മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒടിയൻ പ്രക്ഷേകരും സിനിമാ ലോകവും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ്. പണ്ട് കാലത്ത് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറയുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 3 വേഷ പകർച്ചയിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ഒടിയന് സംഗീതം നല്കിയിരിക്കുന്ന എം ജയചന്ദ്രനും ഗാനം ആലപിച്ചിരിക്കുന്ന എംജി ശ്രീകുാമറും ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ചിരിക്കുകയാണ്. ഫേസ്‌ബുക്കിൽ ലൈവിലെത്തിയാണ് ഇരുവരും ഒടിയന്റെ വിശേഷങ്ങൾ പങ്ക് വച്ചത്.
കാലത്തിനപ്പുറം നിൽക്കുന്ന സംഗീതമായിരിക്കും ഒടിയനിലേതെന്നാണ് ഇരുവരും പറയുന്നത്.ഒടിയനിലെ ഗാനത്തിലൂടെ ജീവിതസ്വപ്നം യാഥാർത്ഥ്യമാവുകയാണെന്നും ചിത്രത്തിൽ അഞ്ച് ഗാനങ്ങൾ ചിട്ടപ്പെടുത്താൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ജയചന്ദ്രൻ പറഞ്ഞു. നിഗൂഢമായ ഒരു സിനിമാ പ്രപഞ്ചം തന്നെയാണ് ഒടിയനെന്നും സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യപ്രകാരമാണ് ഓരോ ഗാനങ്ങളും വ്യത്യസ്ഥമായ രീതിയിൽ തയ്യാറാക്കിയതെന്നും ജയചന്ദ്രൻ പറഞ്ഞു.
അതേസമയം നീണ്ട 36 വർഷത്തെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച ഗാനമാണ് ഒടിയനിലേതെന്ന് എം.ജി ശ്രീകുമാർ പറഞ്ഞു. ഒടിയനോടൊപ്പം സഞ്ചരിച്ചാണ് ഓരോ ഗാനവും തയ്യാറാക്കിയിരിക്കുന്നത്. ഒടിയനിൽ ഇങ്ങനെ ഒരു ഗാനം ലഭിച്ചതിൽ ജന്മം സഫലമായെന്നും എംജി ശ്രീകുമാർ പറഞ്ഞു. സംഗീത ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ഗാനം. കണ്ണീർ പുവിനെക്കാളും സൂര്യകിരീടത്തേക്കാളും മികച്ചതും വ്യത്യസതത നിറഞ്ഞതുമായ ഗാനമാണിത്''- എം.ജി ശ്രീകുമാർ പറഞ്ഞു.
30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയായും പ്രകാശ് രാജ് വില്ലൻ വേഷത്തിലുമെത്തുന്നു. 1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്. ദേശീയ അവാർഡ് ജേതാവും മാധ്യമപ്രവർത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.