കന്നട സൂപ്പര്‍സ്റ്റാര്‍ യഷിനും ഭാര്യ രാധിക പണ്ഡിറ്റിനും ആണ്‍കുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യല്‍മീഡിയയിലൂടെ യഷ് ആരാധകരുമായി പങ്കുവച്ചത്. കെ.ജി.എഫ് രണ്ടാംഭാഗം ചിത്രീകരണം തുടങ്ങാനിരിക്കെയാണ് മറ്റൊരു സന്തോഷവാര്‍ത്തയുമായി താരം എത്തുന്നത്.
യഷിന്റെയും രാധികയുടെയും ആദ്യത്തെ കണ്‍മണിയായ മകള്‍ ഐറയ്ക്ക് ആറ് മാസം പ്രായമുള്ളപ്പോഴാണ് രാധിക വീണ്ടും ഗര്‍ഭിണിയായ വിവരം യഷ് ആരാധകരെ അറിയിച്ചത്. ഐറയുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെയായിരുന്നു യഷിന്റെ പ്രഖ്യാപനം.
കോലാര്‍ സ്വര്‍ണഖനിയുടെ കഥ പറഞ്ഞ കെ.ജി.എഫ് ഇന്ത്യന്‍ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പട്ടികയില്‍ ഇടം നേടിയതോടെയാണ് യഷ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറായി മാറിയത്. ഒന്നാംഭാഗത്തിന്റെ മികച്ച വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. കെ.ജി.എഫ് രണ്ടാംഭാഗത്തില്‍ സഞ്ജയ് ദത്തായിരിക്കും വില്ലനായി എത്തുക എന്ന വാര്‍ത്തയുമുണ്ട്.