രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി ഒരുക്കിയ ദേവാസുരം എന്ന ചിത്രം എക്കാലത്തെയും ഒരു ക്ലാസിക് ചിത്രമായി തന്നെയാണ് അറിയപ്പെടുന്നത്. മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായി വെള്ളിത്തിരയിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചപ്പോൾ രേവതിയുടെ ഭാനുമതി എന്ന കഥാപത്രവും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ നിറഞ്ഞ് നില്ക്കുന്നു. ഇപ്പോളിതാ നീലകണ്ഠനും ഭാനുമതിയും പിറന്നതെങ്ങനെയെന്ന് യഥാർത്ഥ ഭാനുമതി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
കോഴിക്കോടുകാരനായ മുല്ലശ്ശേരി രാജുവിൽ നിന്നും അദ്ദേഹത്തിന്റെ പത്നി ലക്ഷീ രാജാഗോപാലിൽ നിന്നുമാണ് രഞ്ജിത്ത് നീലകണ്ഠനെയും ഭാനുമതിയെയും സൃഷ്ടിച്ചത്. സിനിമയ്ക്കായി ശരിക്കും തങ്ങളുടെ ജീവിതം രഞ്ജിത്ത് മോഷ്ടിക്കുകയായിരുന്നുവെന്ന് ലക്ഷീ രാജാഗോപാൽ കൗമുദി ടിവിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത് തന്നെയാണ്. അതിന്റെ എക്‌സ്ട്രാക്ട് ഞങ്ങളുടെ ലൈഫാണ്. പക്ഷേ അതിന്റെ ഉള്ളിൽ സിനിമയ്ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ വന്നിട്ടുണ്ട്. ശരിക്കും രഞ്ജിത്ത് ഇവിടെ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ കൂടെയാണ്. ബാബുരാജിന്റെ ഒറിജിനൽ ശബ്ദം കേൾക്കാനാണ് രഞ്ജിത്ത് മുല്ലശ്ശേരിയിലേക്ക് വരുന്നത്.
പിന്നീട് പലപ്പോഴായി ഗിരീഷിനൊപ്പം രഞ്ജി വന്നു തുടങ്ങി. അങ്ങനെ കുറേശ്ശെ കുറേശ്ശെയായി ഞങ്ങളുടെ ജീവിതവും രീതികളുമെല്ലാം ചികഞ്ഞു ചികഞ്ഞെടുക്കാൻ തുടങ്ങി. അങ്ങനെ ഒരുദിവസം പറഞ്ഞു ഞാനൊരു സാധനം നിങ്ങളുടെ ജീവിതത്തിൽ നിന്ന് മോഷ്ടിച്ചിട്ടുണ്ട്. എന്താന്ന് ചോദിച്ചപ്പോൾ, ദേവാസുരത്തിന്റെ സ്‌ക്രിപ്റ്റ് വായിക്കാൻ ഞങ്ങൾക്കു തരികയായിരുന്നു' ലക്ഷ്മി വ്യക്തമാക്കി.