അജിത് കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് കോമഡി ആക്ഷന്‍ ചിക്രം 'ഗുഡ് ബാഡ് അഗ്ലി'ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ 'ഗുഡ് ബാഡ് അഗ്ലി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ അജിത് ഫാന്‍സിനുള്ള പക്കാ ട്രീറ്റ് ആകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അജിത് ഉള്‍പ്പെടെയുള്ള എല്ലാ അഭിനേതാക്കളുടെയും കിടിലന്‍ പ്രകടനങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിലര്‍ റിലീസായി ഒരു മണിക്കൂറിനകം 13 ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ കണ്ടത്. തൃഷയുടെ കഥാപാത്രത്തിന്റെ ഡയലോഗിലൂടെ അജിത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മങ്കാത്തയുടെയും ബില്ലയുടെയും റഫന്‍സുകള്‍ നല്‍കിയത് ആരാധകര്‍ ഇരട്ടി സന്തോഷം പകരുന്നുണ്ട്. അജിത് പല ഗെറ്റപ്പുകളില്‍ എത്തുന്ന ടീസര്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.
പഴയ തമിഴ് ഗാനമായ ഒത റുബൈ തരേന്‍ എന്ന ഗാനത്തോടെയാണ് 'ഗുഡ് ബാഡ് അഗ്ലി'യുടെ ട്രെയിലര്‍ ആരംഭിക്കുന്നത്, ചിത്രത്തില്‍ അര്‍ജുന്‍ ദാസ് അവതരിപ്പിച്ച വില്ലനെ നമുക്ക് പരിചയപ്പെടുത്തുന്നു. പിന്നീട് ഓരോ അഭിനേതാക്കളിലൂടെയാണ് ട്രെയിലര്‍ സഞ്ചരിക്കുന്നത്. ഒടുവില്‍ സിമ്രാന്റെ അതിഥി വേഷവും നമുക്ക് കാണാം.
പ്രിയാ വാര്യര്‍, ഷൈന്‍ ടോമം ചാക്കോ തുടങ്ങി മലയാളി അഭിനേതാക്കളും ഇതില്‍ വേഷമിടുന്നുണ്ട്. ആക്ഷന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ റണ്‍ ടൈം രണ്ട് മണിക്കൂര്‍ 18 മിനിറ്റാണെന്നാണ് സൂചന. ഏപ്രില്‍ 10 നാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്.
അജിത്തിനോടൊപ്പം തൃഷ കൃഷ്ണനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസ് ആണ് കേരളത്തിലെ തിയേറ്ററുകളിലേക്ക് 'ഗുഡ് ബാഡ് അഗ്ലി' എത്തിക്കുന്നത്.
ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ജി.വി പ്രകാശാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ടി സീരിസാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് നേടിയയത്.