍ ഒളിച്ചുകളി; ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ ഭരണപരമായ വീഴ്ചകള്‍; ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണം!  തുറന്ന കത്തുമായി നടി മാലാ പാര്‍വതി

Malayalilife
ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നത്;നീനാ കുറുപ്പിന്റെയും അന്‍സിബയുടെയും പരാതികളില്‍ ഒളിച്ചുകളി; ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ ഭരണപരമായ വീഴ്ചകള്‍; ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണം!  തുറന്ന കത്തുമായി നടി മാലാ പാര്‍വതി

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ (AMMA) ചേരിപ്പോരും കടുത്ത ആഭ്യന്തര തര്‍ക്കങ്ങളും രൂക്ഷമാകുന്നതിനിടെ, നിലവിലെ ഭരണസമിതി അടിയന്തരമായി രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് പ്രമുഖ നടി മാലാ പാര്‍വതി രംഗത്ത്. സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കുമായി എഴുതിയ തുറന്ന കത്തിലാണ് 'അമ്മ'യെ പ്രതിസന്ധിയിലാക്കിയ ഉള്‍പ്പോരിന്റെയും ഭരണപരമായ വീഴ്ചകളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ മാലാ പാര്‍വതി പുറത്തുവിട്ടിരിക്കുന്നത്. 

മുന്‍കാലങ്ങളിലും സംഘടന പലവിധ പൊതുവിമര്‍ശനങ്ങള്‍ക്കും ആഭ്യന്തര പ്രതിസന്ധികള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും, അവയൊന്നും ഭരണനിര്‍വഹണവുമായി നേരിട്ട് ബന്ധപ്പെട്ടവയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടുന്ന ഔദ്യോഗിക ഭരണസമിതിയുടെ സുതാര്യതയെയും വിശ്വാസ്യതയെയും തന്നെ പൂര്‍ണ്ണമായി ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

സംഘടനയ്ക്കുള്ളില്‍ വലിയ രീതിയിലുള്ള ഉള്‍പ്പോരുകളാണ് നടക്കുന്നതെന്ന് മാലാ പാര്‍വതി കത്തിലൂടെ തുറന്നടിക്കുന്നു. നടി നീനാ കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പരാതി ഉയര്‍ന്നിട്ടും ഡിസിപ്ലിനറി കമ്മിറ്റിയുടെ മുന്നില്‍ ബന്ധപ്പെട്ട വ്യക്തിയെ ഹാജരാക്കാന്‍ പോലും സാധിക്കാത്തത് സംഘടനയുടെ നിസ്സഹായാവസ്ഥയെയും നടപടിക്രമങ്ങളിലെ ആശങ്കയെയുമാണ് കാണിക്കുന്നത്. ഇതിനൊക്കെ പുറമെ, ഓഫീസ് മാനേജരായിരുന്ന അതുല്യയെ പുറത്താക്കിയ നടപടിയിലും ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ ഭരണപരമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അതീവ ഗൗരവമുള്ള ആരോപണങ്ങളില്‍, രേഖാമൂലം പരാതി വാങ്ങി കൃത്യമായ അന്വേഷണമോ നിയമനടപടിയോ സ്വീകരിക്കുന്നതിന് പകരം, ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെയും ഭരണസമിതിയെ യഥാവിധി അറിയിക്കാതെയുമാണ് ജനറല്‍ സെക്രട്ടറി സ്വന്തം നിലയ്ക്ക് നടപടികള്‍ കൈക്കൊണ്ടത്.

സംഘടനയുടെ ദൈനംദിന ഭരണരീതികളെപ്പോലും അപമാനിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഓഫീസില്‍ നടക്കുന്നതെന്നും കത്തില്‍ വെളിപ്പെടുത്തലുണ്ട്. സംഘടനയുടെ വൈദ്യുതി ബില്‍ തുക ഓഫീസ് മാനേജറുടെ സ്വന്തം ശമ്പളത്തില്‍ നിന്ന് അടയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഈ തുക പിന്നീട് തിരികെ നല്‍കുമായിരുന്നെങ്കില്‍ പോലും, 'അമ്മ' പോലുള്ള ഒരു വലിയ സംഘടനയുടെ ഭരണസംസ്‌കാരത്തിന് നിരക്കുന്നതല്ല ഇത്തരം നടപടികള്‍. വെറും സ്റ്റാഫായി ജോലിക്ക് വന്നവര്‍ക്ക് ഭരണസമിതി അംഗങ്ങള്‍ക്ക് തുല്യമായ അധികാരം നല്‍കിയതാണ് ഭരണനിര്‍വ്വഹണത്തില്‍ സംഭവിച്ച ഏറ്റവും വലിയ പിഴവ്. ഈ കാലയളവില്‍ ഭാരവാഹികള്‍ക്കിടയില്‍ ആവശ്യത്തിന് ആശയവിനിമയമോ സുതാര്യതയോ ഉണ്ടായിട്ടില്ല. സാധാരണ അംഗങ്ങള്‍ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കായി ഫോണ്‍ വിളിച്ചാല്‍ പോലും മറുപടി ലഭിക്കാറില്ല. നിര്‍ണ്ണായക വിഷയങ്ങളില്‍ വ്യക്തതയില്ലാത്തതും അംഗങ്ങള്‍ തമ്മില്‍ പരസ്യമായി നടത്തുന്ന ആരോപണ-പ്രത്യാരോപണങ്ങളും മോശം ഭാഷാപ്രയോഗങ്ങളും സംഘടനയുടെ അന്തസ്സിനെ പൊതുസമൂഹത്തിന് മുന്നില്‍ വലിയ രീതിയില്‍ മുറിവേല്‍പ്പിച്ചിരിക്കുകയാണ്.

നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ജാതി-മത വിവേചനവുമായി ബന്ധപ്പെട്ട വിഷയം ഒതുക്കിത്തീര്‍ക്കാന്‍ നോക്കാതെ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് മാലാ പാര്‍വതി ആവശ്യപ്പെടുന്നു. വര്‍ഗീയതയും വിവേചനവും സംബന്ധിച്ച ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നത് സ്വാഭാവികമാണ്. ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനേക്കാള്‍, ഉയര്‍ന്നുവന്ന പരാതികളിലെ സത്യാവസ്ഥ കണ്ടെത്തുകയാണ് സംഘടനയുടെ പ്രധാന ഉത്തരവാദിത്തം. അന്‍സിബ, നീനാ കുറുപ്പ് എന്നിവരുടെ പരാതികള്‍ക്ക് പുറമെ മറ്റ് നിരവധി പരാതികളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും നിഷ്പക്ഷമായും വിശ്വാസ്യതയോടെയും സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ പറ്റിയ ഒരു ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാന്‍ നിലവിലെ നേതൃത്വത്തിന് സാധിച്ചിട്ടില്ല.

ഈ സാഹചര്യങ്ങളില്‍ എല്ലാം വലിയ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്ന നിലവിലെ ഭരണസമിതി പൂര്‍ണ്ണ പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതിനാല്‍ ഈ തകര്‍ച്ചയുടെ ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി മുഴുവനായും സ്ഥാനമൊഴിയണം. താന്‍ ഈ വിഷയങ്ങളില്‍ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചിട്ടുണ്ടെന്നും, പൊതുമുഖങ്ങളായിരിക്കുമ്പോള്‍ സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒളിച്ചിരിക്കുന്നത് തന്റെ രീതിയല്ലെന്നും മാലാ പാര്‍വതി വ്യക്തമാക്കുന്നു. താന്‍ നിയമപരമായി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനെതിരെയുള്ള നടപടികള്‍ നേരിടാന്‍ തയ്യാറാണ്. സംഘടനയുടെ താല്പര്യവും പൊതുവിശ്വാസ്യതയും വീണ്ടെടുക്കാന്‍ ഭരണസമിതി അടിയന്തരമായി രാജി സമര്‍പ്പിക്കണമെന്നാണ് കത്തിന്റെ ഒടുവില്‍ മാലാ പാര്‍വതി വീണ്ടും ശക്തമായി ആവശ്യപ്പെടുന്നത്. പുതിയ വിവാദങ്ങള്‍ തിങ്കളാഴ്ച ചേരുന്ന 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിതുറക്കുമെന്നുറപ്പാണ്.
മാലാ പാര്‍വതിയുടെ കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട അമ്മ സംഘനയ്ക്ക് ഒരു തുറന്ന കത്ത്..

അമ്മ സംഘടനയില്‍ നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവവികാസങ്ങളെ അതീവ ഖേദത്തോടെയാണ് ഞാന്‍ കാണുന്നത്.

മുന്‍കാലങ്ങളിലും അമ്മ സംഘടന പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സംഘടന പൊതുസമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതും സംഘടനയുടെ ആഭ്യന്തര ഭരണനിര്‍വഹണവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പരാതികളും വിവാദങ്ങളും പരിശോധിക്കുമ്പോള്‍, പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടുന്ന ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയരുന്നതായി തോന്നുന്നു. സുതാര്യതയും, അക്കൗണ്ടബിളിറ്റിയും ഉറപ്പ് വരുത്തേണ്ടതായിരുന്നു. പകരം ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നത്.


നീനാ കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍, സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതായിരുന്നു. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ബന്ധപ്പെട്ട വ്യക്തിയെ ഹാജരാക്കാന്‍ പോലും സാധിച്ചില്ലെന്നാണ് അറിയുന്നത്. അത്തരം സാഹചര്യം സംഘടനയുടെ നടപടിക്രമങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ്.

