മൈസൂരുവില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച മാനന്തവാടി സ്വദേശിനിയും നൃത്ത അധ്യാപികയും ആയ അലീഷയുടെ വേര്‍പാടിന്റെ വേദനയിലാണ് കലാലോകം. ടിവ റിയാലിറ്റി ഷോകളിലടക്കം സജീവ സാന്നിധ്യമായി നിറഞ്ഞ് നിന്ന് കലാകാരിയാണ് വിട പറഞ്ഞ അലീഷ. കൈരളി ടിവി ഡാന്‍സ് റിയാലിറ്റി ഷോയിലും കൈരളി ക്യാംപസ് ഉത്സവ് വിന്നറും ഒക്കെയായി തിളങ്ങിയ താരം മികച്ച കൊറിയോഗ്രാഫര്‍ കൂടിയാണ്.
നൃത്ത അധ്യാപികയായ അലീഷ ഭര്‍ത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.
തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടല്‍പേട്ടില്‍ വച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മാനന്തവാടിയില്‍ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത താരം കൂടിയാണ് അലീഷ. മഴവില്‍ മനോരമയിലെ കിടിലം, ഏഷ്യാനെറ്റിലെ ഡാന്‍സ് ഷോകള്‍ എന്നിവിടങ്ങളിലെല്ലാം അലീഷയും അലീഷയുടെ നൃത്ത വിദ്യാലയത്തിലെ കുട്ടികളും സജീവമായി നിറഞ്ഞിരുന്നു.
അപകടത്തില്‍ പരുക്കേറ്റ ഭര്‍ത്താവ് ജോബിന്‍ ചികിത്സയില്‍ കഴിയുകയാണ്. മകള്‍: എലൈന എഡ്വിഗ ജോബിന്‍.