റോഷൻ ആൻഡ്രൂസ് സംവിധാനം ചെ്‌യ്ത് നിവിൻ പോളി നായകനായി മോഹൻലാൽ അതിഥി താരമായി എത്തുന്ന ചരിത്ര സിനിമ കായംകുളം കൊച്ചുണ്ണി. റിലീസിനൊരുങ്ങകയാണ്. കായംകുളം കൊച്ചുണ്ണിയുടെ അണിയറ കഥകളും ലൊക്കേഷൻ വിശേഷങ്ങളും ഒരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ മാത്രമായി ചിത്രം 300 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തുമെന്നാണ് അറിയുന്നത്. വിഷ്വൽ എഫക്ട്സിനും പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം പ്രേക്ഷകര്ക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും നൽകുക. എന്നാൽ സിനിമയെ വെല്ലുന്ന സാഹസിക രംഗങ്ങളിലൂടെയാണ് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ് കടന്നുപോയതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകനായ റോഷൻ ആൻഡ്രൂസ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആണ് ചിത്രത്തി്‌ന്റെ ഷൂ്ട്ടിങ് സമയത്ത് സംഭവിച്ച സാഹസിക വെല്ലുവിളികളെ പറ്റി റോഷൻ ആൻഡ്രൂസ് പങ്ക് വച്ചത്.
ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ചിത്രത്തിൽ ലൊക്കേഷൻ തന്നെയാണ് പ്രധാന ഹൈലൈറ്റ്. 1830 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. ശ്രീലങ്കയിലെ ഷൂട്ടിംഗിനിടെ വില്ലനായെത്തിയത് മുതലകളായിരുന്നുവെന്നും സംവിധായകൻ ഓർക്കുന്നു. ശീലങ്കയിലെ പ്രധാന ലൊക്കേഷനുകളുലൊന്നായ തടാകം ഒറ്റ നോട്ടത്തിൽ തന്നെ എല്ലാവർക്കും ഇഷ്ടമാകുകയായിരുന്നു. ഷൂട്ടിങ് തീരുമാനിച്ചപ്പോഴാണ് തടാകത്തിൽ 300ലേറെ മുതലകളുണ്ടെന്ന് അറിയുന്നത്. ഒടുവിൽ യൂണിറ്റിലെ ചിലർ വെള്ളത്തിലിറങ്ങി നിന്ന ഉച്ചത്തിൽ ശബ്ദമുണ്ടാക്കി മുതലകളെ അകറ്റി നിർത്തുകയായിരുന്നു വെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.'എന്നിട്ടും അഞ്ച് മുതലകൾ ഷൂട്ടിംഗിനിടെ ആക്രമിക്കാനായി പാഞ്ഞടുത്തിരുന്നു.'
മംഗലാപുരത്തെ കടാപ്പ വനത്തിൽ ചിത്രീകരണം നടക്കുന്നതിനിടെ ചിത്രത്തിലെ സാങ്കേതിക വിദഗ്ദ്ധരിലൊരാൾക്ക് പാമ്പ് കടിയേറ്റു. കൊടിയ വിഷമുള്ള നിരവധി പാമ്പുകളുടെ അധിവാസ കേന്ദ്രമാണ് കടാപ്പ ഇവിടെത്തെ ഷൂട്ടിങും അപകടം നിറഞ്ഞതായിരുന്നു.
കൂടാതെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നിവിൻ പോളിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. അഞ്ച് ദിവസത്തെ വിശ്രമത്തിനു ശേഷം നിവിൻ തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ മേലേക്ക് കാളവണ്ടി മറിഞ്ഞുവീണത്. തലനാരിഴക്കാണ് നിവിൻ രക്ഷപ്പെട്ടതെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.
കായംകുളം കൊച്ചുണ്ണിയെന്ന വീരനായകന്റെ കഥ പറയുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി'യിൽ കള്ളനായ കൊച്ചുണ്ണിയായി നിവിൻ പോളി എത്തുമ്പോൾ ഇത്തിക്കരപക്കിയായി മോഹൻലാലാണ് അഭിനയിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീർ കരമന, മണികണ്ഠൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിനായി ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിർവ്വഹിച്ചിരിക്കുന്നത്.