ഓഫീസ് മാനേജര്‍ അതുല്യയെ പുറത്താക്കിയ നടപടിയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളും ആശങ്കാജനകമാണ്. സെക്യൂരിറ്റി ജീവനക്കാരനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതായിരുന്നു. അത്തരം വിഷയങ്ങളില്‍ ബന്ധപ്പെട്ട വ്യക്തിയില്‍ നിന്ന് പരാതി വാങ്ങി (ംൃേേശലി രീാുഹമശി)േ ആവശ്യമായ അന്വേഷണം നടത്തുകയും, ആവശ്യമെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെയും ബന്ധപ്പെട്ട ഭരണസമിതിയെ യഥാവിധി അറിയിക്കാതെയും, ജനറല്‍ സെക്രട്ടറി സ്വന്തമായി, നടപടികള്‍ സ്വീകരിച്ചതായി പുറത്തുവരുന്ന വിവരങ്ങള്‍ ഗുരുതരമായ ഭരണപരമായ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

സംഘടനയുടെ വൈദ്യുതി ബില്‍ ഓഫീസ് മാനേജറുടെ ശമ്പളത്തില്‍ നിന്ന് അടയ്ക്കാന്‍ ആവശ്യപ്പെട്ടതായി അറിയുന്നു. അത് തിരിച്ച് കൊടുക്കുമായിരുന്നെങ്കില്‍ പോലും, ഇത്തരം നടപടികള്‍ അമ്മ പോലെ ഒരു സംഘടനയുടെ ഭരണരീതിയുമായി പൊരുത്തപ്പെടുന്നതല്ല.സ്റ്റാഫായി വന്നവരെ ഭരണ സമിതി അംഗങ്ങള്‍ക്കുള്ള അതേ അധികാരം നല്‍കിയത് ഭരണനിര്‍വ്വഹണത്തിന്റെ പിഴവാണ്.

ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ ആവശ്യമായ ആശയവിനിമയവും സുതാര്യതയും ഈ കാലയളവില്‍ ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നു. അംഗങ്ങളുടെ ഫോണ്‍വിളികള്‍ക്ക് മറുപടി ലഭിക്കാത്തതും, നിര്‍ണായക വിഷയങ്ങളില്‍ വ്യക്തത ഇല്ലാത്തതും സംഘടനയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അംഗങ്ങള്‍ തമ്മിലുള്ള പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങളും സംഘടനയുടെ അന്തസ്സിനെ മുറിവേല്‍പ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധിയുടെയും ഭരണപരമായ പരാജയങ്ങളുടെയും ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി സ്ഥാനമൊഴിയണം എന്നാണ് ഒരു അംഗം എന്ന നിലയില്‍ എന്റെ അഭിപ്രായവും ആവശ്യവും.

അന്‍സിബ ഉന്നയിച്ച വിഷയവും സമഗ്രമായ അന്വേഷണത്തിന് വിധേയമാകേണ്ടതാണ്. വര്‍ഗീയതയോ വിവേചനമോ സംബന്ധിച്ച ആരോപണങ്ങള്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചാവിഷയമാകുന്നത് സ്വാഭാവികമാണ്. അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നതിനേക്കാള്‍ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുകയാണ് സംഘടനയുടെ ഉത്തരവാദിത്തം.

അന്‍സിബ, നീനാ കുറുപ്പ് തുടങ്ങിയ അംഗങ്ങള്‍ നല്‍കിയ പരാതികള്‍ക്ക് പുറമേ മറ്റ് പരാതികളും നിലനില്‍ക്കുന്നുവെന്നാണ് അറിയുന്നത്. അത്തരം വിഷയങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ നിഷ്പക്ഷമായും വിശ്വാസ്യതയോടെയും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരുന്നത് നിരാശാജനകമാണ്. അംഗങ്ങള്‍ തമ്മിലുള്ള അനുചിതമായ ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള പരാതികളും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്ന സാഹചര്യം സംഘടന ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഞാനും ഈ വിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകരും പൊതുമുഖങ്ങളുമായിരിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ വിലയിരുത്തലിനും ചോദ്യങ്ങള്‍ക്കും വിധേയരാകുന്നത് സ്വാഭാവികമാണ്. ഒളിച്ചിരിക്കുക എന്നത് എന്റെ രീതിയല്ല. നിയമപരമായി തെറ്റായ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

നിലവിലെ ഭരണസമിതിയില്‍ വലിയ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്ന ഒരാള്‍ എന്ന നിലയില്‍, ഈ കത്ത് എഴുതുന്നത് എന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു.

അതിനാല്‍, അമ്മ സംഘടനയുടെ താത്പര്യവും വിശ്വാസ്യതയും മുന്‍നിര്‍ത്തി നിലവിലെ ഭരണസമിതി രാജിവെക്കണമെന്ന് ഞാന്‍ വീണ്ടും ആവശ്യപ്പെടുന്നു.

ഉത്തരവാദിത്യത്തോടെ

മാലാ പാര്‍വതി.

maala parvathi Open letter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES