മലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ അഭിലാഷ് പിളള സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. താന്‍ ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രം ' കടാവര്‍' റിലീസായിട്ട് നാല് വര്‍ഷം പൂര്‍ത്തിയായ സന്തോഷമാണ് അഭിലാഷ് പിളള പങ്കുവച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നു പകര്‍ത്തിയ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
'' ഇന്ന് കടാവര്‍ റിലീസ് ആയിട്ട് 4 വര്‍ഷം. ആദ്യ സിനിമയോട് എന്നും കുറച്ച് ഇഷ്ടം കൂടുതലാണ് കാരണം അതിന് വേണ്ടിയുള്ള 10 വര്‍ഷത്തെ ശ്രമമാണ് ജീവിതത്തിലെ എന്റെ ഏറ്റവും വലിയ എക്സ്പീരിയന്‍സ്, ഒരു സിനിമാക്കാരന്റെ ജീവിതത്തിലെ എല്ലാ സന്തോഷവും സങ്കടങ്ങളിലൂടെയും കടന്ന് പോയ സമയം, പക്ഷേ അത് എല്ലാം സഹിച്ചു വീണ്ടും വീണ്ടും ശ്രമിച്ചത് സിനിമയെന്ന ഒരൊറ്റ സ്വപ്നത്തിന് വേണ്ടിയാണ്, സിനിമയെന്ന സ്വപ്നം ഞാന്‍ നേടിയിട്ട് 4 വര്‍ഷം, ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി''.- അഭിലാഷ് പിളള കുറിച്ചു.
അഭിലാഷ് പിളളയുടെ രചനയില്‍ അനൂപ് പണിക്കര്‍ സംവിധാനം ചെയ്ത തമിഴ് ത്രില്ലര്‍ ചിത്രമാണ് ' കടാവര്‍'. അമല പോള്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ രിത്വിക, മുനിഷ്‌കാന്ത്, ത്രിഗുണ്‍, ഹരീഷ് ഉത്തമന്‍, അതുല്യ രവി എന്നിവരും അണിനിരന്നിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവും അമല പോള്‍ ആയിരുന്നു.