പൃഥിരാജിന്റെ സംവിധാനത്തില്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ബോക്‌സോഫീസ് നിറഞ്ഞോടുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ 100 കോടി ക്ലബില്‍ ചിത്രം ഇടംനേടി. വിവിധ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ഈ സിനിമയുടെ ലോക്കേഷനുകളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തില്‍ നിറയുന്ന ഭംഗിയുള്ള കെട്ടിടങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. അതിമനോരങ്ങളായ ലോക്കേഷനുകള്‍ എതൊക്കെയായിരുന്നു എന്നു കാണാം.
ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ താമസസ്ഥലവും അഗതി മന്ദിരവുമായി വേഷമിട്ടത് ഏലപ്പാറയ്ക്കടുത്തുള്ള ചെങ്കര ബംഗ്ലാവാണ്. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഘട്ടന രംഗം ചിത്രീകരിച്ചതും ഇവിടെവച്ചാണ്. കേരളീയ ശൈലിക്കൊപ്പം കൊളോണിയല്‍ ശൈലിയും ചേര്‍ന്നതാണ് ഈ കെട്ടിടം. ചുറ്റുവരാന്തകളും ഗതകാല പ്രൗഢി വിളിച്ചോതുന്ന നടുമുറ്റവുംമെല്ലാം കെട്ടിടന്റെ പ്രത്യേകതകളാണ്.
അതേസമയം ലൂസിഫറില്‍ മോഹന്‍ലാലിന്റെ ആദ്യ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചത് കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലാണ്. പൂട്ടിക്കിടക്കുന്ന ഗോഡൗണ്‍ ആയാണ് ചിത്രത്തില്‍ കൊട്ടാരം വേഷമിട്ടത്. അമ്മച്ചിക്കൊട്ടാരത്തിനു ഏകദേശം 210 വര്‍ഷത്തോളം പഴക്കമുണ്ട്. പല സിനിമകളിലും ഈ കെട്ടിടം മുഖം കാട്ടിയിട്ടുണ്ട്. ഇന്ദ്രയം എന്ന പ്രേതസിനിമയിലും മലയാളികളെ പേടിപ്പിച്ചത് ഈ കെട്ടിടമാണ്. അടുത്ത് ഫഹദ് ഫാസിലും മംമ്തയുമെത്തിയ കാര്‍ബണിലും ഈ കൊട്ടാരം നിറഞ്ഞുനിന്നു.
തിരുവിതാംകൂര്‍ ഭരണാധികാരികളുടെ ഭാര്യമാരെ 'അമ്മച്ചി' എന്നാണ് അക്കാലങ്ങളില്‍ ബഹുമാനപൂര്‍വ്വം വിളിച്ചിരുന്നത്. ഇവര്‍ക്ക് വേനല്‍കാല വസതിയായി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. അതിനാലാണ് ഈ കൊട്ടാരം അമ്മച്ചി കൊട്ടാരമെന്നറിയപ്പെടാന്‍ തുടങ്ങിയത്. നാലുപുറവും നീളന്‍ വരാന്തയും നടുമുറ്റവും കിടപ്പുമുറിയോടു ചേര്‍ന്ന് ശുചിമുറികളും വിശാലമായ സ്വീകരണ മുറിയും ഭോജനശാലയും അടുക്കളയുമെല്ലാം രാജകീയമായി തന്നെ ഇന്നും നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും രണ്ടു ഹാളുകള്‍ മൂന്നു ശയന മുറികളും അടുക്കള കൂടാതെ രണ്ടു ഇടനാഴികളുമുണ്ട്.
തിരുവനന്തപുരമായിരുന്നു ലൂസിഫറിന്റെ പ്രധാന ലൊക്കേഷന്‍. തലസ്ഥാന നഗരിയിലെ പല പ്രമുഖ സ്ഥലങ്ങളും ചിത്രത്തിലുണ്ട്.ചിത്രത്തില്‍ രാഷ്ട്രീയ പ്രമുഖന്റെ വീടായി ചിത്രീകരിച്ചത് തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരമാണ്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ (1885 1924) ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ കൊട്ടാരം പിന്നീട് പലതവണ മിനുക്കുപണികള്‍ക്ക് വിധേയമായി. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്താണ് മ്യുസിയവും കനകകുന്ന് കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മ്യുസിയം കാണാനെത്തിന്ന പലര്‍ക്കും കൊട്ടാരത്തെപറ്റി കാര്യമായ അറിവില്ല.