മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ആരോപണത്തില്‍ ആദ്യ വിശദീകരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ വിമര്‍ശനം ഉന്നയിച്ച നടന്‍ നിവിന്‍ പോളിയാണെന്ന് പറഞ്ഞിട്ടില്ല. മറ്റുളളവര്‍ നിവിന്റെ പേര് പറയുന്നതില്‍ തനിക്കൊന്നും പറയാനില്ലെന്ന് നിവിന്‍ പോളിയുടെ പേര് മുന്‍നിര്‍ത്തിയുളള ചര്‍ച്ചകള്‍ക്ക് ലിസ്റ്റിന്‍ മറുപടി നല്‍കി. നടന്റെ പേര് പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും. നിര്‍മാതാവിന് ഫാന്‍സില്ല, പാന്‍സേയുള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു.
ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആ നടനും ടീമിലുള്ളവര്‍ക്കും അറിയാം. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയെ സമീപിക്കാനാണ് ലിസ്റ്റിന്റെ തീരുമാനം. അതേസമയം വട്ടിപ്പലിശയ്ക്ക് പണമെടുത്ത് മറിക്കുന്ന ആളാണെന്ന നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ആരോപണം ലിസ്റ്റിന്‍ തള്ളിക്കളഞ്ഞു.സാന്ദ്രയ്ക്ക് കുശുമ്പും നിരാശയുമാണ്. മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണനയിലാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
ലിസ്റ്റിനെതിരെ സാന്ദ്ര തോമസ്
ലിസ്റ്റിന്‍ നടത്തിയ ഭീഷണിപ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണെന്നും മലയാള സിനിമയുടെ സമസ്ത മേഖലകളും കൈപ്പിടിയില്‍ ഒതുക്കണമെന്ന താല്‍പര്യമാണ് പിന്നിലെന്നും സാന്ദ്ര ആരോപിച്ചു.ലിസ്റ്റിന്റെ പരാമര്‍ശം മുഴുവന്‍ നടന്മാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഇടയാക്കുന്നതാണെന്ന് സാന്ദ്ര വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സാന്ദ്രയുടെ പ്രതികരണം. 'ഇത് വ്യക്തിപരമായ പ്രമേയമല്ല. എന്നാല്‍ ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവന മലയാള സിനിമയുടെ വിശ്വാസ്യത യ്‌ക്കെതിരായുള്ളതാണ്,' സാന്ദ്ര കുറിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്വത്തില്‍ നിന്ന് ലിസ്റ്റിനെ ഉടന്‍ നീക്കണമെന്നും, പ്രാഥമിക അംഗത്വം പോലും ഒഴിവാക്കണമെന്നും സാന്ദ്ര ആവശ്യം ഉയര്‍ത്തി. വ്യക്തിപരമായ വിവേചനങ്ങളും വ്യക്തിത്വങ്ങള്‍ക്കും പുറമേ, സിനിമാ വ്യവസായം ഏവര്‍ക്കും ഒരേപോലെ സുരക്ഷിതവും മാന്യവുമായിരിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണരൂപം: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിക്കും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ? സിനിമ സംഘടനകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ പ്രധാനം സിനിമക്കകത്തു ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയില്‍ പരിഹരിക്കുക എന്നുള്ളതാണ്. എന്നാല്‍ ഇന്നലെ ഒരു പൊതുവേദിയില്‍ വെച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ ശ്രീ ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. മലയാള സിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തില്‍ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണം.
എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തില്‍ രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി ഞാന്‍ മുന്നോട്ട് പോയപ്പോള്‍ എന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാണിച്ച (കോടതിയില്‍ നിലനിന്നില്ല എങ്കില്‍പ്പോലും) പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ നേതൃത്വം ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. കൂടാതെ ഉന്നതബോഡി എന്ന നിലയില്‍ കേരളാ ഫിലിം ചേംബര്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് വന്‍തുക വാങ്ങി അവരുടെ ഏജന്റായി ലിസ്റ്റിന്‍ കൂടിയ പലിശയ്ക്ക് മലയാള സിനിമയില്‍ പണം മുടക്കുന്നുവെന്നാണ് സാന്ദ്രയുടെ ആരോപണം.വട്ടിപലിശക്കാരന്റെ താല്‍പര്യം കാരണം ഒരു നിര്‍മാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സാന്ദ്ര ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. ഇതിനിടെ വട്ടിപ്പലിശ ഏര്‍പ്പാട് ശരിയാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി.സുരേഷ്‌കുമാറും സാന്ദ്രയുടെ ആരോപണം ഗൗരവമുള്ളതെന്ന് സംവിധായകന്‍ വിനയനും പ്രതികരിച്ചു.