നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ. നിവൻ പോളി കൊച്ചുണ്ണിയായെത്തുമ്പോൾ കൂട്ടുകാരനായ ഇത്തിക്കരപ്പക്കിയായി മോഹൻലാൽ എത്തുവെന്നതുകൊണ്ട് തന്നെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും ഏറുകയാണ്. ഓണം റിലീസായി എത്തുന്ന ചിത്രത്തിന് ഇപ്പോൾ തന്നെ പ്രൊമോഷൻ വർക്കുകൾ തുടങ്ങിക്കഴിഞ്ഞെന്നാണ് സൂചന.
ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾ വളരെ മികച്ച രീതിയിലാണ് അണിയറ പ്രവർത്തകർ കൈകാര്യം ചെയ്യുന്നത്. റിലീസിന് ഒരു മാസം ബാക്കി നിൽക്കെ കേരളക്കരയാകെ കൊച്ചുണ്ണി മയം തന്നെയാണ്. കുതിരവണ്ടി മുതൽ ബസുകളിലും ഷോപ്പിങ് മാളുകളിലും എന്തിന് അധികം ട്രെയിനുകളിലും വരെ ചിത്രത്തിന്റെ വലിയ പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത് കാണാൻ സാധിക്കും. മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫുൾ സൈസിലാണ് പത്രങ്ങളിൽ കൊടുത്തതും ഏറെ ശ്ര്‌ദ്ധേയമായിരുന്നു.
ആക്ഷൻ, റൊമാൻസ്, എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു മാസ്സ് എന്റർട്ടയിനറായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഷാരുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസ് ആദ്യനായി വി. എഫ്.എക്സ് വർക്കുകൾ കൈകാര്യം ചെയ്ത മലയാള ചിത്രം കൂടിയാണിത്. 45 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായി എത്തുന്ന മോഹൻലാലിന്റെ ആക്ഷൻ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ബോബിസഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീർ കരമന, മണികണ്ഠൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിനായി ബിനോദ് പ്രധാൻ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിർവ്വഹിക്കുന്നു.
ചിത്രകരണം പൂർത്തിയാക്കിയ കായംകുളം കൊച്ചുണ്ണി ഓഗസ്റ്റ് 18നാണ് റിലീസ് ചെയ്യുന്നത്. കേരളത്തിൽ മാത്രമായി 300 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തെുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിഷ്വൽ എഫ്ക്ട്സിനു പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും.