അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം കൊച്ചി രവിപുരത്തെ സ്മശാനത്തില്‍ നടക്കും. കെ.ജി.ജോര്‍ജിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം. രാവിലെ 11 മണി മുതല്‍ 3 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും.
ആറുമണിക്ക് വൈഎംസിഎ ഹാളില്‍ അനുശോചന യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഗോവയില്‍ ആയിരുന്ന കെ ജി ജോര്‍ജിന്റെ ഭാര്യയും മകനും ദോഹയില്‍ നിന്ന് മകളും കഴിഞ്ഞദിവസം ഉച്ചയോടെ നാട്ടിലെത്തിയിരുന്നു.
ഈ മാസം 24ന് കാക്കനാട്ടുള്ള വയോജന കേന്ദ്രത്തില്‍ വച്ചായിരുന്നു കെ ജി ജോര്‍ജിന്റെ വിയോഗം. 77 വയസായിരുന്നു.മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉള്‍ക്കടല്‍, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.
രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെ.ജി ജോര്‍ജ്. 1970കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരില്‍ ഒരാളായാണ് ജോര്‍ജ് കണക്കാക്കപ്പെടുന്നത്.
1975 ല്‍ സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് കെ.ജി ജോര്‍ജ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഇതുള്‍പ്പെടെ 9 സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കി. 2015 ല്‍ ജെ.സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു