കുഞ്ചാക്കോ ബോബനിലൂടെ വീണ്ടും മലയാളക്കരയില്‍ ഹിറ്റ് ആയിരിക്കുകയാണ് കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനം. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെയാണ് ഈ ഗാനം വീണ്ടും ഹിറ്റ് ആകുന്നത്. പാട്ടിന് ചാക്കോച്ചന്റെ ഗംഭീര ഡാന്‍സ് കൂടിയായപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആണ് ഇപ്പോള്‍ ഈ വീഡിയോ. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. ഗാനം വീണ്ടും തരംഗമായിക്കൊണ്ടിരിക്കുമ്പോള്‍ പാട്ടിന്റെ സംഗീത സംവിധായകന്‍ പങ്ക് വച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.
സംവിധായകന്‍ ഭരതന്‍ അനുസ്മര ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോഴാണ് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ പാട്ടിനെക്കുറിച്ചും സംസാരിച്ചത്.ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ നൂറ് ശതമാനം കാരണക്കാരനായ വ്യക്തിയുടെ അനുസ്മരണച്ചടങ്ങിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ ക്ലാസിക്കുകള്‍ സ്വന്തമായിട്ടുള്ളത് ഭരതേട്ടനാണെന്നാണ് എന്റെ വിശ്വാസം.
ഭരതേട്ടനിലൂടെ 'ആരവം' എന്ന ചിത്രത്തില്‍ ഞാനും ജോണ്‍സനും സംഗീത സംവിധായകന്മാരായി. ചിത്രത്തില്‍ ഞാന്‍ വായിച്ച ഒരു ബിറ്റില്‍ ഒരു പാട്ടുണ്ടെന്ന് കണ്ടുപിടിച്ചത് ഭരതേട്ടനാണ്. അതിലൊരു പാട്ടുണ്ടെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ആ ബിറ്റില്‍ നിന്നാണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം ഉണ്ടാക്കുന്നത്.
ഭരതേട്ടന്‍ ആ പാട്ട് ജനങ്ങളുടെ മനസിലേക്ക് എത്തുന്ന രീതിയില്‍ അവതരിപ്പിച്ചു. അങ്ങനെ ജനങ്ങളുടെ മനസില്‍ നിന്ന് മായാത്തൊരു പാട്ടായതിനാലാണ് ചാക്കോച്ചന്‍ ഡാന്‍സ് ചെയ്തപ്പോള്‍ ഇഷ്ടപ്പെട്ടത്. ചാക്കോച്ചന്‍ നന്നായി ചെയ്തു. ആ പാട്ടിനെപ്പറ്റി പറയുമ്പോള്‍ എന്റെ പേര് വേണ്ട, പക്ഷേ ഭരതേട്ടന്റെ പേര് പറയണം. ചാക്കോച്ചന്‍ വളരെ ഗംഭീരമായി ചെയ്തിട്ടുണ്ട്'- ഔസേപ്പച്ചന്‍ പറഞ്ഞു.