'അനിയത്തിപ്രാവ്' റിലീസായി 29 വര്‍ഷം തികയുന്ന വേളയില്‍ തന്റെ കരിയറിലെ ഈ സുപ്രധാന നാഴികക്കല്ലില്‍, തന്നെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുനാഥന്‍ ഫാസിലിന് നന്ദി പറഞ്ഞ് താരം കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താരം തന്റെ സിനിമായാത്രയെക്കുറിച്ച് മനസ്സ് തുറന്നത്. കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധനേടുകയാണ്. ഫാസിലിനൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രമാണ് നടന്‍ പങ്കുവെച്ചത്.
കുറിപ്പിന്റെ പൂര്‍ണ രൂപം: കൂടുതല്‍ കണ്ടെത്തുക 'വര്‍ഷങ്ങള്‍ കണ്‍ചിമ്മുന്ന വേഗത്തില്‍ കടന്നുപോയി... പക്ഷേ, എന്നെ ഇന്നത്തെ 'ഞാന്‍' ആക്കി മാറ്റിയ ആ മനുഷ്യനോടുള്ള സ്‌നേഹവും ബഹുമാനവും എന്നും എന്നത്തെയും പോലെ പുതുമയോടെ, അല്ലെങ്കില്‍ അതിനേക്കാള്‍ കരുത്തോടെ എന്നിലുണ്ട് തലമുറകളായി തുടരുന്ന ഞങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട ഈ ബന്ധം തുടരുമ്പോള്‍, എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഈ ദിവസം അദ്ദേഹത്തിന്റെ അനുഗ്രഹം തേടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അനിയത്തിപ്രാവിന് 29 വര്‍ഷങ്ങള്‍ സ്‌നേഹം, സ്‌നേഹം മാത്രം. തിരശ്ശീലയ്ക്ക് അകത്തും പുറത്തും ഈ മാന്ത്രിക യാത്രയില്‍ എനിക്കൊപ്പം നിന്ന ഓരോരുത്തരോടും നന്ദി പറയുന്നു. ഈ ജീവിതം ഇത്ര മനോഹരമാക്കിയ എല്ലാ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമങ്ങള്‍ക്കും, പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക സ്‌നേഹം അറിയിക്കുന്നു!'
ഫാസിലിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഓര്‍മ്മകള്‍ പുതുക്കിയത്. കുറിപ്പിന് താഴെ ആരാധകരും സിനിമാ സുഹൃത്തുക്കളും ആശംസകളുമായി എത്തുന്നുണ്ട്. 'അനിയത്തിപ്രാവ്' തങ്ങളുടെ ജീവിതത്തിലെയും ഒരു വലിയ ഓര്‍മ്മയാണെന്നാണ് പ്രേക്ഷകര്‍ കുറിക്കുന്നത്.