Latest News

അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചു; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി'യ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഇളയരാജ; 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം; മൂന്ന് ഗാനങ്ങള്‍ നീക്കം ചെയ്യണം

Malayalilife
 അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചു; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി'യ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഇളയരാജ; 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം; മൂന്ന് ഗാനങ്ങള്‍ നീക്കം ചെയ്യണം

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നതിനിടെ അജിത് നായകനായ 'ഗുഡ് ബാഡ് അഗ്ലി'ക്ക് നിയമ കുരുക്ക്. അനുമതിയില്ലാതെ ചിത്രത്തില്‍ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് സിനിമയുടെ നിര്‍മാതാവിന് വക്കീല്‍ നോട്ടിസയച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ഇളയരാജ. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടിസ്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിച്ച അജിത്ത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' ഏപ്രില്‍ 5നാണ് റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. 

ജി വി പ്രകാശ് കുമാറും ദേവി ശ്രീ പ്രസാദുമാണ് ചിത്രത്തിലെ സംഗീത സംവിധായകര്‍. 'ഒത്ത രൂപ...' ( നാട്ടുപുറ പാട്ട് 1996 ), 'എന്‍ ജോഡി മഞ്ഞക്ക് കുരുവി...' ( വിക്രം 1996 ) 'ഇളമൈ ഇതോ, ഇതോ...' സകലകലാ വല്ലവന്‍ 1982 ) എന്നീ ഗാനങ്ങള്‍ തന്റെ അനുവാദമില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതിനെയാണ് ഇളയരാജ ചോദ്യം ചെയ്യുന്നത്. ചിത്രത്തിലെ മൂന്നു ഗാനങ്ങളും നീക്കം ചെയ്യാന്‍ ഏഴു ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും നിര്‍മാതാവിന് അയച്ച് വക്കീല്‍ നോട്ടിസില്‍ പറയുന്നു. ഏഴു ദിവസത്തിനുള്ളില്‍ നിരുപാധികം മാപ്പ് പറയണമെന്നും ഇളയരാജ ആവശ്യപ്പെട്ടു. 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രമായ 'മഞ്ഞുമ്മല്‍ ബോയ്സ്' നെതിരെയും ഇളയരാജ വക്കീല്‍ നോട്ടിസയച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഹിറ്റായി മാറിയ ചിത്രത്തില്‍ ഇളയരാജ സംഗീതം നല്‍കിയ 'കണ്‍മണി അന്‍പോടു കാതലന്‍' എന്ന ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീല്‍ നോട്ടിസയച്ചിരുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. 200 കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. 

വിവാദങ്ങള്‍ക്കിടയിലും ഗുഡ് ബാഡ് അഗ്ലി ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ ഏകദേശം 100 കോടി രൂപ കളക്ഷന്‍ നേടി. അജിത്തിന്റെ മുന്‍ ചിത്രമായ വിഡാമുയാര്‍ച്ചിയുടെ കളക്ഷനായ 136 കോടി രൂപയെ വെറും നാല് ദിവസത്തിനുള്ളില്‍ ഈ ചിത്രം മറികടന്നു. രസകരമായ അവതരണം, മാസ് ആക്ഷന്‍ സീക്വന്‍സുകള്‍, അജിത് കുമാര്‍, സുനില്‍, ഷൈന്‍ ടോം ചാക്കോ, തൃഷ എന്നിവരുള്‍പ്പെടെയുള്ള താരനിര എന്നിവയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി പ്രേക്ഷകര്‍ പറയുന്നത്.

legal notice good bad ugly

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES