Latest News

ശ്വേത മേനോന്റെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ;'എന്നെ കക്ഷിചേര്‍ത്തത് അപമാനിക്കാന്‍; എറണാകുളം മുന്‍സിഫ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു; അമ്മ'യിലെ ആഭ്യന്തര തര്‍ക്കം കോടതി കയറുന്നു

Malayalilife
ശ്വേത മേനോന്റെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ;'എന്നെ കക്ഷിചേര്‍ത്തത് അപമാനിക്കാന്‍; എറണാകുളം മുന്‍സിഫ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു; അമ്മ'യിലെ ആഭ്യന്തര തര്‍ക്കം കോടതി കയറുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ച് കോടതി കയറിയതോടെ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ കടുത്ത നിലപാടുമായി നടനും എം.എല്‍.എയുമായ രമേഷ് പിഷാരടി. ശ്വേത മേനോന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെ രമേഷ് പിഷാരടി എറണാകുളം മുന്‍സിഫ് കോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചു. തനിക്കെതിരെ ശ്വേത മേനോന്‍ നല്‍കിയ പരാതി പൂര്‍ണ്ണമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും പൊതുസമൂഹത്തില്‍ തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും പിഷാരടി കോടതിയെ അറിയിച്ചു. 

ജനപ്രതിനിധി കൂടിയായ തന്നെ പൊതുമധ്യത്തില്‍ അപമാനിക്കുക എന്ന ദുരുദ്ദേശത്തോടെ മാത്രമാണ് അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ത്തത്. തനിക്കെതിരെ നിയമപരമായ യാതൊരു അടിസ്ഥാനവും ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ ശ്വേതയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നും പിഷാരടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംഘടനയുടെ ഔദ്യോഗിക രേഖകളോ അധികാരമോ താന്‍ ഒരിക്കലും ഏറ്റെടുത്തിട്ടില്ലെന്ന് പിഷാരടി വ്യക്തമാക്കുന്നു. അഡ്‌ഹോക് കമ്മിറ്റി ഭരണം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. 

അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലാണ് ശ്വേത മേനോന്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ എന്ന നിലയിലാണ് രമേഷ് പിഷാരടിയെ കക്ഷിചേര്‍ത്തിരുന്നത്. എന്നാല്‍ ഔദ്യോഗികമായി താന്‍ അത്തരം ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ലെന്ന വാദമുയര്‍ത്തി കേസില്‍ നിന്ന് ഒഴിവാകാനാണ് പിഷാരടിയുടെ നീക്കം. താരസംഘടനയ്ക്കുള്ളിലെ പോര് കോടതി കേസും പരസ്യമായ ഏറ്റുമുട്ടലുകളുമായി മാറിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തുമെന്നാണ് സൂചന.

Ramesh pisharody against swetha menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES