ബാലതാരമായി വെള്ളിത്തിരയില്‍ എത്തി ഇന്ന് ബോളിവുഡില്‍ അടക്കം തിളങ്ങി നില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. ഡിസംബറില്‍ ആയിരുന്നു കീര്‍ത്തി വിവാഹിതയായത്. ആന്റണി തട്ടില്‍ ആണ് കീര്‍ത്തിയുടെ ഭര്‍ത്താവ്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം കീര്‍ത്തിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടുകയാണ്. ഇതിനിടെ തന്റെ പ്രണയ കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
12ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആന്റണിയുമായുള്ള പ്രണയം ആരംഭിക്കുന്നത് എന്നാണ് കീര്‍ത്തി പറയുന്നത്. ആന്റണി തന്നേക്കാള്‍ ഏഴ് വയസ് മൂത്തതാണെന്നും ആറ് വര്‍ഷത്തെ ലോങ് ഡിസ്റ്റന്റ് പ്രണയത്തിന് ശേഷം കോവിഡ് കാലത്ത് ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി എന്നുമാണ് താരം പറയുന്നത്.
'ഞങ്ങള്‍ മ്യൂച്വല്‍ ഫാമിലി ഫ്രണ്ട്‌സ് ആണ്. അന്ന് ഓര്‍ക്കൂട്ടിലൂടെയായിരുന്നു സംസാരം. ആന്റണിയുമായി അടുക്കാന്‍ ശ്രമിച്ചത് ഞാന്‍ തന്നെയായിരുന്നു. ഒരുമാസത്തോളം ഞങ്ങള്‍ ചാറ്റ് ചെയ്തു. കൊച്ചിയിലെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്. എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാനുള്ള സിറ്റുവേഷന്‍ ആയിരുന്നില്ല. തിരികെ പോകുമ്പോള്‍ ആന്റണിയെ നോക്കി ഞാന്‍ കണ്ണിറുക്കി. പിറ്റേദിവസം ഒരു മാളില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു. പിന്നീട് ധൈര്യമുണ്ടെങ്കില്‍ എന്നെ പ്രപ്പോസ് ചെയ്യെന്ന് ആന്റണിയോട് പറയുകയായിരുന്നു. ആ വര്‍ഷം ന്യൂയറില്‍ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാന്‍ യെസും പറഞ്ഞു. 2010ല്‍ ആയിരുന്നു ഇത്', എന്ന് കീര്‍ത്തി പറയുന്നു. ഗാലാട്ട ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ആയിരുന്നു കീര്‍ത്തിയുടെ വെളിപ്പെടുത്തല്‍.
'2016ലാണ് കാര്യങ്ങള്‍ കുറച്ചു കൂടി സീരിയസ് ആയത്. പിന്നാലെ ഞങ്ങള്‍ പ്രോമിസിംഗ് റിംഗ് കൈമാറി. എന്റെ നിരവധി സിനിമകളില്‍ ആ മോതിരം കാണാനാകും. കൊവിഡ് സമയത്താണ് ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. അതുവരെ വിശേഷ ദിവസങ്ങളില്‍ കാണാന്‍ വരലും പോകലുമായിരുന്നു. കൊവിഡ് വേളയില്‍ ഇത് നമ്മുടെ ഇടമാണ് നമുക്ക് ഒന്നിച്ച് താമസിക്കാമെന്ന് തീരുമാനിച്ചു. ഒരുമിച്ച് ഒരുപാട് കാലം ഒപ്പം ഉണ്ടായിരുന്നതിനാല്‍ പരസ്പരം പ്രശ്‌നങ്ങളൊന്നും ഇല്ല. അദ്ദേഹത്തെ കിട്ടിയത് എന്റെ ഭാഗ്യം', എന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.
ഒളിച്ചോടി പോകേണ്ടിവരുമോ എന്ന് തനിക്കും ആന്റണിയ്ക്കും പേടിയുണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. 'വിവാഹം എന്ന് പറയുന്നത് ഞങ്ങള്‍ ശരിക്ക് സ്വപ്നം തന്നെയായിരുന്നു. കാരണം ഒളിച്ചോടി പോകുന്നതിനെക്കുറിച്ച് ഞങ്ങള്‍ ദുഃസ്വപ്നം കണ്ടിരുന്നു. എന്റെ ഹൃദയം നിറഞ്ഞു. ഞങ്ങള്‍ക്ക് വളരെ വൈകാരികമായ നിമിഷമായിരുന്നു അത്. ഞങ്ങള്‍ എന്നും ആഗ്രഹിച്ചത് ഇതിനായാണ്. 12ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ പ്രണയം തുടങ്ങുന്നത്. അദ്ദേഹത്തിന് എന്നേക്കാള്‍ 7 വയസ് കൂടുതലാണ്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. ആറ് വര്‍ഷം ലോങ് ഡിസ്റ്റന്റ് റിലേഷന്‍ഷിപ്പിലായിരുന്നു. കോവിഡ് കാലത്താണ് ഞങ്ങള്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്. എന്നെ കിട്ടിയതില്‍ ഈ മനുഷ്യനാണ് ഭാഗ്യവാന്‍ എന്ന് ആരെങ്കിലും ചിന്തിക്കുണ്ടെങ്കില്‍ ശരിക്ക് ഞാനാണ് ഭാഗ്യവതി.'- കീര്‍ത്തി പറഞ്ഞു.
2024 ഡിസംബര്‍ 12ന് ആയിരുന്നു കീര്‍ത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. ?ഗാവയില്‍ വച്ച് ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവും ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹത്തിന് ശേഷം തന്റെ ഏറ്റവും പുതിയ ചിത്രമായ ബേബി ജോണിന്റെ പ്രമോഷന്‍ പരിപാടികളില്‍ കീര്‍ത്തി സജീവമാവുകയും ചെയ്തു.ഇതിനായി വരുണ്‍ ധവാനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട കീര്‍ത്തി തന്റെ കഴുത്തിലെ ചരട് മറച്ചുവച്ചില്ല. ആന്റണി ചാര്‍ത്തിയ മഞ്ഞച്ചരട് കഴുത്തിലണിഞ്ഞാണ് മോഡേണ്‍ വസ്ത്രം ധരിച്ചപ്പോഴും കീര്‍ത്തിയെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയും ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഏഴ് ദിവസത്തിന് ശേഷം മാറ്റാമെന്നിരിക്കെ എന്തുകൊണ്ട് മഞ്ഞച്ചരട് അണിഞ്ഞുതന്നെ എത്തിയതെന്നതിന് അഭിമുഖത്തില്‍ മറുപടി നല്‍കി.
എല്ലാ പ്രമോഷനും മഞ്ഞച്ചരട് അണിഞ്ഞ് ഞാനെത്തിയതിന് ഒരു കാരണമുണ്ടായിരുന്നു. വളരെ പരിശുദ്ധവും പാവനവുമായി കരുതുന്ന ആ ചരട് കഴുത്തില്‍ നിന്ന് മാറ്റാന്‍ പാടില്ലായിരുന്നു. വിവാഹം കഴിഞ്ഞ് നിശ്ചിത ദിവസത്തിന് ശേഷമേ മഞ്ഞച്ചരട് മാറ്റി സ്വര്‍ണമാല അണിയാന്‍ പാടുകയുള്ളൂ. എന്നാല്‍ ഇതിനായി സമയം നോക്കിയപ്പോള്‍ ജനുവരി അവസാനത്തോടെയാണ് തീയതി ലഭിച്ചത്. ആദ്യത്തെ 7/10 ദിവസത്തിനുള്ളില്‍ ഡേറ്റ് ലഭിക്കാതെ വന്നതിനാല്‍ മഞ്ഞച്ചരട് അണിഞ്ഞുകൊണ്ടുതന്നെ പൊതുവേദിയില്‍ എത്താമെന്ന് ഞാന്‍ തീരുമാനിച്ചു. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഈ ചരട് നെഞ്ചോട് ചേര്‍ന്നുതന്നെ കിടക്കുന്നത്. പിന്നെ, ഇതണിയുമ്പോള്‍ ഞാന്‍ കൂടുതല്‍ സുന്ദരിയാണെന്നും എനിക്ക് തോന്നി'' - കീര്‍ത്തി മറുപടി നല്‍കി.
സിനിമാ മേഖലയില്‍ കല്യാണി പ്രിയദര്‍ശന്‍, ഐശ്വര്യ ലക്ഷ്മി പോലെ വളരെ കുറച്ച് പേര്‍ക്കേ എന്റെയും ആന്റണിയുടെയും പ്രണയത്തെ കുറിച്ച് അറിയുമായിരുന്നുള്ളു. എന്റെ കരിയറിനെ വളരെയധികം പിന്തുണച്ചിട്ടുണ്ട് ആന്റണിയെന്നും മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ തട്ടിലിന് മടിയായിരുന്നു, ഞങ്ങള്‍ കൈപിടിച്ച് നടക്കാറില്ലെന്നും കീര്‍ത്തി പറഞ്ഞു.എന്നാല്‍ ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ സ്വകാര്യത നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്നു.' താരം പറഞ്ഞു.
2017 ല്‍ അടുത്ത സുഹൃത്ത് ജഗ്ദിഷ് ഞങ്ങളെ ബാങ്കോക്കിലേക്ക് കൊണ്ട് പോയി. അതുവരെയും ഞങ്ങള്‍ ഒരുമിച്ച് വിദേശ യാത്ര നടത്തിയിരുന്നില്ല. ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഒരു കൂട്ടം സുഹൃത്തുക്കള്‍ ഉണ്ടാകും. കപ്പിള്‍ ട്രിപ്പിനേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം അതാണ്. ഒപ്പം സ്വകാര്യതയും സുരക്ഷിതത്വവും ഉണ്ടാകും. 13 വര്‍ഷം ഡേറ്റ് ചെയ്ത ശേഷം രണ്ട് വര്‍ഷം മുമ്പാണ് ഞങ്ങള്‍ ആദ്യമായി സോളോ ട്രിപ്പ് പോയത്. രണ്ട് മൂന്ന് ദിവസം മാത്രമായിരുന്നു ആ യാത്ര. പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.ഇന്ന് ആലോചിക്കുമ്പോള്‍ പ്രണയം പുറത്താരും കണ്ട് പിടിച്ചില്ലല്ലോ എന്ന് അത്ഭുതപ്പെടാറുണ്ടെന്നും കീര്‍ത്തി പറയുന്നു.
താലി ചാര്‍ത്തിയ നിമഷം കണ്ണു നിറയാനുണ്ടായ കാരണവും നടി വെളിപ്പെടുത്തി. ആന്റണി താലി ചാര്‍ത്തിയപ്പോള്‍ പശ്ചാത്തലത്തില്‍ നാദസ്വരം വായിച്ചിരുന്നു. അതിനുശേഷം സുഹൃത്തുക്കളിലൊരാള്‍ ടു സ്റ്റേറ്റ്‌സ് എന്ന ചിത്രത്തിലെ ഒരു ഗാനം വച്ചു. ആ പാട്ടാണ് തന്റെ കണ്ണു നിറയിച്ചതെന്ന് കീര്‍ത്തി സുരേഷ് പറയുന്നു.
താലി ചാര്‍ത്തുന്ന നിമിഷം വളരെ വൈകാരികമായിരുന്നു. ആ നിമിഷം ഞങ്ങള്‍ ഒരുപാട് ആഗ്രഹിച്ചതാണ്. അദ്ദേഹത്തിന്റെ കണ്ണിലുമുണ്ട് ചെറിയൊരു കണ്ണുനീര്‍ തിളക്കം. ഫോട്ടോയില്‍ അതു കാണാനാകില്ല. വിവാഹത്തിന്റെ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ തന്നെ ഞാന്‍ ഇങ്ങനെയാകും ഇരിക്കുക, അദ്ദേഹം എന്റെ കഴുത്തില്‍ ഇങ്ങനെയാകും താലി ചാര്‍ത്തുക എന്നൊക്കെ ചിന്തിക്കുമല്ലോ. പക്ഷേ, അതു യഥാര്‍ഥത്തില്‍ നടന്നപ്പോള്‍, ശരിക്കും വേറെ ഒരു അനുഭവമായിരുന്നു. ആ ചിത്രത്തില്‍ കാണുന്നത് അത്രയും കാലത്തെ ഞങ്ങളുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ്. അത് ഒടുവില്‍ സംഭവിച്ചുവെന്നും നടി പറയുന്നു
താലി ചാര്‍ത്തിയപ്പോള്‍ നാദസ്വരം വായിക്കുമല്ലോ. അതിനുശേഷം പെട്ടെന്നു തന്നെ ടു സ്റ്റേറ്റ്‌സ് എന്ന സിനിമയിലെ ഒരു ഗാനം പ്ലേ ചെയ്തു. ഉള്ളം പാടും പാടല്‍ എന്നു തുടങ്ങുന്ന ഗാനം. ആ ഗാനമാണ് ഈ ചിത്രത്തിനൊപ്പം ഞാന്‍ പോസ്റ്റ് ചെയ്തത്. ആ ഗാനം എന്നെ സംബന്ധിച്ചിടത്തോളം വൈകാരികമാണ്. വിവാഹത്തെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ ഈ പാട്ടാണ് മനസ്സില്‍ വരിക. അതു കേള്‍ക്കുമ്പോഴൊക്കെ കണ്ണു നിറയാറുണ്ട്.
താലി കെട്ടുന്ന സമയത്ത് നാദസ്വരം വായിച്ചതിനു ശേഷം അവര്‍ ഈ പാട്ടു വച്ചു. അപ്പോഴാണ് എന്റെ കണ്ണു നിറഞ്ഞു പോയത്. ആ പാട്ടിന്റെ വരികള്‍ ഏറെ വൈകാരികമാണ്. അതു തമിഴിലുമാണ്. അതുകൊണ്ടു തന്നെ അതുമായി പെട്ടെന്നൊരു കണക്ട് തോന്നും. ഞാന്‍ മാത്രമല്ല, ഞങ്ങളെക്കുറിച്ച് അറിയുന്ന എല്ലാവരും വികാരഭരിതരായിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ അപ്പോള്‍ കരഞ്ഞിട്ടുണ്ടാകും. ആന്റണി താലി കെട്ടിയതിനുശേഷം ഞാന്‍ നോക്കുമ്പോള്‍ എന്റെ ചുറ്റും നില്‍ക്കുന്നവര്‍ കരയുന്നു. എന്റെ കരച്ചില്‍ കഴിഞ്ഞു. നിങ്ങളും അവസാനിപ്പിക്കൂ എന്നു പറയാനാണ് തോന്നിയത്. സത്യത്തില്‍ അവര്‍ക്കും ഞങ്ങളുടെ വിവാഹം ഏറെ സ്‌പെഷല്‍ ആയിരുന്നു,കീര്‍ത്തി പറഞ്ഞു.